മട്ടാഞ്ചേരി പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തോടു ചേര്‍ന്നുള്ള പുരാതന പാത്രക്കുളവും തൊടിയും ബിനാലെയിലെ ഇന്‍സ്റ്റലേഷനായി പുനര്‍ജനിക്കുന്നു. കാടുംപടലും കയറിക്കിടന്ന ഒരേക്കറോളം ദേവസ്വം ഭൂമി ചിത്രകലാധ്യാപകനായ കോഴിക്കോട് സ്വദേശി വി പി നന്ദകുമാറിന്റെ കലാവിരുതിലാണ് വ്യത്യസ്ത ഇന്‍സ്റ്റലേഷനായി മാറുന്നത്. പുണെ മഹീന്ദ്ര യുണൈറ്റഡ് വേള്‍ഡ് കോളേജിലെ ചിത്രകലാ അധ്യാപകനാണ് നന്ദകുമാര്‍. വിത എന്നാണ് ഇന്‍സ്റ്റലേഷന്റെ പേര്. ഭൂപ്രകൃതിയില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെ പ്രകൃതിയോടിണങ്ങുന്ന ചില കലാവിരുതുകള്‍ കൂട്ടിച്ചേര്‍ത്ത് ഇന്‍സ്റ്റലേഷന്‍ ഒരുക്കാന്‍ നന്ദകുമാര്‍ കണ്ടെത്തിയത് ഡച്ച് കൊട്ടാരത്തിന്റെയും കൊച്ചി രാജകുടുംബത്തിന്റെ കുടുംബദേവതയായ പഴയന്നൂര്‍ ദേവീക്ഷേത്രത്തിന്റെയും സമീപമുള്ള സ്ഥലമാണ്.
നിര്‍മാണങ്ങള്‍ക്കൊന്നും കേടുപറ്റാതെ പൈതൃക സ്മാരകമായതിനാല്‍ ഒരാണിപോലും അടിക്കരുതെന്ന കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിബന്ധനയോടെ സ്ഥലം ഒരുക്കി. ബന്ധുകൂടിയായ ആര്‍ക്കിടെക്ട് എന്‍ എം രാകേഷും നാട്ടുകാരും നന്ദകുമാറിനൊപ്പം കൂടി. രാജഭരണകാലത്ത് അന്നദാനം നടത്തിയ പ്രദേശമാണിത്. ഊണിനുവരുന്നവര്‍ പാത്രംകഴുകിയ&ഹറൂൗീ;കുളമായതിനാലാണ് പാത്രക്കുളമെന്ന പേരു വീണത്. പാത്രക്കുളത്തിനു നടുവില്‍ വെള്ളത്തിനു മീതെ ഇരുമ്പില്‍ തീര്‍ത്ത ഒരു ശില്‍പ്പം നന്ദകുമാര്‍ സ്ഥാപിച്ചു. പാലയും പുളിയും ഉള്‍പ്പെടെയുള്ള മരങ്ങള്‍ തണല്‍വിരിക്കുന്ന പുരയിടത്തില്‍ പൂജാരിമാര്‍ക്കു കുളിക്കാനുള്ള മറ്റൊരു കുളമുണ്ട്. വിതയുടെ ഭാഗമായി കുറച്ച് താല്‍ക്കാലിക വിന്യാസങ്ങളും സ്ഥിരം വിന്യാസങ്ങളും ഇവിടെ നടത്താനാണ് നന്ദകുമാറിന്റെ പരിപാടി. ക്ഷേത്രപൂജാരിമാര്‍ താമസിച്ചിരുന്ന നാലുകെട്ടിനുള്ളിലെ ആറു തൂണുകളില്‍ രണ്ടെണ്ണം പൂര്‍ണമായി നശിച്ച നിലയിലായിരുന്നു. ഒരു തൂണിന്റെ സ്ഥാനത്ത് ആയിരത്തിലധികം കുത്തിവയ്പുമരുന്ന് കുപ്പികള്‍ ഉപയോഗിച്ച് ഒരു സ്ഫടികതൂണ്‍ നിര്‍മിച്ചു.
പൊട്ടിപ്പൊളിഞ്ഞ ഊട്ടുപുരയില്‍ സ്ഫടികത്തില്‍ തീര്‍ത്ത മറ്റൊരു ശില്‍പ്പം തൂക്കി. കാടു വെട്ടിത്തെളിച്ചു നിരപ്പാക്കിയ അഞ്ചുസെന്റോളം സ്ഥലത്ത് പാകിയ കരനെല്ല് മുളച്ചു. ചെത്തിയും മന്ദാരവുംപോലുള്ള നാട്ടു പൂച്ചെടികളും നട്ടുപിടിപ്പിച്ചു. ഇരിക്കാനായി മുള ബെഞ്ചുകളുണ്ട്. ഊട്ടുപുരയ്ക്കു പിന്നിലെ സര്‍പ്പക്കാവില്‍ നക്ഷത്രവനം വച്ചുപിടിപ്പിക്കുന്നുണ്ട്. സര്‍പ്പക്കാവിനടുത്ത് ചെറിയൊരു നടപ്പാതെയും ധ്യാനത്തിന് പീഠവും നിര്‍മിക്കാന്‍ നന്ദകുമാര്‍ ഉദ്ദേശിക്കുന്നു. വിതയൊരുങ്ങുന്ന ഭാഗത്തെ കെട്ടിടത്തിലെ വാതില്‍ ഊട്ടുപുരയിലേക്കാണ് തുറക്കുന്നത്. ഇവിടെ ഇരുമ്പുകൊണ്ട് ബുദ്ധഭിക്ഷുക്കളുടെ ഭിക്ഷാപാത്രത്തിന്റെ ആകൃതിയിലുള്ള വിളക്കുകള്‍ നിരത്തിയിരിക്കുന്നു. അതിനപ്പുറത്തെ വാതിലിലൂടെ കാവിലെത്താം. അടുത്ത മഴക്കാലംവരെ കൂലിക്ക് ഒരാളെ നിര്‍ത്തി വിത സംരക്ഷിക്കാനാണ് നന്ദകുമാറിന്റെ പദ്ധതി. ഇടയ്ക്കൊക്കെ പുണെയില്‍നിന്നെത്തി ഇന്‍സ്റ്റലേഷന്‍ പരിശോധിക്കാനും ഉദ്ദേശിക്കുന്നു. താന്‍ മനസ്സില്‍ കാണുന്ന ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകാന്‍ അല്‍പ്പം കാത്തിരിക്കണമെന്നും വിശാലകൊച്ചി വികസന അതോറിറ്റിയും കോര്‍പറേഷനുമെല്ലാം ഈ പദ്ധതിയില്‍ പങ്കാളിയാകുമെന്നാണ് പ്രതീക്ഷയെന്നും നന്ദകുമാര്‍ പറഞ്ഞു.
deshabhimani 080113
No comments:
Post a Comment