സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിദ്യാര്‍ഥികളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുത്തത് മൂന്നരക്കോടിരൂപ. മേളയുടെ നടത്തിപ്പിന് കണക്കുകൂട്ടിയിരിക്കുന്ന പരമാവധി ചെലവാകട്ടെ ഒന്നേകാല്‍കോടി രൂപയാണ്. ശാസ്ത്രമേളയ്ക്ക് 45 ലക്ഷവും കായികമേളയ്ക്ക് 30ലക്ഷവുമാണ് ചെലവാക്കിയത്. ആകെ ചെലവ് രണ്ടുകോടി. ഇതുവഴി കലോത്സവത്തിന്റെയും കായിക þ ശാസ്ത്രമേളയുടെയും പേരില്‍ സര്‍ക്കാരിനുകിട്ടുന്ന ലാഭം ഒന്നരക്കോടി രൂപ. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ലാത്ത യുപി സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നുപോലും കലോത്സവത്തിന്റെ പേരില്‍ 10രൂപ നിരക്കില്‍ സര്‍ക്കാര്‍ സംഭാവനയായി ശേഖരിച്ചിരുന്നു. അഞ്ചുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍നിന്ന് രസീറ്റ് വാങ്ങാതെയായിരുന്നു പിരിവ്. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍നിന്ന് പണം പിരിക്കരുതെന്ന നിബന്ധന നിലനില്‍ക്കുന്നതിനാലാണ് ഇങ്ങനെ സംഭാവന സമാഹരിച്ചത്. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ 3707/12 നമ്പറായി ആഗസ്ത് മൂന്നിന് ഇറങ്ങിയ ഉത്തരവ്പ്രകാരമായിരുന്നു ഈ പിരിവ്. അഞ്ചുമുതല്‍ ഏഴുവരെ 10രൂപയും എട്ടില്‍ 15രൂപയും ഒമ്പതിലും പത്തിലും സര്‍ക്കാര്‍ ഫീസ് നിരക്ക് പ്രകാരം 12 രൂപയുമാണ് കുട്ടികളില്‍നിന്ന് വാങ്ങിയത്. മൂന്നരലക്ഷം ഹയര്‍സെക്കന്‍ഡറി കുട്ടികളില്‍നിന്ന് 15രൂപവീതവും പിരിച്ചിരുന്നു. ഇങ്ങനെ ആകെ 29,47,261 കുട്ടികളില്‍നിന്നായി (ഏഴാം പ്രവൃത്തി ദിവസത്തെ കണക്കുപ്രകാരം) 3,52,55,478 രൂപയാണ് സ്കൂളുകളില്‍നിന്ന് ഡിപിഐയുടെ അക്കൗണ്ടിലേക്കെത്തിയത്. കലോത്സവനടത്തിപ്പിന് പണമില്ലാഞ്ഞ് കമ്മിറ്റികള്‍ ഏറെ വിയര്‍ത്തിരുന്നു. 60ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കും, അതില്‍ കൂടുതലുള്ളത് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനുമായിരുന്നു നിര്‍ദേശം. കലോത്സവഫണ്ടില്ലെന്ന പേരിലായിരുന്നു സര്‍ക്കാരിന്റെ ദാരിദ്ര്യംപറച്ചില്‍. കലോത്സവഫണ്ട് കുറഞ്ഞത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
പലതവണ മന്ത്രിക്കും വകുപ്പുമേധാവികള്‍ക്കും മുന്നില്‍ പരാതിക്കെട്ടഴിച്ചശേഷമാണ് തുക കൂട്ടാന്‍തീരുമാനമായത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ 75ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കമ്മിറ്റി കണ്‍വീനര്‍മാരെയും സംഘടനാ പ്രതിനിധികളെയും ഡിപിഐയും മന്ത്രിയും കുറ്റപ്പെടുത്തുകയുംചെയ്തു. കുട്ടികളില്‍നിന്ന് പിരിച്ചതിനുപുറമെയാണ് പരസ്യവരുമാനത്തിലൂടെ കണ്ടെത്തുന്ന തുക. എന്നാല്‍ ഇതുസംബന്ധിച്ച കണക്ക് എവിടെയും വ്യക്തമാക്കിയിട്ടില്ല. അത് കമ്മിറ്റികള്‍ പിരിച്ചെടുക്കുകയാണ് പതിവ്. പരസ്യവരുമാനത്തിലൂടെ കൂടുതല്‍ തുക കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്തവണ പ്രവേശന ഗേറ്റുകള്‍ കുറഞ്ഞ തുകയ്ക്കാണ് നല്‍കിയത്. കഴിഞ്ഞവര്‍ഷം കലോത്സവവേദിയിലെ പ്രധാന ഗേറ്റിനുമാത്രം രണ്ടുലക്ഷത്തോളം രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കുറി പ്രധാന രണ്ടുവേദികളിലെ ഗേറ്റുകള്‍ രണ്ടും കൂടി ഒരുലക്ഷത്തില്‍ കുറഞ്ഞ തുകയ്ക്കാണ് പരസ്യക്കാര്‍ക്ക് നല്‍കിയത്.
No comments:
Post a Comment