സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതിച്ചുങ്കം സര്‍ക്കാര്‍ നാലു ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി ഉയര്‍ത്തി. കറന്റ് അക്കൗണ്ട് കമ്മി (കയറ്റുമതിയേക്കാള്‍ ഇറക്കുമതി ഏറെ വര്‍ധിക്കുന്ന സാഹചര്യം) വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനാണ് തീരുവ കൂട്ടിയതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ പത്തു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 315 രൂപയുടെ(ഡല്‍ഹി) വര്‍ധനയുണ്ടായി. പ്രഖ്യാപനത്തിനു മുമ്പ് 30,935 രൂപയായിരുന്ന വില ഒറ്റയടിക്ക് 31,250ല്‍ എത്തി. കേന്ദ്രബജറ്റില്‍ വീണ്ടും തീരുവയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സ്വര്‍ണവില വീണ്ടും ഉയരും.
ഡല്‍ഹിയില്‍ സാമ്പത്തികകാര്യ വകുപ്പുസെക്രട്ടറി അരവിന്ദ് മായാറാമാണ് തീരുവവര്‍ധന പ്രഖ്യാപിച്ചത്. ഇറക്കുമതി കുറഞ്ഞാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മായാറാം പറഞ്ഞു. സ്വര്‍ണത്തിന്റെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനെ (ഇടിഎഫ്) സ്വര്‍ണനിക്ഷേപ പദ്ധതിയുമായി സര്‍ക്കാര്‍ ബന്ധിപ്പിക്കുമെന്നും മായാറാം അറിയിച്ചു.
ഖനികളടക്കം സ്വര്‍ണവുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിക്ഷേപിക്കുന്ന മ്യൂച്ച്വല്‍ ഫണ്ടുകളാണ് ഇടിഎഫ്. യഥാര്‍ഥ സ്വര്‍ണത്തിലാണ് നിക്ഷേപം. ബാങ്കുകളുടെ സ്വര്‍ണനിക്ഷേപ പദ്ധതിയിലും യഥാര്‍ഥ സ്വര്‍ണമാണ് നിക്ഷേപിക്കുന്നത്. ഈ സ്വര്‍ണം പിന്നീട് ബാങ്കുകള്‍ ആഭരണവ്യാപാര ആവശ്യങ്ങള്‍ക്കായി കൈമാറും. പുതിയ തീരുമാനത്തിലൂടെ സ്വര്‍ണ ഇടിഎഫുകളിലായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ കൈവശം വച്ചിട്ടുള്ള യഥാര്‍ഥ സ്വര്‍ണത്തെ സ്വതന്ത്രമാക്കുകയാണ് ലക്ഷ്യം. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും വിജ്ഞാപനം വന്നാലുടന്‍ ഇടിഎഫ് സ്വര്‍ണം, സ്വര്‍ണനിക്ഷേപ പദ്ധതിക്ക് കീഴില്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനാകും. ശുദ്ധീകരിച്ച സ്വര്‍ണം, സ്വര്‍ണ ബാറുകള്‍ എന്നിവയുടെ അധിക കസ്റ്റംസ് തീരുവയിലും എക്സൈസ് തീരുവയിലും ആനുപാധികമായ മാറ്റം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മായാറാം പറഞ്ഞു.
സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന മിനിമം സ്വര്‍ണത്തിന്റെ പരിധി വീണ്ടും കുറയ്ക്കും. നിക്ഷേപത്തിന്റെ കുറഞ്ഞ കാലപരിധി മൂന്നു വര്‍ഷത്തില്‍ നിന്ന് ആറുമാസമാക്കി കുറയ്ക്കും. 2011-12ല്‍ 56.5 ശതകോടി ഡോളറിന് തുല്യമായ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപയോഗ രാഷ്ട്രമായ ഇന്ത്യ ഈ സാമ്പത്തികവര്‍ഷം ഡിസംബര്‍ വരെ 3800 കോടി ഡോളറിന്റെ (2,04,347 കോടിയിലധികം രൂപ) സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതി നിയന്ത്രണം കൊണ്ടുവരുമെന്ന സൂചന ധനമന്ത്രി ചിദംബരം നേരത്തെ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സ്വര്‍ണ ഇറക്കുമതിയില്‍ വലിയ വര്‍ധന വന്നു. ജനുവരി ആദ്യവാരത്തില്‍ മാത്രം 50 ടണ്‍ സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. സാധാരണ ഒരുമാസത്തെ ഇറക്കുമതി തോതാണിത്. ബജറ്റില്‍ വീണ്ടും നികുതി നിരക്ക് കൂട്ടിയാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ വിലയിലേക്ക് സ്വര്‍ണം കുതിക്കും.
(എം പ്രശാന്ത്)
സ്വര്‍ണവില:കള്ളക്കടത്ത് കൂടും
കൊച്ചി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത് സ്വര്‍ണവില വന്‍തോതില്‍ ഉയരാന്‍ കാരണമാകും. ഇതോടെ സ്വര്‍ണക്കള്ളക്കടത്തിനും സാധ്യത വര്‍ധിച്ചു. നിലവിലുണ്ടായിരുന്നതിന്റെ അമ്പതു ശതമാനം തീരുവ വര്‍ധിപ്പിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയുടെയും ഒരു കിലോ സ്വര്‍ണത്തിന് 1,85,063 ലക്ഷം രൂപയുടെയും വര്‍ധന വന്നു. തിങ്കളാഴ്ച ഇറക്കുമതി തീരുവ ഒരു കിലോയ്ക്ക് 1,23,375 ലക്ഷം രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് 61,688 രൂപ വര്‍ധിച്ചത്. സ്വര്‍ണ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ധനയെന്ന് പറയുന്നുവെങ്കിലും ഫലത്തില്‍ സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കാനാണ് ഇത് ഉപകരിക്കുകയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി ഗിരിരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട കസ്റ്റംസ് തീരുവയും ആദായനികുതിയുമൊക്കെ കുറയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ ഉപയോഗം കൂടുതലായുള്ള കേരളത്തില്‍ പുതിയ നീക്കം കനത്ത നിലയില്‍ ബാധിക്കും. സ്വര്‍ണവില വര്‍ധന സ്ഥിരമായതിനെത്തുടര്‍ന്ന് വില്‍പ്പനതന്നെ ഇല്ലാതായ ചെറുകിട സ്വര്‍ണക്കച്ചവടക്കാര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്ന് അസോസിയേഷന്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് മഠത്തിപ്പറമ്പില്‍ പറഞ്ഞു.
deshabhimani 220113
No comments:
Post a Comment