കേരളത്തിലെ ഭക്ഷ്യവിതരണശൃംഖലയുടെ പ്രവര്‍ത്തനം പരിശോധിക്കാനെത്തുന്ന കേന്ദ്ര ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും ചാകരയൊരുക്കുന്നു. എല്ലാ മാസവും കേരളത്തിലെ സുഖവാസകേന്ദ്രങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് കൈത്തറിവസ്ത്രങ്ങളും വാങ്ങിയാണ് കേന്ദ്ര ഉദ്യോഗസ്ഥന്റെ മടക്കം. സന്ദര്‍ശനത്തിന്റെ പേരില്‍ ചെലവിടുന്ന വന്‍തുക പിരിച്ചെടുക്കുന്നതാകട്ടെ റേഷന്‍ മൊത്തവ്യാപാരികളില്‍നിന്ന്. കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പിനുകീഴിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സെല്ലിന്റെ ദക്ഷിണേന്ത്യന്‍ ഓഫീസിലെ അസിസ്റ്റന്റ് റീജണല്‍ ഡയറക്ടറാ (സ്റ്റോറേജ് ആന്‍ഡ് റെക്കോഡ്സ്)ണ് സ്ഥിരമായി പരിശോധനയ്ക്കെത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ മൂന്നുവര്‍ഷമായി കേരളത്തില്‍ സ്ഥിരം സന്ദര്‍ശകനാണ്. കഴിഞ്ഞ മാര്‍ച്ചുമുതല്‍ എല്ലാ മാസവും എത്തുന്നു. തിരുവനന്തപുരത്തെ രണ്ട് സപ്ലൈ ഓഫീസര്‍മാര്‍ക്കാണ് സന്ദര്‍ശനച്ചുമതല. എഫ്സിഐ ഗോഡൗണുകളും റേഷന്‍കടകളും സന്ദര്‍ശിക്കുന്ന ഇദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം പേരിനുമാത്രം.
കുടുംബസമേതം സഞ്ചരിക്കാനായി രണ്ട് ആഡംബരകാറാണ് വാടകയ്ക്കെടുക്കുന്നത്. തിരുവനന്തപുരത്ത് കോവളം, വലിയതുറ തുടങ്ങിയ സ്ഥലങ്ങളില്‍മാത്രമേ സന്ദര്‍ശനമുള്ളൂ. കോവളത്തെ മുന്തിയ ഹോട്ടലില്‍ താമസമൊരുക്കണം. പത്മനാഭ സ്വാമിക്ഷേത്രത്തില്‍ തൊഴാന്‍ മുണ്ടും നേര്യതും വാങ്ങിക്കൊടുക്കണം. കശുവണ്ടികേന്ദ്രമായ കൊല്ലത്തെ സന്ദര്‍ശനം മുടക്കില്ല. പത്തു കിലോ കശുവണ്ടിയാണ് ക്വോട്ട. പിന്നെ മൂന്നാര്‍, തേക്കടി തുടങ്ങിയ സുഖവാസകേന്ദ്രങ്ങളില്‍ സന്ദര്‍ശനം. ഈ മാസം സര്‍ക്കാര്‍ചെലവില്‍ ശബരിമലയിലേക്കായിരുന്നു. മടങ്ങുംമുമ്പ് മുന്തിയയിനം മുണ്ടും കസവുസാരിയും കരാള്‍ക്കടയില്‍നിന്ന് വാങ്ങിനല്‍കണം. കോവളത്തെ ഹോട്ടല്‍ ബില്ലും ടാക്സിബില്ലും വാങ്ങിനല്‍കേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കൂടിയ തുകയ്ക്കുള്ള ബില്ലാണ് വേണ്ടത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇദ്ദേഹത്തിന് യാത്രപ്പടി കിട്ടുമെന്നതിനാലാണ് ഇത്. ചെലവെല്ലാം വഹിക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥര്‍. സന്ദര്‍നം അവര്‍ക്കും ചാകരയൊരുക്കുമെന്നതിനാല്‍ ഈ ചുമതല കിട്ടാന്‍ പിടിവലിയാണ്. റേഷന്‍ മൊത്തവ്യാപാരികളില്‍നിന്ന് പിരിവ് ഗംഭീരമായി നടത്തുന്നു. തങ്ങളുടെ ഗോഡൗണിലേക്ക് ഈ ഉദ്യോഗസ്ഥനെയുംകൊണ്ട് എത്തുമോ എന്നു ഭയന്ന് മൊത്തവ്യാപാരികള്‍ ചോദിക്കുന്ന പിരിവ് നല്‍കും.
(ആര്‍ സാംബന്‍)
deshabhimani 230113
No comments:
Post a Comment