Monday, January 21, 2013

ചരിത്രം ഓര്‍മിപ്പിച്ച് സ്വീകരണങ്ങള്‍


യുവതയുടെ പ്രയാണം

തൃശൂര്‍: വഴിനീളെ അഭിവാദ്യങ്ങള്‍. സ്വീകരണവേദികളില്‍ നിറഞ്ഞ ജനസഞ്ചയം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് രണ്ടാം ദിനത്തില്‍ ജില്ലയുടെ സാംസ്കാരികമനസ്സിനെ വിളിച്ചുണര്‍ത്തി. ജാതിമതാന്ധതകളുടെ കോട്ടവാതിലുകള്‍ തട്ടിത്തകര്‍ത്തും ഇനിയും അടഞ്ഞിട്ടില്ലാത്ത നന്മയുടെ കവാടങ്ങളെ തുറന്നുവച്ചുമുള്ള മാര്‍ച്ചിനെ ജില്ല അതിരില്ലാത്ത ആഹ്ലാദത്തോടെയാണ് വരവേല്‍ക്കുന്നത്. ജാതിമതാന്ധതയുടെ കരിങ്കോട്ടയ്ക്ക് തീപിടിപ്പിക്കാനെത്തുന്ന യുവത്വത്തിന്റെ തീക്കനല്‍ത്തുണ്ടുകളോട് മനുഷ്യസ്നേഹത്തിന്റെ തിരികള്‍ കൊളുത്തിവയ്ക്കാന്‍ കൊതിക്കുന്ന എല്ലാവരും മനംതുറന്ന് ഐക്യപ്രഖ്യാപനം നടത്തി.

ജാതീയതയ്ക്കും പ്രമാണിത്വത്തിനുമെതിരെ പെണ്‍പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനഗറിലായിരുന്നു അത്താണിയിലെ സ്വീകരണം. ജാഥക്ക് അകമ്പടിയായി നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. നൂറുകണക്കിന് യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. തുടര്‍ന്ന് കേരള വിദ്യാഭ്യാസചരിത്രത്തിലും സാഹിത്യചരിത്രത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള തിരൂരിലെ വേദിയിലും വാക്കുകളില്‍ കടലിന്റെ ഗര്‍ജനം നിറച്ച് മനുഷ്യജീവിതത്തില്‍ നിറയുന്ന എല്ലാ ഇരുട്ടിനുമെതിരെ നിരന്തരം കലഹിച്ച സുകുമാര്‍ അഴീക്കോട് നഗറില്‍ വിയ്യൂരിലും ജാഥയ്ക്ക് സ്വീകരണം നല്‍കി.

ചരിത്രം ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന നഗരത്തിലെ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ സമാപനം. വിവിധകേന്ദ്രങ്ങളില്‍ ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ കെ ജയദേവന്‍, ബി അബിന്‍ഷാ, സി വി അനിത എന്നിവര്‍ സംസാരിച്ചു. ഓരോ സ്വീകരണകേന്ദ്രവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജാതീയതയുടെ തീവ്രപീഡനങ്ങളിലൂടെ കടന്നുവന്ന ആദ്യകാല പോരാളികളും ജാതിമതഇടപെടലുകളിലൂടെ കലുഷമാകുന്ന സമകാലീന കേരളീയ സമൂഹത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നൂറുകണക്കിനാളുകളും പങ്കാളികളായി. മാര്‍ച്ചിന്റെ വഴിത്താരകളില്‍ അഭിവാദ്യത്തിന്റെ പൂക്കളുമായി കാത്തുനിന്നത് സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ സംഘങ്ങളായിരുന്നു. കൂട്ടത്തില്‍ നിശ്ചലദൃശ്യങ്ങളും മേളവും താളവുമായി യുവാക്കളും. തിങ്കളാഴ്ച തൃശൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് 11.45ന് ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലും 2.30ന് പുതുക്കാട് എം ആര്‍ ബി നഗറിലും സ്വീകരണം നല്‍കും. കൊടകരയില്‍ കുട്ടംകുളം സമര നഗറിലാണ് സമാപനം. ചൊവ്വാഴ്ച ജില്ലയിലെ പര്യടനം സമാപിക്കും.

ചരിത്രം ഓര്‍മിപ്പിച്ച് സ്വീകരണങ്ങള്‍

തൃശൂര്‍: ഒരു നാടിന്റെ ചരിത്രം ഓര്‍മിപ്പിച്ചും നേരിടുന്ന ഭീഷണികളെ തുറന്നുകാട്ടിയും ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് പര്യടനം. ചരിത്രമെഴുതിയ മഹത്ജന്മങ്ങളെപ്പോലും പിടിച്ചടക്കുകയും ജാതീയതയുടെയും വര്‍ഗീയതയുടെയും വിലകുറഞ്ഞ അടയാളങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുന്നവയാണ് സ്വീകരണയോഗങ്ങളിലെ പ്രസംഗങ്ങള്‍. ചരിത്രത്തിലെ തീക്ഷ്ണമായ നവോത്ഥാന സമരങ്ങളെ പ്രഭാഷകര്‍ ഓര്‍ത്തെടുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം പോലെ കേരളീയ നവോത്ഥാനത്തിന്റെ വഴികളില്‍ തീപടര്‍ത്തിയ വചനങ്ങള്‍ എപ്രകാരം പുതിയകാലത്ത് സങ്കുചിതത്വത്തിന്റെ അടയാളവാക്യങ്ങളാക്കുന്നുവെന്ന് അവര്‍ വെളിവാക്കുന്നു. സാംസ്കാരിക ജില്ലയുടെ വഴിത്താരകളില്‍ ആവേശോജ്വലമായ സ്വീകരണമാണ് ജാഥയുടെ രണ്ടാം ദിവസം മാര്‍ച്ചിന് നല്‍കിയത്.

രാവിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അത്താണിയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്ക് കുറ്റ്യേങ്കാവ് റോഡില്‍നിന്നും നൂറുകണക്കിന് യുവാക്കള്‍ ആഘോഷമായാണ് ജാഥയെ വരവേറ്റത്. കൈരളി മാമ്പഴം റിയാലിറ്റി ഷോ ജേതാവ് വര്‍ഷയുടെ കവിതയോടെയാണ് യോഗം ആരംഭിച്ചത്. എം ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. വി മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറില്‍ എ എസ് കുട്ടി അധ്യക്ഷനായി. ഐ ബി സന്തോഷ് സ്വാഗതം പറഞ്ഞു. വിയ്യൂരില്‍ സുകുമാര്‍ അഴീക്കോട് നഗറില്‍ എം പി പ്രദീപ് അധ്യക്ഷനായി. എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു. ടി ആര്‍ ഹിരണ്‍ സ്വാഗതവും പി എസ് സുമേഷ് നന്ദിയും പറഞ്ഞു.

തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ നടന്ന സ്വീകരണസമാപന യോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ സംസാരിച്ചു. എഐവൈഎഫിന്റെ ഉപഹാരം ജാഥാ നേതാക്കളായ ടി വി രാജേഷിനും എം സ്വരാജിനും കൈമാറി. മാര്‍ച്ചിനോടനുബന്ധമായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലേയും ചിത്രരചനാ മത്സരത്തിലേയും വിജയികള്‍ക്ക് വി കെ ശ്രീരാമന്‍ സമ്മാനങ്ങള്‍ നല്‍കി. ജാഥാംഗങ്ങള്‍ക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് സമ്മാനിച്ചു. രക്തസാക്ഷി കെ ആര്‍ തോമസിന്റെ സഹോദരന്‍ കെ ആര്‍ ആന്റോ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.

യൂത്ത്മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി

കൊച്ചി: ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ച് 22 മുതല്‍ 25 വരെ ജില്ലയില്‍ പര്യടനം നടത്തും. 22ന് വൈകിട്ട് നാലിന് ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ എത്തുന്ന മാര്‍ച്ചിനെ ജില്ലാ നേതൃത്വവും വിവിധ വര്‍ഗ ബഹുജനസംഘടനകളുടെ ജില്ലാ ഭാരവാഹികളും സ്വീകരിക്കും. വൈകിട്ട് അഞ്ചിന് അങ്കമാലിയിലെ കെഎസ്ആര്‍ടിസി പരിസരത്ത് (വി ടി ഭട്ടതിരിപ്പാട് നഗര്‍) സമാപിക്കും. സമാപനസമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്യും. എസ് ശര്‍മ എംഎല്‍എ, കെ ചന്ദ്രന്‍പിള്ള, പി രാജീവ് എംപി, സി എം ദിനേശ്മണി, സി എന്‍ മോഹനന്‍, സാജുപോള്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

23ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ 11ന് അത്താണിയില്‍ സ്വീകരണം നല്‍കും. 12.30ന് ആലുവ പ്രിയദര്‍ശിനി മിനി ടൗണ്‍ഹാള്‍ പരിസരത്തും സ്വീകരണം നല്‍കും. വൈകിട്ട് കളമശേരി സൗത്തില്‍ നടക്കുന്ന സമാപനസമ്മേളനം (പാലിയം സത്യഗ്രഹനഗര്‍) കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ മൂന്നിന് വൈറ്റിലയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ തൃപ്പൂണിത്തുറ സ്റ്റാച്യുവില്‍ (പി കേരളവര്‍മ നഗര്‍) സമാപിക്കും. ഡോ. കെ ഇ എന്‍ കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. 25ന് രാവിലെ ആരംഭിക്കുന്ന മാര്‍ച്ചിന് ഉദയംപേരൂര്‍ നടക്കാവില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ ജാഥ കോട്ടയം ജില്ലാ കമ്മിറ്റിക്ക് കൈമാറും.


ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രതിദിനം 2,000 പേര്‍; ജില്ലയില്‍ മാത്രം 74 കിലോമീറ്റര്‍

കോട്ടയം: ജാതിരഹിത സമൂഹം, മത നിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെത്തുന്ന യൂത്ത് മാര്‍ച്ചില്‍ പ്രതിദിനം ശുഭ്ര വസ്ത്രധാരികളായ 2,000 വളണ്ടിയര്‍മാര്‍ അണിനിരക്കും. ജില്ലയില്‍ മാത്രം 74 കലോമീറ്റര്‍ ദൂരം മാര്‍ച്ച് സഞ്ചരിക്കും. 18 കേന്ദ്രങ്ങളില്‍ മാര്‍ച്ചിനെ വരവേല്‍ക്കും. പത്ത് വനിത വളണ്ടയിര്‍മാരടക്കം അമ്പതു പേരാണ് മാര്‍ച്ചിലെ സ്ഥിരം അംഗങ്ങള്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരാണ് മാര്‍ച്ച് നയിക്കുന്നത്. മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭാരവാഹികളായ കെ രാജേഷും വി ആര്‍ രാജേഷും പറഞ്ഞു.നാലിന് കാസര്‍ഗോഡുനിന്നും ആരംഭിച്ച മാര്‍ച്ച് 25ന് പകല്‍ ഒന്നിന് ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ എത്തും. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും മറ്റ് ബഹുജന പ്രസ്ഥാനങ്ങളുടെയും ജില്ലാ നേതാക്കള്‍ അതിര്‍ത്തിയില്‍ മാര്‍ച്ചിനെ വരവേല്‍ക്കും. വൈറ്റ് വളണ്ടിയര്‍മാര്‍ സല്യൂട്ടും നല്‍കും.

സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും സാഹിത്യ നായകന്മാരുടെയും സ്മരണകള്‍ തുടിക്കുന്ന നഗറുകളൊരുക്കിയാണ് മാര്‍ച്ചിന് വരവേല്‍ക്കുന്നത്. കുലശേഖരമംഗലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാവ് സ. പി കൃഷ്ണപിള്ള നഗറില്‍ 25ന് വൈകിട്ട് നാലിന് ജാഥയ്ക്ക് സ്വീകരണം നല്‍കും. അഞ്ചിന് വൈക്കം സത്യഗ്രഹ നഗറിലെ സ്വീകരണത്തോടെ ആദ്യ ദിവസത്തെ പ്രയാണം സമാപിക്കും. 26ന് തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നഗറിലും കടുത്തുരുത്തിയില്‍ ഉമാദേവി അന്തര്‍ജനം നഗറിലും കുറുപ്പന്തറയില്‍ കുമാരനാശാന്‍ നഗറിലും കോതനല്ലൂര്‍ ജോര്‍ജ്പള്ളിപ്പറമ്പില്‍ നഗറിലും സ്വീകരണം നല്‍കും. 27ന് കോതനല്ലൂരില്‍നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ 12ന് ഏറ്റുമാനൂരില്‍ ചാവറകുര്യാക്കോസ് ഏലിയാസച്ചന്‍ നഗറിലും കുമാരനല്ലൂരില്‍ കാരൂര്‍ നീലകണ്ഠപിള്ള നഗറിലും തിരുനക്കരയില്‍ പൊന്‍കുന്നം വര്‍ക്കി നഗറിലും സ്വീകരണം നല്‍കും.

28ന് രാവിലെ കോട്ടയത്തു നിന്നു പ്രയാണമാരംഭിക്കുന്ന മാര്‍ച്ചിന് ചിങ്ങവനത്ത് പൊയ്കയില്‍ കുമാരഗുരുനഗറിലും കുറിച്ചിഅയ്യങ്കാളി നഗറിലും ചങ്ങനാശേരിയില്‍ ശ്രീനാരായണഗുരു നഗറിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ ളായിക്കാട്ടെത്തും. വൈകിട്ട് ആറിന് തിരുവല്ലയിലാണ് സമാപനം. യൂണീറ്റുകള്‍ കേന്ദ്രീകരിച്ച് സ്ക്വാഡുകള്‍ വീടുകളിലെത്തി പൊതിച്ചോറുകള്‍ ശേഖരിച്ചാണ് വളണ്ടിയര്‍മാര്‍ക്കുള്ള ഉച്ചഭക്ഷണം ഒരുക്കുന്നത്. വീടുകളില്‍ മാര്‍ച്ചിന്റെ പ്രത്യേക സപ്ലിമെന്റുകളും വിതരണം ചെയ്യും. ആയിരത്തോളം ചുവരെഴുത്തുകള്‍, നൂറുകണക്കിന് പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയും പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകളിലെ എഴുത്തുകളും ജില്ലയില്‍ നിറഞ്ഞു. സ്വീകരണ കമാനങ്ങള്‍, സ്മൃതി കുടീരങ്ങള്‍, സ്വാഗതസംഘം കുടിലുകള്‍ തുടങ്ങിയവയും യൂത്ത് മാര്‍ച്ച് വീഥിയില്‍ അണിനിരന്നിട്ടുണ്ട്. സംസ്ഥാന യൂത്ത് മാര്‍ച്ച് വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളുടെയും സഹായ സഹകരണങ്ങള്‍ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും അഭ്യര്‍ഥിച്ചു.


deshabhimani 210113

No comments:

Post a Comment