Tuesday, January 22, 2013

സി ഡിറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥയുടെ വ്യാജ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്


യുഡിഎഫ് നേതാക്കളുടെയും മന്ത്രിമാരുടെയും വിശ്വസ്തനായ ഉദ്യോഗസ്ഥന് അനധികൃത സ്ഥാനക്കയറ്റം നല്‍കാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്)യിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥ വ്യാജ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും സമ്മര്‍ദത്തെതുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കുന്നതിന് തിങ്കളാഴ്ച വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി യോഗംചേരും.

സി ഡിറ്റില്‍ ബി ഗ്രേഡ് ശാസ്ത്രജ്ഞനായ കെ എം ഷാജഹാനു വേണ്ടിയാണ് റബര്‍ബോര്‍ഡ് ചെയര്‍പേഴ്സണായ ഷീലാ തോമസ് വ്യാജ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഷീലാ തോമസ് 2009ല്‍ സി ഡിറ്റില്‍ കുറഞ്ഞ കാലയളവില്‍മാത്രമാണ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഈ കാലയളവിലുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാന്‍മാത്രമേ ഇവര്‍ക്ക് അധികാരമുള്ളൂവെങ്കിലും 2006 ആഗസ്ത് 26 മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടേണ്ട ഉദ്യോഗസ്ഥന്‍ തന്റെ തൊട്ടുമുമ്പത്തെ അഞ്ച് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് നല്‍കണം. തുടര്‍ന്ന് റിപ്പോര്‍ട്ട് ഡയറക്ടര്‍ അംഗീകരിച്ചാലേ ഡിപിസിക്ക് മുന്നില്‍വയ്ക്കാനാകൂ. ഷാജഹാന്റെ കാര്യത്തില്‍ ഇതെല്ലാം ലംഘിച്ചു. 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കെ ടി ബാലഭാസ്കര്‍ ആയിരുന്നു രജിസ്ട്രാര്‍. 2006 മുതല്‍ 2008 വരെ കെ സുരേഷ്കുമാര്‍ ഡയറക്ടറും. 2009ല്‍ മാത്രമാണ് ഷീലാ തോമസ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്. എന്നിട്ടും സുരേഷ്കുമാറും ബാലഭാസ്കറും പ്രവര്‍ത്തിച്ച കാലയളവിലെ റിപ്പോര്‍ട്ട് കൂടി നല്‍കുകയായിരുന്നു. റബര്‍ബോര്‍ഡിന്റെ ലെറ്റര്‍പാഡില്‍ ഇത് സംബന്ധിച്ച് സി ഡിറ്റ് രജിസ്ട്രാര്‍ക്ക് കത്തയക്കുകയുംചെയ്തു. ചട്ടവിരുദ്ധമായി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പ്രൊമോഷന്‍ കമ്മിറ്റി യോഗംചേരുന്നത്. ഈ കമ്മിറ്റിയിലേക്കും ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റിയിട്ടുണ്ട്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയെയാണ് ഐടി വിദഗ്ധ എന്ന പേരില്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

deshabhimani 210113

No comments:

Post a Comment