Wednesday, January 9, 2013

ജനകീയജാഗ്രതയുടെ വിജയം: പി രാജീവ്


പൂര്‍ണാധികാരത്തോടെയല്ലെങ്കിലും കൊച്ചി മെട്രോനിര്‍മാണത്തില്‍ ഡിഎംആര്‍സിയെ പങ്കാളിയാക്കാനുള്ള തീരുമാനം തുടക്കംമുതല്‍ ഉയര്‍ന്ന ശക്തമായ ജനകീയജാഗ്രതയുടെ വിജയമാണെന്ന് പി രാജീവ് എംപി. പൂര്‍ണാധികാരത്തോടെ ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും നിര്‍മാണച്ചുമതലയേല്‍പ്പിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ശ്രീധരന്റെ അധികാരവും ഡിഎംആര്‍സിയുടെ പങ്കാളിത്തവും സംബന്ധിച്ച് അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ഇതുവരെയുണ്ടായ ജനകീയജാഗ്രത ഇനിയും തുടരണമെന്നും രാജീവ് പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതിയില്‍നിന്നു പുറത്താക്കാനുള്ള ശ്രമമുണ്ടായപ്പോഴെല്ലാം ജനകീയപ്രതിരോധം സര്‍ക്കാരിനു വിലങ്ങിട്ടു. സര്‍ക്കാര്‍ സ്പോണ്‍സര്‍ചെയ്ത വിവാദങ്ങളില്‍ കുരുങ്ങി പദ്ധതി അനിശ്ചിതമായി വൈകി. ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്നവകാശപ്പെടുമ്പോഴും ശ്രീധരനുള്ള അധികാരങ്ങള്‍ വ്യക്തമാക്കാത്തത് ദുരൂഹമാണ്. കേന്ദ്രാനുമതി ലഭിച്ചിട്ട് ആറുമാസം പിന്നിട്ട പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഡിഎംആര്‍സിയുമായി ഒപ്പിടുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിഎംആര്‍സി കെഎംആര്‍എലിന് സമര്‍പ്പിച്ച ധാരണാപത്രം ഒപ്പിടുന്ന കാര്യത്തില്‍ യോഗത്തിന് ശേഷവും വ്യക്തത വന്നിട്ടില്ല. അതിന് ഇനിയും ഒരുമാസംകൂടി വേണമെന്നാണ് കമല്‍നാഥ് പറഞ്ഞത്. പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിക്കാനുള്ള ചുമതല മാത്രമാണ് ഇപ്പോള്‍ ഡിഎംആര്‍സിക്ക് നല്‍കിയിട്ടുള്ളത്. സാമ്പത്തിക, സാങ്കേതിക കാര്യങ്ങളിലുള്ള മേല്‍നോട്ടം, ഡിസൈന്‍, ദിശ എന്നിവ തീരുമാനിക്കാനും ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യാനുമുള്ള അധികാരം എന്നിവ കെഎംആര്‍എലിനാണ്. ശക്തമായ ജനകീയജാഗ്രതയുണ്ടാകാത്തപക്ഷം ശ്രീധരന്റെ പങ്കാളിത്തം ടെന്‍ഡര്‍ ക്ഷണിക്കുന്നതില്‍ മാത്രമായി ചുരുങ്ങുകയും ഉദ്യോഗസ്ഥലോബിയും കമീഷന്‍ഏജന്റുമാരും ചേര്‍ന്ന അഴിമതി പദ്ധതിയായി ഇതു മാറുകയുംചെയ്യുമെന്ന് പി രാജീവ് പറഞ്ഞു.

deshabhimani 090113

No comments:

Post a Comment