Tuesday, January 22, 2013
രണ്ടുദിവസത്തിനിടെ 3500 സര്‍വീസ് നിര്‍ത്തി
ഡീസല്‍വില വര്‍ധന താങ്ങാനാകാതെ കെഎസ്ആര്‍ടിസി ചൊവ്വാഴ്ച സംസ്ഥാനത്താകെ ഏതാണ്ട് 1800 സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച 1661 സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ നിര്‍ത്തിയ സര്‍വീസുകളുടെ എണ്ണം 3500ന് അടുത്തെത്തി. ഗ്രാമീണ- ദീര്‍ഘദൂര മേഖലകളില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിലച്ചത് സംസ്ഥാനത്ത് അതിരൂക്ഷമായ യാത്രാക്ലേശം സൃഷ്ടിച്ചു.
കെഎസ്ആര്‍ടിസിക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മിക്ക റൂട്ടിലും സ്വകാര്യബസുകള്‍ക്ക് കൊയ്ത്തായിരുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ സമാന്തരസര്‍വീസുകള്‍ ജനങ്ങളെ പിഴിയുന്നു. ഡീസല്‍ അളവ് കുറഞ്ഞതോടെ ആവശ്യത്തിന് ജീവനക്കാരും ബസും ഉണ്ടായിട്ടും സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വിവിധ ഡിപ്പോകളില്‍ ജോലിക്കെത്തിയ നൂറുകണക്കിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വെറുതെയിരിക്കുന്നു. സംസ്ഥാനത്ത് 5560 സര്‍വീസാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ 384 സര്‍വീസ് റദ്ദാക്കി. നഗരത്തിലെ അഞ്ചു ഡിപ്പോകളില്‍നിന്നുള്ള 526 സര്‍വീസില്‍ 198 എണ്ണം റദ്ദാക്കി. 15 റൂറല്‍ ഡിപ്പോകളില്‍നിന്നായി 186 സര്‍വീസും റദ്ദാക്കി. എറണാകുളം-107, ആലപ്പുഴ- 68, കണ്ണൂര്‍- 49, പാലക്കാട്- 27, കോട്ടയം- 32, പത്തനംതിട്ട- 25, വയനാട്- 22, മലപ്പുറം-26 എന്നിങ്ങനെ സര്‍വീസ് നിര്‍ത്തി.
ഗ്രാമീണമേഖലയിലും നഗരങ്ങളിലും കെഎസ്ആര്‍ടിസിയെമാത്രം ആശ്രയിച്ചിരുന്ന ജനങ്ങള്‍ കടുത്ത യാത്രാക്ലേശത്തിലാണ്. യാത്രക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടി പരക്കംപാഞ്ഞു. രാവിലെയും വൈകിട്ടും യാത്രാദുരിതം വിവരണാതീതമായി. ജീവനക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളുമൊക്കെ വഴിയില്‍ കുടുങ്ങി. പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു കോര്‍പറേഷന്റെ തീരുമാനം. എന്നാല്‍, സമ്മര്‍ദമുള്ള റൂട്ടുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നതിനാല്‍ ലാഭകരമായ റൂട്ടുകള്‍ റദ്ദാക്കി. ഇത് കോര്‍പറേഷന്റെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കി. എന്നാല്‍, സബ്സിഡി നിരക്കില്‍ ഡീസല്‍ ലഭിക്കുന്ന സ്വകാര്യബസുകള്‍ക്ക് പ്രതിദിനം മൂവായിരം രൂപമുതല്‍ അധികവരുമാനം ലഭിക്കുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ സമാന്തരസര്‍വീസുകാര്‍ കൊയ്ത്ത് നടത്തുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ 200 കോടി രൂപയുടെ സാമ്പത്തികസഹായത്തിനായി കോര്‍പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. ബുധനാഴ്ച മന്ത്രിസഭായോഗം ഇത് പരിഗണിക്കുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ. എന്നാല്‍, ധനവകുപ്പില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകാനിടയില്ല.
ഡീസലിന് സംസ്ഥാനം ചുമത്തുന്ന സൂപ്പര്‍ ടാക്സ് കെഎസ്ആര്‍ടിസിക്ക് ഇളവുചെയ്തു നല്‍കണമെന്ന ആവശ്യം ഗതാഗതവകുപ്പും മുന്നോട്ടുവച്ചിട്ടുണ്ട്. 24 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കിയാല്‍ വിലയില്‍ നാലു രൂപയുടെ കുറവുണ്ടാകും. കേന്ദ്രത്തില്‍നിന്ന് ഇളവ് ലഭിക്കുന്നമുറയ്ക്ക് സംസ്ഥാനം അനുവദിക്കുന്ന ഇളവ് പിന്‍വലിക്കാമെന്നും ഗതാഗതവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പരിഗണിക്കാന്‍ സാധ്യതയില്ല. ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം അനൗദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിന് ഇളവ് നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി എത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരസിച്ചത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രിക്കും കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലിക്കും കത്തെഴുതിയിരുന്നു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുള്ളതിനാലാണ് ആവശ്യം നിരാകരിച്ച വിവരം കേന്ദ്രം ഔദ്യോഗികമായ അറിയിക്കാത്തത്.
deshabhimani 230113
Subscribe to:
Post Comments (Atom)
No comments:
Post a Comment