Tuesday, January 22, 2013
ആശങ്ക തീര്‍ക്കാന്‍ എന്ത് നടപടി: സുപ്രീംകോടതി
ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) രാജ്യത്തെ ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കില്ലേയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കി മൂന്നാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ചില്ലറവില്‍പ്പന മേഖലയിലെ ചെറുകിട കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദീകരിക്കണം. മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചശേഷം എന്തെങ്കിലും നിക്ഷേപം ലഭിച്ചുവോ? അതോ ഇതൊരു രാഷ്ട്രീയ തട്ടിപ്പാണോ? വന്‍കിട കമ്പനികള്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വില വ്യത്യാസം വരുത്തി വില്‍പ്പന നടത്തിയാല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥിതിയെന്താകുമെന്നും കോടതി ആരാഞ്ഞു.
ചെറുകിട വില്‍പ്പനക്കാരുടെ ആശങ്കകളടക്കമുള്ള പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തെന്നും വിദേശനിക്ഷേപനയത്തിനെതിരായ വാദം തള്ളിയെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയില്‍ വാദിച്ചു. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ഗൗരവമായ പരിഷ്കരണ നടപടികളുടെ ഭാഗമാണ്. ഇത് ഗവണ്‍മെന്റ് നയമാണ്. വിദേശനിക്ഷേപത്തിനുള്ള അപേക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും വഹന്‍വതി പറഞ്ഞു.
പരിഷ്കരണ നടപടികള്‍ തുടരുന്നതു കൊള്ളാം; പക്ഷേ അത് ചെറുകിടക്കാര്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്ന വിധത്തിലാകരുതെന്ന് കോടതി പറഞ്ഞു. കോടതി നയരൂപീകരണം നടത്തുന്നില്ല. നയം രൂപീകരിക്കുമ്പോള്‍ അത് ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നാകണം. നയങ്ങള്‍ക്ക് പകരമായി കോടതി ഒന്നും മുന്നോട്ടുവയ്ക്കുന്നില്ല. എന്നാല്‍, നയങ്ങള്‍ ന്യായയുക്തമാണോ ഭരണഘടനയെ ലംഘിക്കുന്നുണ്ടോ എന്നിവ പ്രസക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കടുത്ത എതിര്‍പ്പ് അവഗണിച്ച് ചില്ലറവില്‍പ്പന മേഖലയില്‍ 51ശതമാനം വിദേശനിക്ഷേപം അനുവദിക്കാനാണ് രണ്ടാംയുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ പാര്‍ലമെന്റിലും പുറത്തും ഉയര്‍ന്ന വാദമുഖങ്ങളും ആശങ്കകളും പ്രസക്തമാണെന്നാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിലൂടെ സൂചിപ്പിച്ചത്. രാജ്യത്തെ അഞ്ച് കോടി ചില്ലറവ്യാപാരികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന തീരുമാനമാണിതെന്ന് യുപിഎ ഘടകകക്ഷികളടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍കൊണ്ട് ഈ നീക്കം നടപ്പാക്കാനായില്ല. ഘടകകക്ഷികളുടെ എതിര്‍പ്പുപോലും വകവയ്ക്കാതെയാണ് ഇക്കാര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 2011ല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും, ഇത് നടപ്പാക്കുന്നത് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചു. എല്ലാ പാര്‍ടികളുടെയും അഭിപ്രായം ആരാഞ്ഞശേഷമേ തീരുമാനം നടപ്പാക്കൂ എന്നാണ് അന്ന് കേന്ദ്രധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ലോക്സഭയില്‍ പറഞ്ഞത്. ഇത് ലംഘിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തു. ഇടതുപക്ഷമടക്കം നിരവധി പാര്‍ടികള്‍ എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് വോട്ടെടുപ്പോടെ ചര്‍ച്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. വോട്ടെടുപ്പ് വേളയില്‍ സമാജ്വാദി പാര്‍ടിയും ബഹുജന്‍ സമാജ് പാര്‍ടിയും നടത്തിയ ഒത്തുകളിയില്‍ പ്രതിപക്ഷപ്രമേയം പരാജയപ്പെട്ടു.
(വി ജയിന്‍)
deshabhimani 230113
Labels:
കോടതി,
ചെറുകിട വ്യാപാര മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment