Monday, January 21, 2013
സപ്ലൈ ഓഫീസര്‍ നിയമനത്തിന് ലേലം വിളി; കോഴ 8 ലക്ഷം
ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പില്‍ 12 താലൂക്ക് സപ്ലൈ ഓഫീസര്‍(ടിഎസ്ഒ)മാരുടെ നിയമനത്തിന് ലേലംവിളി. ഇതിനായി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാനുള്ള ഫയല്‍ പൂഴ്ത്തി. അസം കേഡറിലുള്ള ഐഎഎസ് ഓഫീസറായ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭരണവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഫയല്‍ കൈമാറിയിട്ടില്ല. മന്ത്രി ഓഫീസില്‍ നിന്നുള്ള സമ്മര്‍ദമാണ് ഫയല്‍ നല്‍കാത്തതിനുപിന്നിലെന്ന് അറിയുന്നു. നവംബര്‍ 30ന് 12 ടിഎസ്ഒമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് തസ്തികകള്‍ ഒഴിഞ്ഞത്. അസിസ്റ്റന്റ് ടിഎസ്ഒമാര്‍ക്ക് ഇതിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുളള ഫയല്‍ പിറ്റേന്നുതന്നെ സെക്ഷനില്‍നിന്ന് തയ്യാറാക്കി അയച്ചു. എന്നാല്‍, ഡയറക്ടര്‍ക്ക് ഫയല്‍ കൈമാറാതെ ലേലംവിളിക്ക് അവസരമൊരുക്കി. എട്ടുലക്ഷം രൂപ കോഴ നല്‍കിയാലേ സ്ഥാനക്കയറ്റം ലഭിക്കൂ. അഞ്ചു ലക്ഷമായിരുന്ന കോഴ ഒറ്റയടിക്ക് എട്ടാക്കുകയായിരുന്നു. 2009ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എപിഎല്‍ കാര്‍ഡുകാര്‍ക്ക് ആറുമാസത്തേക്ക് സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതുമൂലം, മാസപ്പടി ഉയരുമെന്നും ചൂണ്ടിക്കാട്ടിയാണ് കോഴ ഉയര്‍ത്തിയത്. പുതിയ നിരക്കില്‍ കോഴ നല്‍കാന്‍ ആറുപേര്‍ തയ്യാറായിട്ടുണ്ട്. അവശേഷിക്കുന്നവര്‍കൂടി എത്തിയാലേ ഉത്തരവിറങ്ങൂ. മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ശുപാര്‍ശ പ്രകാരം പേഴ്സണല്‍ സ്റ്റാഫിലെത്തിയ ഉദ്യോഗസ്ഥനാണ് ഇടനിലക്കാരനെന്നും അറിയുന്നു.
എട്ടുലക്ഷം രൂപയാണ് കുറഞ്ഞ നിരക്കെങ്കിലും ഇഷ്ടസ്ഥലം കിട്ടാന്‍ കൂടുതല്‍ തുക നല്‍കണം. റേഷന്‍കടകളുടെയും വിതരണക്കാരുടെയും എണ്ണം കൂടുതലുള്ള താലൂക്കുകള്‍ക്കാണ് ഉയര്‍ന്ന നിരക്ക്. നെയ്യാറ്റിന്‍കര, തലപ്പിള്ളി, മുകുന്ദപുരം, തൃശൂര്‍, തിരൂര്‍, തലശേരി, കൊല്ലം, പത്തനംതിട്ട, കൊട്ടാരക്കര, പത്തനാപുരം, മൂന്നാര്‍, തൊടുപുഴ, വടക്കന്‍ പറവൂര്‍ തുടങ്ങിയവയാണ് നിരക്ക് കൂടിയ താലൂക്കുകള്‍. ടിഎസ്ഒ നിയമനത്തിനുപുറമെ ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ ആസന്നമായ പ്രൊമോഷനുവേണ്ടിയും ലേലംവിളി നടക്കുന്നു. ഒരു ജില്ലയില്‍ ഈ മാസവും രണ്ടിടത്ത് അടുത്ത മാസവും ഒഴിവുണ്ടാകും. ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നല്‍കാമെന്ന വ്യവസ്ഥയില്‍ മറ്റു ജില്ലകളിലേക്കും ലേലംവിളി നടക്കുന്നു. പത്തുലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ജില്ലാ സപ്ലൈ ഓഫീസര്‍ തസ്തികയിലെ നിരക്ക്. തൃശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്കാണ് കൂടുതല്‍ തുക. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ തസ്തികയിലേക്കുള്ള സ്ഥലംമാറ്റത്തിന് ഒരു ലക്ഷം രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരം ജില്ലയിലെ രണ്ട് ഉദ്യോഗസ്ഥരാണ് തെക്കന്‍മേഖലയില്‍ ഇതിന്റെ ഇടനിലക്കാര്‍.
(ആര്‍ സാംബന്‍)
deshabhimani 210113
Labels:
അഴിമതി,
പൊതുവിതരണം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment