Monday, January 21, 2013

20 ബാര്‍ ലൈസന്‍സിയെ മാറ്റിയത് ചട്ടം ലംഘിച്ച്


സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ 20 ബാറുകളുടെ ലൈസന്‍സ് നിലവിലുള്ള ആളില്‍നിന്ന് മാറ്റി നല്‍കി. 30 ബാര്‍ ഹോട്ടലുകളില്‍ പുതിയ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്താനും എക്സൈസ് വകുപ്പിന്റെ അനുമതി. നിലവിലുള്ള ചട്ടം ലംഘിച്ചാണ് പല അപേക്ഷകളിലും എക്സൈസ് വകുപ്പ് നടപടി എടുത്തത്. ബാര്‍ ലൈസന്‍സ് കൂട്ടത്തോടെ അനുവദിച്ചതിനു പിന്നാലെയാണ് പുതിയ വിവാദം. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാര്‍ ലൈസന്‍സുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കിയത്. ഒമ്പത് ലൈസന്‍സ് ഉടമകളെ തൃശൂരില്‍ മാറ്റി. എക്സൈസ് മന്ത്രിയുടെ ജില്ലയായ എറണാകുളത്ത് മൂന്ന് ബാര്‍ ലൈസന്‍സിയുടെ പേര് മാറ്റി. 14 ബാര്‍ ഹോട്ടലുകളില്‍ ഇവിടെ പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 11 പുതിയ ബാര്‍ ലൈസന്‍സ് എറണാകുളത്ത് അനുവദിച്ചു. പുതിയ ബാറിനുള്ള പത്ത് അപേക്ഷ എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. കോട്ടയം ജില്ലയില്‍ മൂന്നും കൊല്ലം, തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ ഓരോ ലൈസന്‍സ് വീതവും മാറ്റി നല്‍കി. പുതിയ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്തിയശേഷം ലൈസന്‍സിയെ മാറ്റുകയാണ് എക്സൈസ് വകുപ്പിന്റെ തന്ത്രം. പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്താന്‍ 20 ലക്ഷം രൂപ അടച്ചാല്‍ മതിയാകും. പുതിയ ബാര്‍ ലൈസന്‍സിന് 22 ലക്ഷം രൂപയാണ് ഫീസ് ഒടുക്കേണ്ടത്. ലൈസന്‍സ് ഫീസ് ഇനത്തില്‍ രണ്ട് ലക്ഷം രൂപ ലാഭിക്കാമെന്നതിന് പുറമെ പുതിയ ലൈസന്‍സ് കരസ്ഥമാക്കുന്നതിനുള്ള കടമ്പകള്‍ ഒഴിവാക്കാനുമാകും. ഒരാളെ പാര്‍ട്ണര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് രണ്ടു ലക്ഷം രൂപയും അതിന് താഴെയുള്ളവയ്ക്ക് ഒരു ലക്ഷം രൂപയുമാണ് ഫീസ്. രണ്ടു ലക്ഷം രൂപ അടച്ച് ഒരാളെ ഒഴിവാക്കി പുതിയ പാര്‍ട്ണറെ ഉള്‍പ്പെടുത്താന്‍ എക്സൈസ് വകുപ്പിന്റെ ഒത്താശയും ലഭിക്കും. ലൈസന്‍സ് പേരുമാറ്റുന്നതിന് നല്‍കിയ അപേക്ഷകര്‍ക്കെല്ലാം ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഭൂരിപക്ഷം ലൈസന്‍സുകളിലും പേരുമാറ്റം അനുവദിച്ചത്. ത്രീ സ്റ്റാറിനും അതിന് മുകളിലും പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുമെന്നാണ് വ്യവസ്ഥ. ഇത് ഫോര്‍ സ്റ്റാര്‍ പദവിയാക്കി മാറ്റിയെങ്കിലും ഹൈക്കോടതി റദ്ദാക്കി. ഇതേത്തുടര്‍ന്നാണ് വീണ്ടും പഴയ പടി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാല്‍, പ്രവര്‍ത്തനസ്ഥലം മാറ്റുന്നതിനും പേരുമാറ്റുന്നതിനും ഈ വ്യവസ്ഥ ബാധകമാക്കിയില്ല. പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ഇടനിലക്കാരായി രംഗത്ത് എത്തിയവര്‍തന്നെ ഈ ഇടപാടിലും രംഗത്തിറങ്ങി. പേരുമാറ്റാനും പുതിയ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്താനും അഞ്ച് ലക്ഷം രൂപ നിരക്കിലാണ് എക്സൈസ് ഉന്നതന് നല്‍കിയത്. ലൈസന്‍സിയെ മാറ്റാനും പുതിയ പാര്‍ട്ണര്‍മാരെ ചേര്‍ക്കാനും അനുമതിക്കായുള്ള നിരവധി അപേക്ഷകള്‍ എക്സൈസ് കമീഷണറുടെ പരിഗണനയിലാണ്. വിലപേശല്‍ പൂര്‍ത്തിയായശേഷമേ ഇതിന്മേല്‍ ഉത്തരവ് പുറപ്പെടുവിക്കൂ.
(കെ ശ്രീകണ്ഠന്‍)

deshabhimani 210113

No comments:

Post a Comment