Tuesday, January 22, 2013

കര്‍ണാടക സര്‍ക്കാര്‍ മാതൃകയാക്കുന്നത് നരേന്ദ്രമോഡിയെ: വി എസ്


കേസെടുക്കുന്നതിലും നീതിന്യായവ്യവസ്ഥയെ ദുരുപയോഗപ്പെടുത്തുന്നതിലും കര്‍ണാടകത്തിലെ സംഘപരിവാര്‍ സര്‍ക്കാര്‍ എല്ലാ അതിര്‍ത്തികളും ഭേദിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ ഒരു ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ എച്ചിലിന് മീതെ അവര്‍ണര്‍ ശയനപ്രദക്ഷിണം നടത്തണമെന്ന ആചാരത്തിനെതിരെ പ്രസംഗിച്ചതിന് എം എ ബേബിക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തിരിക്കുകയാണ്. ഗാന്ധിജിയും അംബേദ്കറും ജീവിച്ച നാട്ടില്‍ അയിത്തത്തിനെതിരെ സംസാരിച്ചതിനാണ് കേസ്. കര്‍ണാടക സര്‍ക്കാര്‍ നരേന്ദ്രമോഡിയെ മാതൃകയാക്കാനാണ് ശ്രമിക്കുന്നത്. അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നിയമം അനുശാസിക്കുന്ന നീതി നിഷേധിക്കുകയാണ്. മഅ്ദനിക്കെതിരായ കേസിലെ സാക്ഷികളുടെ ആധികാരികത ചോദ്യംചെയ്ത് വാര്‍ത്തയെഴുതിയ ഷാഹിന എന്ന പത്രപ്രവര്‍ത്തകയ്ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസെടുത്തിരിക്കുന്നു. അയിത്താചരണത്തിനും ബ്രാഹ്മണാധിപത്യത്തിനുമെതിരെ പ്രസംഗിച്ചതിന് കേസെടുക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെയല്ല ഗോള്‍വാള്‍ക്കറുടെ വിചാരധാരയെയാണ് അടിസ്ഥാനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, മേയര്‍ കെ ചന്ദ്രിക, ജോസഫ് സ്കറിയ, അയൂബ് മേലേടത്ത് എന്നിവര്‍ സംസാരിച്ചു

മഅദനിക്ക് നീതി ലഭ്യമാക്കണം: ഐക്യദാര്‍ഡ്യ സംഗമം

ദോഹ: വിചാരണ പെട്ടെന്ന് നടപ്പിലാക്കി മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് യൂത്ത്ഫോറം നടത്തിയ ഐക്യദാര്‍ഡ്യ സംഗമത്തില്‍ പങ്കെടുത്ത വിവിധ സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടു. മഅദനി വിഷയത്തില്‍ ഭഭരണകൂടവും നീതിപീഡവും നിശ്ചലമാവുന്നത് ഇന്ത്യന്‍ മതേതരത്വത്തിനു കടുത്ത വെല്ലുവിളിയാണെന്നും രാജ്യത്ത് ബഹുസ്വരതക്ക് പകരം അസ്വഭാവികതകളാണ് നിലനില്‍ക്കുന്നതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

വോയ്സ് ഓഫ് കേരള റേഡിയോ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എ റഷീദുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.മന്‍സൂറ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ റഈസ് അഹമ്മദ്(ഇന്ത്യന്‍ മീഡിയ ഫോറം), ടി. എച്ച്.നാരായണന്‍(ഇന്‍കാസ്) കെ.കെ ശങ്കരന്‍ (സംസ്കൃതി), കെ.ടി.അബ്ദുള്‍ റഹമാന്‍(ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍) ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര(കെ.എം.സി.സി) എം. എം. മൗലവി(ഐ.എം.സി.സി) അബ്ദുള്‍ സലാം കൂട്ടായി(പി.സി.എഫ്) എന്നിവര്‍ സംസാരിച്ചു. ഹകീം പെരുമ്പിലാവ് സ്വാഗതം പറഞ്ഞു.

deshabhimani 220113

No comments:

Post a Comment