Tuesday, January 22, 2013

സാമുദായികസംഘടനകള്‍ ജനാധിപത്യത്തിലെ ക്യാന്‍സര്‍: ഡിവൈഎഫ്ഐ


ജാതിഭ്രാന്തിനെതിരെ ജാഗ്രതയേകി യുവജനപ്രവാഹം

തൃശൂര്‍: സാമുദായിക സംഘടനകളും നേതാക്കളും സൃഷ്ടിക്കുന്ന ചേരിതിരിവിനും ജാതിസ്പര്‍ധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രയാണം തുടരുന്നു. നവോത്ഥാന, തൊഴിലാളിവര്‍ഗ പോരാട്ടങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ വര്‍ഗീയശക്തികള്‍ തകര്‍ത്തെറിയുന്നത് തുറന്നുകാട്ടുന്ന യുവജനപ്രയാണത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി നടത്തുന്ന മാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നു.

സാംസ്കാരിക ജില്ലയില്‍ മൂന്നാം ദിവസവും യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല വരവേല്‍പ്പ് നല്‍കി. വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ശത്രുവര്‍ഗം അരുംകൊല ചെയ്ത അഴീക്കോടനും കെ ആര്‍ തോമസും ഇ കെ ബാലനും ആര്‍ കെ കൊച്ചനിയനും രക്തസാക്ഷിത്വം കൊണ്ട് ചുവപ്പിച്ച തൃശൂരില്‍ നിന്നാണ് യുവജനസേനയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിച്ച മാര്‍ച്ചിനെ ശുഭ്രപതാകകളുമേന്തി നൂറുകണകണക്കിനു യുവതീയുവാക്കള്‍ അനുഗമിച്ചു. ആനയും കുതിരയും മുത്തുക്കുടകളും വാദ്യങ്ങളും അകമ്പടിയായി. ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലെ സ്വീകരണത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നടക്കം വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്. കവി മുല്ലനേഴിയുടെ മകനും ചലച്ചിത്രപ്രവര്‍ത്തകനുമായ പ്രദീപ് മുല്ലനേഴി ജാഥയെ വരവേല്‍ക്കാനെത്തി.

രക്തസാക്ഷി ഐനസ് ആന്റണിയുടെ നാടായ കല്ലൂരില്‍നിന്ന് ആയിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തിയിരുന്നു. യുവജന പ്രസ്ഥാനത്തിനുവേണ്ടി ജയില്‍വാസമനുഭവിച്ചവര്‍ക്കും മിശ്രവിവാഹിതര്‍ക്കും ശത്രുവര്‍ഗത്തിന്റെ ആകമണങ്ങളെ അതിജീവിച്ചവര്‍ക്കും സ്വീകരണം നല്‍കിയത് വേറിട്ട അനുഭവമായി. വൈകിട്ട് തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പുതുക്കാട്ടേക്ക് മാര്‍ച്ച് പ്രവേശിച്ചു. സാമുദായിക അനാചരങ്ങള്‍ക്കെതിരെ പടനയിച്ച എം ആര്‍ ബിയുടെ പേരിലുള്ള നഗറിലായിരുന്നു സ്വീകരണം. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ചിനെ വരവേറ്റു. രക്തസാക്ഷികളായ മണികണ്ഠന്‍, ഷിബു,സി എസ് ബിനോയി, ഭാസ്കരന്‍ എന്നിവരുടെയെല്ലാം നാടുകളില്‍നിന്ന് ആയിരങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിലേക്കെത്തിയത്. കൊടകരയിലെ കുട്ടംകുളം സ്മാരക നഗറിലായിരുന്നു സമാപനസമ്മേളനം. ചൊവ്വാഴ്ച വൈകിട്ട് ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.


സാമുദായികസംഘടനകള്‍ ജനാധിപത്യത്തിലെ ക്യാന്‍സര്‍: ഡിവൈഎഫ്ഐ

തൃശൂര്‍: ജനാധിപത്യത്തിലെ ഗുരുതര ക്യാന്‍സറായി സാമുദായികസംഘടനകള്‍ മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍പോലും കാന്തപുരം ഉള്‍പ്പെടെയുള്ള സാമുദായികനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണ്. കേരളത്തില്‍ അപകടകരമാംവിധം സാമുദായിക ധ്രുവീകരണം ശക്തിപ്പെടുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക, വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നത് കോര്‍പറേറ്റുകളാണെങ്കില്‍ കേരളത്തില്‍, യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് സാമുദായികനേതാക്കളാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് തങ്ങളുടെ ഇടപെടലിലൂടെയാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ചേര്‍ന്ന് ഹിന്ദുലീഗ് ഉണ്ടാക്കുമെന്നും പറയുന്നു. നായര്‍ ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ ബ്രാഹ്മണരെ ഒഴിവാക്കി സ്വന്തം സമുദായക്കാരെ മാത്രമേ പൂജാരിമാരാക്കൂ എന്നു പറയുന്ന സുകുമാരന്‍ നായര്‍ നായര്‍ക്ഷേത്രങ്ങളില്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരെ പൂജാരിമാരാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം.

വിദ്യാഭ്യാസമേഖലയില്‍ ലീഗ്വല്‍ക്കരണമാണ്. വൈസ്ചാന്‍ലസര്‍മാരെപ്പോലും സാമുദായിക അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നീക്കം. യഥാര്‍ഥ മുസ്ലീങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് കേരളത്തില്‍ മുസ്ലിംലീഗ്. എല്ലാ സാമൂഹ്യപ്രതിബദ്ധതകളും വെടിഞ്ഞ് തങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി വിലപേശല്‍ മാത്രം നടത്തുന്നവരായി സാമുദായികനേതാക്കള്‍ അധഃപതിച്ചു. ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചത്. സ്്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണവും പുറത്തുവന്നതോടെ പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഇവരെല്ലാം വച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തമായി-നേതാക്കള്‍ പറഞ്ഞു.

കാന്തപുരത്തിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹം: മഹിളാ അസോസിയേഷന്‍

തിരു: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശക്തിയായി പ്രതിഷേധിച്ചു. സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെടുത്തി അങ്ങേയറ്റം ജുഗുപ്സാവഹമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടി എന്‍ സീമയും സെക്രട്ടറി കെ കെ ശൈലജയും പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യപദവി വാഗ്ദാനം ചെയ്യുന്നുണ്ട്. ജാതിമതഭേദമെന്യേ അത് അനുസരിക്കാനും പ്രാവര്‍ത്തികമാക്കാനും എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. അബൂബക്കര്‍ മുസ്ലിയാരും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ യോജിപ്പിലാണ്. സ്ത്രീകള്‍ പുറംലോകവുമായി ബന്ധപ്പെടുന്നത് കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്ന പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സ്ത്രീകളെ കുറിച്ച് പ്രവാചകനായ മുഹമ്മദ് നബിയുടെ കാഴ്ചപ്പാടല്ല മുസ്ലിയാര്‍ക്ക്. പെണ്‍കുട്ടികള്‍ ജന്മനാ മന്ദബുദ്ധികളാണെന്ന് മുന്‍പ് മുസ്ലിയാര്‍ പറഞ്ഞിരുന്നു. അന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നതാണെന്ന് ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 220113

No comments:

Post a Comment