Thursday, January 10, 2013
ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരെ കെഎസ്യു അക്രമം
ണിമുടക്കിന്റെ ഭാഗമായി ജീവനക്കാരും അധ്യാപകരും സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ കെഎസ്യു ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജീവനക്കാര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി എത്തിയ മുപ്പതോളം കെഎസ്യുക്കാര്‍ അക്രമണം അഴിച്ചുവിടുകയായിവുന്നു. പലകക്കഷണങ്ങളും കല്ലും ഉപയോഗിച്ചായിരുന്നു അക്രമണം. അക്രമണത്തില്‍ കൃഷിവകുപ്പ് ജീവനക്കാരും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ ആര്‍ സന്തോഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ, സെക്രട്ടറിയറ്റിനുള്ളില്‍ നിന്ന് ചില പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ജീവനക്കാര്‍ക്ക്് നേരെ കല്ലെറിഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇതോടെ സെക്രട്ടറിയറ്റിന് മുന്‍വശം സംഘര്‍ഷഭരിതമായി. കെഎസ്യുക്കാരെ വിരട്ടിയോടിക്കാന്‍ പൊലീസ് ടിയര്‍ഗ്യാസ പ്രയോഗിച്ചു. പൊലീസ് 15 പിടികൂടിയെങ്കിലും കേസെടുക്കാതെ പിന്നീട് വിട്ടയച്ചു.
കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ആക്രമണം: പന്തം കൊളുത്തി പ്രകടനം ഇന്ന്
തിരു: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന അധ്യാപകരെയും ജീവനക്കാരെയും യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ സമരസഹായസമിതി ശക്തമായി പ്രതിഷേധിച്ചു. പണിമുടക്കില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വര്‍ധിച്ച പങ്കാളിത്തം കണ്ട് വിറളിപൂണ്ട യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് സമരം ചെയ്യുന്ന ജീവനക്കാര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. പ്രാദേശികതലത്തില്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സമരസഹായസമിതി അറിയിച്ചു. ജീവനക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക കേന്ദ്രങ്ങളില്‍ സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. കെജിഒ ഹാളില്‍ ജില്ലാ സമരസഹായസമിതി ചെയര്‍മാന്‍ വെഞ്ഞാറമൂട് ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ വി കെ മധു സംസാരിച്ചു.
സമരം നേരിടാന്‍ ക്രിമിനലുകള്‍ കെഎസ്ടിഎ ഓഫീസിനുനേരെ കെഎസ്യു അക്രമം-നേതാക്കള്‍ക്ക് പരിക്ക്
തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെതിരെ പ്രകടനം നടത്തിയ കെഎസ്യു അക്രമിസംഘം കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ഓഫീസിലേക്ക് നടത്തിയ കല്ലേറില്‍ ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ എം അജിത്കുമാര്‍, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എം ഗോപിദാസന്‍ എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിത്കുമാറിന്റെ തോളെല്ല് തകര്‍ന്നു. പത്ര ഫോട്ടോഗ്രാഫര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കുണ്ട്. ആക്രമണത്തില്‍ കെഎസ്ടിഎ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. വന്‍ പൊലീസ്സേനയുടെ സാന്നിധ്യത്തിലായിരുന്നു കെഎസ്യു ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. മാധ്യമം ഫോട്ടോഗ്രാഫര്‍ പി ബി ബിജു, കണ്‍ട്രോള്‍റൂമിലെ പൊലീസുകാരന്‍ കെ എസ് സുനില്‍കുമാര്‍ (42), തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ ഷിജു (33) എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. ഷിജുവിന്റെ കൈപിടിച്ച് തിരിക്കുകയും ചെയ്തു. ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
ബുധനാഴ്ച പകല്‍ 11.45നായിരുന്നു ആസൂത്രിതമായ ആക്രമണം. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചാനലുകാരെ മുന്‍കൂട്ടി അറിയിച്ചാണ് കെഎസ്ടിഎ ഓഫീസ് ആക്രമിക്കാന്‍ കെഎസ്യുക്കാരെത്തിയത്. ഡിസിസി ഓഫീസില്‍നിന്ന് പ്രകടനമായി വന്ന അക്രമിസംഘം പാലിയം റോഡിലെ കെഎസ്ടിഎ ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ഓഫീസിലേക്ക് അക്രമികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചിട്ടും പൊലീസിനുനേരെ കല്ലെറിഞ്ഞിട്ടും പൊലീസ് നോക്കി നിന്നു. പണിമുടക്കിനോടനുബന്ധിച്ച് പ്രകടനം കഴിഞ്ഞ് ഓഫീസിലെത്തിയ നേതാക്കള്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. കല്ലേറില്‍ തോളെല്ല് പൊട്ടിയ അജിത്കുമാറിന്റെ വലതുകൈക്ക് പ്ലാസ്റ്ററിട്ടു. കെ എം ഗോപിദാസന്റെ പുറത്ത് ആഴത്തില്‍ മുറിവേറ്റു. ഫോട്ടോഗ്രാഫര്‍ ബിജുവിന്റെ കാല്‍മുട്ടിനാണ് പരിക്ക്. ആക്രമണത്തില്‍ കെഎസ്യു സംസ്ഥാന നിര്‍വാഹകസമിതിയംഗം വൈശാഖ് അടക്കം 13 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടു.
പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംഎല്‍എ, സമരസഹായ സമിതി ജില്ലാ കണ്‍വീനര്‍ എം എം വര്‍ഗീസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബാബു എം പാലിശേരി എംഎല്‍എ, സി കെ ചന്ദ്രന്‍, കെ കെ രാമചന്ദ്രന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലി, ബി ഡി ദേവസി എംഎല്‍എ, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോയ് എം മണ്ണൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
ആക്രമണം ഡിസിസി നേതൃത്വത്തിന്റെ അറിവോടെ: എ സി മൊയ്തീന്‍
തൃശൂര്‍: ഡിസിസി നേതൃത്വത്തിന്റെ അറിവോടെയാണ് ഒരുപറ്റം കെഎസ്യുക്കാര്‍ ക്രിമിനിലുകളുടെ അകമ്പടിയോടെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആകമണം നടത്തിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ അറിയിച്ച് വളരെ ആസൂത്രിതമായിരുന്നു അക്രമം. സമരംചെയ്യുന്ന സംഘടനയുടെ ഓഫീസിനു നേരെയും നേതാക്കള്‍ക്കെതിരെയും ഭരണാനുകൂലികള്‍ നടത്തിയ ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തൃശൂരില്‍ വന്നു പോയ ഉടനെയാണ് അക്രമമെന്നത് ഗൗരവമായെടുക്കണം. സംഭവം നേരത്തെ അറിഞ്ഞിട്ടും ആകമണം തടയാന്‍ പൊലീസ് ഒന്നു ചെയ്തില്ല. ഏതാനും പൊലീസുകാരും മാധ്യമപ്രവര്‍ത്തകനും ആക്രമിക്കപ്പെട്ടിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കെഎസ്യു ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നോക്കി നിന്നതേയുള്ളൂ. ഒടുവില്‍ കസ്റ്റഡിയിലെടുത്ത ഏതാനും പേരെ നിസ്സാരവകുപ്പു ചുമത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. ഭരണത്തിന്റെ പിന്തുണയിലാണ് ആക്രമണം എന്നതിനു തെളിവാണിത്.
ആക്രമണത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ എം അജിത്കുമാറിനും എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എം ഗോപീദാസനും സാരമായ പരിക്കുണ്ട്. സംഭവത്തെപ്പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം. ഗുണ്ടകളെ ഇറക്കി സമരം അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാവുമെന്നും മൊയ്തീന്‍ മുന്നറിയിപ്പു നല്‍കി.
അക്രമികള്‍ക്കെതിരെ നിസ്സാര വകുപ്പു ചേര്‍ത്ത് കേസ്
തൃശൂര്‍: കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം നടത്തിയ കെഎസ്യുക്കാരെ അറസ്റ്റ് ചെയ്തെങ്കിലും നിസ്സാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടു. ജിജോ ജോണ്‍, അരുണ്‍മോഹന്‍, വിഘ്നേശ്വര പ്രസാദ്, ഷൈന്‍, പ്രശോഭ്, സജീര്‍ ബാബു, ശ്യാംകുമാര്‍, ഡിജിന്‍, അരുണ്‍രാജ്, അനുലോനച്ചന്‍, ജെസില്‍, വൈശാഖ്, ജനീഷ് എന്നിവരടങ്ങിയ 13 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്ത് നിസ്സാരവകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടത്. പൊലീസുകാരെ ആക്രമിച്ചിട്ടുപോലും കെഎസ്യുക്കാര്‍ക്കെതിരെ വെറും പ്രകടനം നടത്തിയെന്ന വകുപ്പില്‍ മാത്രമാണ് കേസെടുത്തത്. രണ്ട് പൊലീസുകാരുടെ കൈ തല്ലി ഒടിച്ചിട്ടുപോലും വെറുതെ വിട്ടതില്‍ പൊലീസുകാര്‍ക്കടക്കം ശക്തമായ പ്രതിഷേധമുണ്ട്. ഡിസിസി ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളെ തുടര്‍ന്നാണ് കെഎസ്യുക്കാരെ വിട്ടയച്ചതെന്ന് പറയപ്പെടുന്നു.
അക്രമം ചെറുക്കും: ഡിവൈഎഫ്ഐ
തൃശൂര്‍: സമരം ചെയ്യുന്ന ജീവനക്കാരെയും അധ്യാപകരേയും മര്‍ദിച്ചൊതുക്കാനുള്ള കെഎസ്യു- യൂത്ത്കോണ്‍ഗ്രസ്ഗുണ്ടകളുടെ നീക്കം ചെറുക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി മുന്നറിയിപ്പു നല്‍കി. അധ്യാപകരെ ആക്രമിക്കാന്‍ കല്ലും വടിയുമേന്തി കെഎസ്ടിഎ ജില്ലാകമ്മിറ്റി ഓഫീസില്‍ എത്തിയ കെഎസ്യുക്കാര്‍ കല്ലെറിയുമ്പോഴും അക്രമം അഴിച്ചുവിടുമ്പോഴും പൊലീസ് കാഴ്ചക്കാരായി. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് പ്രസിഡന്റ് ഇ സി ബിജു, സെക്രട്ടറി സി സുമേഷ് എന്നിവര്‍ പറഞ്ഞു.
സമരസഹായ സമിതി പ്രതിഷേധിച്ചു
തൃശൂര്‍: കെഎസ്ടിഎ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ അധ്യാപക- സര്‍ക്കാര്‍ ജീവനക്കാരുടെ ജില്ലാ സമരസഹായ സമിതി പ്രതിഷേധിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് കെഎസ്ടിഎ ഓഫീസിന് നേരെ കല്ലേറ് നടത്തിയത്. ഒരു സംഘടനയുടെ ഓഫീസിന് നേരെ ഇത്തരത്തിലുള്ള കടന്നാക്രമണം നടത്തുന്നത് ആദ്യസംഭവമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതികരണത്തിന് സമരസഹായസമിതി തയ്യാറാകുമെന്നും സമിതി ജില്ലാ കണ്‍വീനര്‍ എം എം വര്‍ഗീസും ചെയര്‍മാന്‍ എ എന്‍ രാജനും മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് സമരസഹായ സമിതി നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പൊതുയോഗം സമരസഹായ സമിതി ജില്ലാ കണ്‍വീനര്‍ എം എം വര്‍ഗീസ് ഉദ്ഘാടനംചെയ്തു. പ്രൊഫ. എം മുരളീധരന്‍, പി കെ ഷാജന്‍, രാജന്‍ പാറമേല്‍, സണ്ണി, കെ വി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
deshabhimani 100113
Labels:
ട്രേഡ് യൂണിയന്‍,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

No comments:
Post a Comment