Wednesday, January 23, 2013
ബിജെപിയിലെ അന്തഃഛിദ്രം സംസ്ഥാനത്തേക്കും വി മുരളീധരനെതിരെ ആര്‍ എസ് എസ്
ബി ജെ പിയുടെ ദേശീയതലത്തിലെ അന്തഃഛിദ്രം സംസ്ഥാനഘടകത്തിലേക്കും പടരുന്നു. നിലവിലുള്ള പ്രസിഡന്റ് വി മുരളീധരനെതിരെ ആര്‍ എസ് എസ് പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം വി മുരളീധരന്റെ നിയമനം ഭസ്മാസുരന് വരം കൊടുത്തതുപോലെയായി.
ഡല്‍ഹിയില്‍ നെഹ്‌റു യുവകേന്ദ്രയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മുരളീധരനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആനയിച്ചു കൊണ്ടുവന്നിരുത്തിയത് ആര്‍ എസ് എസ് ആണ്. പക്ഷേ, സംഘപരിവാര്‍ ആഗ്രഹിച്ചതുപോലുള്ള ഒരു പ്രവര്‍ത്തന ശൈലി മുരളീധരനില്‍ നിന്നുണ്ടായില്ല. സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്തതു മുതല്‍ മുരളീധരന്‍ അനുവര്‍ത്തിച്ചത് തനതായ മറ്റൊരു ശൈലിയാണ്. ഇത് സ്വാഭാവികമായും ആര്‍ എസ് എസിനെ പ്രകോപിപ്പിക്കുകയും ചെയ്തു.
പഴയ ആര്‍ എസ് എസുകാരെ സജീവമാക്കി ബി ജെ പിയുടെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ മുരളീധരന്റെ ആത്മാര്‍ത്ഥമായ സഹകരണമാണ് അവര്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല.
എന്നാല്‍, ആര്‍ എസ് എസിന്റെ അപ്രീതിക്ക് പാത്രമായാലും കുഴപ്പമില്ല എന്ന മട്ടില്‍ ബി ജെ പിയിലെ ഒരു വിഭാഗം മുരളീധരനൊപ്പം ഉറച്ചു നില്‍ക്കുന്നു. മുരളീധരനു ചുമതലയേറ്റ ശേഷം അണികളില്‍ മുമ്പില്ലാതിരുന്ന ഒരുണര്‍വ്വ് ദൃശ്യമായി എന്നാണ് അവരുടെ വാദം. ഇത് ശരിവയ്ക്കും വിധം മുരളീധരനെ വേണ്ടി താഴെത്തട്ടില്‍ നീക്കം ശക്തമാണ്.
നേരത്തെ സംസ്ഥാന അധ്യക്ഷപദവിയിലെത്തിയെങ്കിലും ശോഭിക്കാന്‍ കഴിയാതെ പോയ പി കെ കൃഷ്ണദാസിനെ ഒരുവട്ടംകൂടി ആ പദവിയില്‍ അവരോധിക്കാനാണ് ആര്‍ എസ് എസ് ആലോചിക്കുന്നത്. കെ പി ശ്രീജന്റെ പേരും സംഘപരിവാര്‍ പരിഗണിക്കുന്നുണ്ട്.
പക്ഷേ, സംസ്ഥാനത്ത് ബി ജെ പിയ്ക്ക് മുഖം മിനുക്കാന്‍ ഒരു യുവനേതൃത്വം ആഗ്രഹിക്കുന്ന ആര്‍ എസ് എസിലെ ഒരു വിഭാഗം എം ടി രമേശിനെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, രമേശും മുരളീധരനെപ്പോലെ തനതുശൈലിയുടെ ആളാണെന്ന അപകടം മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് സാധ്യതയില്ലാത്തതിനാല്‍ സമവായത്തിനുള്ള ശ്രമവും കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. സമവായം ഉണ്ടാക്കാനായില്ലെങ്കില്‍ താഴെത്തട്ടില്‍ അത് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും എന്നുറപ്പ്.
പാര്‍ട്ടി മുഖപത്രത്തിന്റ നിയന്ത്രണം അടുത്തകാലത്ത് ആര്‍ എസ് എസ് പിടിച്ചെടുത്തതോടെ ആ കാര്യത്തിലും സംസ്ഥാന നേതൃത്വവും ആര്‍ എസ് എസും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഏതാണ്ട് പരസ്യമായിട്ടുണ്ട്.
ആര്‍ എസ് എസിന്റെ ഇടപെടലുകള്‍ അസഹ്യമായതോടെ പത്രാധിപര്‍ രാജിവച്ചുപിരിഞ്ഞു. ആര്‍ എസ് എസ് അജണ്ട ബി ജെ പിയില്‍ നടപ്പാക്കാന്‍ പത്രത്തെ ഉപകരണമാക്കുന്നതിനോട് എതിര്‍പ്പുള്ളയാളായിരുന്നു പത്രാധിപര്‍. ആ വ്യക്തിയെ പത്രത്തിന്റെ അധിപനായി നിയോഗിച്ചത് ആര്‍ എസ് എസ് ആയിരുന്നു. പത്രം നടത്തിക്കൊണ്ടുപോകാനുള്ള കെല്‍പ്പ് ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിനില്ല എന്നതാണ്, ഇടപെടലിനെ സാധൂകരിക്കാന്‍ സംഘപരിവാര്‍ നിരത്തുന്ന ന്യായം. കോടിക്കണക്കിന് രൂപയുടെ ബാധ്യത പത്രനടത്തിപ്പിന്റെ പേരില്‍ വരുത്തിവച്ചിട്ടുള്ളതും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ എസ് എസ് നയപരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ ബി ജെ പി മുഖപത്രത്തിന് കഴിയാതെ വന്നതോടെ സ്വന്തം നിലയില്‍ ഒരു ചാനല്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് അവര്‍. ജനം എന്നാണ് ചാനലിന്റെ പേര്. ആലുവ കേന്ദ്രീകരിച്ച് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും കെട്ടിടം പണിയും നടന്നുവരുന്നു.
(ബേബി ആലുവ)
janayugom 230113
Labels:
ബിജെപി,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment