കാക്കനാട്: പ്രത്യേക ഉത്തരവിലൂടെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് സ്വന്തക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചത് വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരുന്ന 3000 ജീവനക്കാരെ മറികടന്ന്. വളഞ്ഞവഴിയിലൂടെ ക്വാര്‍ട്ടേഴ്സില്‍ കയറിക്കൂടിയവരില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പാചകക്കാരനും ഉള്‍പ്പെടും. പ്രത്യേക ഉത്തരവുവഴി 116 ക്വാര്‍ട്ടേഴ്സുകളാണ് പൊതുമരാമത്ത്മന്ത്രി സ്വന്തക്കാര്‍ക്കു നല്‍കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ക്വാര്‍ട്ടേഴ്സ് അനുവദിക്കാന്‍ കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന അധികാരമാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പൊതുമരാമത്ത്വകുപ്പ് ഏറ്റെടുത്തത്. ജില്ലയില്‍ 1999 മുതലുള്ള അപേക്ഷകള്‍ നിലവിലുള്ളപ്പോഴാണ് സ്വന്തം പാര്‍ടിക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചത്. ക്വാര്‍ട്ടേഴ്സുകള്‍ അനുവദിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരനെതിരെ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. പൊതുമരാമത്തു വകുപ്പില്‍നിന്ന് ക്വാര്‍ട്ടേസുകള്‍ അനുവദിക്കാന്‍ ഇടനിലക്കാരനായിനിന്നയാള്‍ 50,000 രൂപവരെ ഓരോരുത്തരില്‍നിന്നുമായി കൈപ്പറ്റി. കൂടുതല്‍ അന്വേഷണം നടന്നാല്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവരും.
പൊതുമരാമത്ത് മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ പാചകക്കാരനായ ജീവനക്കാരന് ആലുവയിലെ വിലാസത്തില്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിലെ ഫ്ളാറ്റ് നല്‍കിയതും വിവാദമായി. കാക്കനാട് മാത്രം 370 ക്വാര്‍ട്ടേഴ്സുകളുള്ളതില്‍ 220ലും കോടതിജീവനക്കാരുടെ കുടുംബമാണ് താമസിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായി ഇവിടെ താമസിക്കുന്നവര്‍ 150 മാത്രം. ഇതില്‍ 116 പേര്‍ക്ക് ക്വാര്‍ട്ടേഴ്സ് കിട്ടിയത് പ്രത്യേക ഉത്തരവിലൂടെ. കലക്ടര്‍ ഒപ്പിട്ട് അനുവദിച്ചത് 78 പേര്‍ക്കു മാത്രമാണ്. ഒരേ ക്വാര്‍ട്ടേഴ്സുകള്‍ പലര്‍ക്കായാണ് പ്രത്യേക ഉത്തരവുവഴി വന്നത്. ഇക്കാരണത്താല്‍ ഇവ നല്‍കാന്‍ കലക്ടര്‍ ശ്രമിച്ചിട്ടുമില്ല. വികലാംഗരായ ജീവനക്കാരും വിധവകളും ഭര്‍ത്താക്കന്മാര്‍ അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ചെയ്യുന്നവരും അപേക്ഷകരായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് മന്ത്രിയുടെ പ്രത്യേക ഉത്തരവ് വരുന്നത്. ജില്ലയില്‍ ആലുവയിലും പെരുമ്പാവൂരിലും 45 ക്വാര്‍ട്ടേഴ്സുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിട്ടുള്ളത്. സ്പെഷ്യല്‍ ഉത്തരവുപ്രകാരം ക്വാര്‍ട്ടേഴ്സുകള്‍ അനുവദിക്കുന്നവര്‍ പൊതുമരാമത്തുവകുപ്പിനെ സ്വാധീനിച്ച് വയറിങ്, പ്ലമ്പിങ്, ടൈല്‍സ് വിരിക്കല്‍, എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കല്‍ തുടങ്ങിയവ നടത്തുകയാണ്.
(വി ടി ശിവന്‍)
deshabhimani 220113
No comments:
Post a Comment