കോഴിക്കോട്: സ്ത്രീസ്വാതന്ത്ര്യവും പീഡനവും സംബന്ധിച്ച ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ അഭിപ്രായത്തെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആര്‍എസ്എസ് മേധാവിയുടെ ആശയം ചര്‍ച്ചക്ക് വിധേയമാക്കണമെന്നാണ് കാന്തപുരം അഭിപ്രായപ്പെട്ടത്. അദ്ദേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും യോജിപ്പില്ലെങ്കിലും അടിസ്ഥാന ആശയം ചര്‍ച്ചക്ക് വിധേയമാക്കണമെന്നാണ് തോന്നുന്നതെന്ന് കാന്തപുരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാവിഭാഗം ജനറല്‍സെക്രട്ടറിയായ കാന്തപുരം സ്വന്തം പത്രമായ "സിറാജി"ലാണ് വിവാദ നിലപാടുകള്‍ വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍നിന്ന്: "നമ്മുടെ സംസ്കാരത്തിനും പൈതൃകത്തിനും ചേരാത്ത ജീവിതരീതികളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് അടിസ്ഥാനകാരണം.
സ്ത്രീയും പുരുഷനും ഒന്നാണെന്ന് ധരിക്കുന്നിടത്തുനിന്ന് പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. പരസ്പരം അംഗീകരിച്ചും ആദരിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കേണ്ട രണ്ട് ഘടകങ്ങള്‍ തുല്യതക്ക് വേണ്ടി മത്സരിക്കുന്നതെന്തിന്? സ്ത്രീപുരുഷ സമത്വം പ്രകൃതിവിരുദ്ധമായ ആശയമാണ്. ഫെമിനിസം പാശ്ചാത്യവല്‍കൃതമായ ആശയമാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല. ഡല്‍ഹിയില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ "ഞങ്ങളോട് വസ്ത്രത്തെക്കുറിച്ച് പറയണ്ട, അവരോട് ആക്രമിക്കരുതെന്ന് പറയൂ" എന്ന തരത്തില്‍ എഴുതിവച്ചത് കണ്ടിട്ടില്ലേ? ഞങ്ങള്‍ വീടിന്റെ വാതിലുകള്‍ തുറന്നുപോകും, മോഷണം തടയൂ എന്ന് പറയുന്നത് പോലെയല്ലേ ഇത്?
കനത്ത ശിക്ഷകൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാമെന്ന് കരുതുന്നത് ശരിയല്ല. നിയമം മാത്രമല്ല സമൂഹത്തിന്റെ സമീപനമാണ് മാറേണ്ടത്. അറബ്നാടുകളില്‍ സ്ത്രീകള്‍ക്ക് സാമൂഹിക ഇടപെടലുകള്‍ക്ക് നിയന്ത്രണമുണ്ട്. അതിനാല്‍ അവിടെ വളരെകുറച്ച് മാത്രമേ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുള്ളൂ. ഇവിടെ നിലമറന്നു കളിക്കുകയാണ്. സ്വതന്ത്ര്യം അനിയന്ത്രിതമാകുന്നതാണ് നമ്മുടെ പ്രശ്നം." നേരത്തെ ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസിന്റെ നയത്തിന് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ആണ്‍-പെണ്‍കുട്ടികളെ ഒരുസ്കൂളില്‍ പഠിപ്പിക്കുന്നതടക്കം തടയണമെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടത്. വീടുനോക്കാത്ത ഭാര്യമാരെ ഉപേക്ഷിക്കാമെന്നാണ് ആര്‍എസ്എസ് മേധാവി പറഞ്ഞത്.
deshabhimani 210113
No comments:
Post a Comment