Tuesday, January 8, 2013

എംജി കോളേജില്‍ ഭീകരത; എബിവിപിക്കാര്‍ നാലുമണിക്കൂര്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ടു


എം ജി കോളേജില്‍ എബിവിപി സംഘം പെണ്‍കുട്ടിയെ നാലു മണിക്കൂര്‍ യൂണിയന്‍ റൂമില്‍ പൂട്ടിയിട്ടു. തിങ്കളാഴ്ച പകല്‍ 12.30നാണ് സംഭവം. വായുസഞ്ചാരമില്ലാത്ത ഇരുട്ടു മുറിയില്‍ മണിക്കൂറുകള്‍ കഴിയേണ്ടി വന്ന പെണ്‍കുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവ് ആര്‍എസ്എസ്- എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി മൊഴി നല്‍കിയതിനെത്തുടര്‍ന്ന് വിഷ്ണു, ആനന്ദ്, അഖില്‍ദേവ്, സായ്നാഥ്, സൂര്യ എന്നിവരുടെയും മറ്റൊരു പെണ്‍കുട്ടിയുടെയും പേരില്‍ പൊലീസ് കേസെടുത്തു.

 പെണ്‍കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന എബിവിപി പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ യൂണിയന്‍ റൂമില്‍ എത്തിച്ചത്. പെണ്‍കുട്ടി എത്തിയതോടെ എബിവിപി പ്രവര്‍ത്തകര്‍ റൂം പുറത്തുനിന്ന് പൂട്ടുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുംചെയ്തു. കേസ് പിന്‍വലിക്കാന്‍ ബന്ധുക്കളോട് പറഞ്ഞില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ടിസി എഴുതി വാങ്ങിച്ചു. ഇരുട്ടുമുറിയില്‍ ഉറക്കെ നിലവിളിച്ച പെണ്‍കുട്ടിയെ അക്രമിക്കാനും എബിവിപിക്കാര്‍ ശ്രമിച്ചു. ഒച്ച വച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. എബിവിപി പ്രവര്‍ത്തകര്‍ പുറത്തുപോയ തക്കത്തില്‍ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വഴി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വനിതാസെല്ലിലും പൊലീസിലും വിവരം കൈമാറി. പേരൂര്‍ക്കട പൊലീസ് സ്ഥലത്തെത്തിയെന്ന് അറിഞ്ഞയുടന്‍ പെണ്‍കുട്ടിയെ എബിവിപിസംഘം മുറിയില്‍നിന്ന് പുറത്തിറക്കി. എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ നടത്തിവരുന്ന ഫാസിസ്റ്റ് ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി.

deshabhimani

No comments:

Post a Comment