Wednesday, January 23, 2013
പുതുചരിത്രമെഴുതി യൂത്ത് മാര്‍ച്ച് വ്യാവസായിക ജില്ലയില്‍
നവോത്ഥാന കേരളത്തിനുള്ള പോരാട്ടത്തില്‍ പുതുചരിത്രമെഴുതി മുന്നേറുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് എറണാകുളം ജില്ലയിലേക്ക് ഊഷ്മളമായ സ്വാഗതം. തൃശൂര്‍ ജില്ലയിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചൊവ്വാഴ്ച വൈകിട്ട് ജില്ലാതിര്‍ത്തിയായ കറുകുറ്റിയിലെത്തിയ യുവപോരാളികളെ നൂറുകണക്കിന് ജനങ്ങള്‍ ഹൃദയത്തിലേക്ക് വരവേറ്റു.
ഭരണക്കാരുടെ ഒത്താശയോടെ ജാതി-മത ശക്തികള്‍ സമൂഹത്തില്‍ അര്‍ബുദംപോലെ പടരാന്‍ ശ്രമിക്കുമ്പോള്‍ നല്ല നാളെയുടെ സന്ദേശവുമായെത്തിയ യുവജനമുന്നേറ്റത്തെ പാലിയം പോരാട്ടത്തിന്റെയും പന്തിഭോജനത്തിന്റെയും മണ്ണ് ആവേശത്തോടെയാണ് സ്വീകരിച്ചത്. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ഇനി നാലുനാള്‍ എറണാകുളം ജില്ലയില്‍ പര്യടനംനടത്തും. കറുകുറ്റിയിലെത്തിയ യൂത്ത്മാര്‍ച്ചിനെ സ്വീകരിക്കാന്‍ വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെ ജില്ലാ നേതാക്കള്‍ എത്തിയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം വി എ ശ്രീജിത്, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ് ശര്‍മ എംഎല്‍എ, കെ ചന്ദ്രന്‍പിള്ള, സി എന്‍ മോഹനന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി വി ഔസേഫ്, വി പി ശശീന്ദ്രന്‍, പി ആര്‍ മുരളീധരന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, സെക്രട്ടറി എം പി പത്രോസ്, കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി കെ മോഹനന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി എം എ സുരേന്ദ്രന്‍, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജയകുമാര്‍ ചെങ്ങമനാട്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനീഷ് മാത്യു തുടങ്ങിയവര്‍ യൂത്ത്മാര്‍ച്ചിനെ വരവേറ്റു. വാദ്യമേളങ്ങളും മുത്തുക്കുടകളും സ്വീകരണത്തിന് മിഴിവേകി. അങ്കമാലിയിലായിരുന്നു യൂത്ത്മാര്‍ച്ചിന് ജില്ലയിലെ ആദ്യസ്വീകരണം. വി ടി ഭട്ടതിരിപ്പാട് നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു.
ബുധനാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മാര്‍ച്ചിന് 11ന് അത്താണിയിലും 12.30ന് ആലുവയിലും സ്വീകരണംനല്‍കും. വൈകിട്ട് കളമശേരിയിലെ പാലിയം സത്യഗ്രഹനഗറില്‍ ചേരുന്ന സമ്മേളനത്തില്‍ കെ ടി ജലീല്‍ എംഎല്‍എ സംസാരിക്കും. രാവിലെ കൊടകരയില്‍നിന്ന് പ്രയാണമാരംഭിച്ച മാര്‍ച്ചിന് ചാലക്കുടി പോട്ടയിലെ ബിഷപ് പൗലോസ് മാര്‍ പൗലോസ് നഗറില്‍ ആദ്യസ്വീകരണംനല്‍കി. പരിയാരം കര്‍ഷകസമരനഗറിലും കൊരട്ടി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ നഗറിലുമായിരുന്നു മറ്റു സ്വീകരണങ്ങള്‍. നഗരസഭാ അതിര്‍ത്തിയായ നാടുകുന്നില്‍ ബി ഡി ദേവസി എംഎല്‍എ, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍, ഡിവൈഎഫ്ഐ, സിപിഐ എം നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു. പോട്ടയിലെ സ്വീകരണത്തില്‍ രക്തസാക്ഷി മാഹിന്റെ ബാപ്പ ഷാഹുല്‍ ഹമീദ് ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. മാഹിന്റെ വിധവ ജിന്‍ഷയും സ്വീകരണത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, കെ എസ് സുനില്‍കുമാര്‍, എ എ റഹീം, വി കെ സനോജ് എന്നിവര്‍ സംസാരിച്ചു.
deshabhimani 230113
Labels:
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment