Tuesday, January 8, 2013
സമഗ്ര ആരോഗ്യപദ്ധതി തകര്‍ക്കാനും ശ്രമം
കേരളത്തിന്റെ സമഗ്ര ആരോഗ്യപദ്ധതി റിലയന്‍സിന്റെ കൈകളിലെത്തിക്കുംമുമ്പുതന്നെ അതിനെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബജറ്റില്‍ വകയിരുത്തിയ പ്രീമിയം യഥാസമയം നല്‍കാതെയും നടത്തിപ്പ് ഏജന്‍സിയിലെ ഒഴിവുകള്‍ നികത്താതെയും പദ്ധതിയെ പ്രതിസന്ധിയിലാക്കുകയാണ് സര്‍ക്കാര്‍. പദ്ധതിക്കായി ഈ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 308 കോടി രൂപയില്‍ 130 കോടി മാത്രമാണ് കഴിഞ്ഞ ജൂണ്‍വരെ നല്‍കിയത്. 178 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ കുടിശ്ശിക വരുത്തിയത് ഇന്‍ഷുറന്‍സ് ഏജന്‍സിയെയും അവര്‍ ധാരണപത്രം ഒപ്പുവച്ച ആശുപത്രികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. എന്നാല്‍, ആശുപത്രികളുടെ ക്ലെയിം അംഗീകരിക്കുമ്പോള്‍ പ്രീമിയം ലഭിക്കാത്തതിനാല്‍ അതിന്റെ പണം നല്‍കാനാകാതെ വരുന്നു. ഇന്‍ഷുറന്‍സ് നിയമമനുസരിച്ച് പ്രീമിയം മുന്‍കൂര്‍ അടച്ചാലേ അതിന് പ്രാബല്യമുണ്ടാകൂ. പണം നല്‍കേണ്ടത് സര്‍ക്കാരായതുകൊണ്ട് ചെറിയ കാലതാമസം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ കണക്കിലെടുക്കാറില്ല. എന്നാല്‍, ഇപ്പോഴുള്ള സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സംസ്ഥാന ധനവകുപ്പ് തുടക്കംമുതല്‍ പദ്ധതിയോട് പുറംതിരിഞ്ഞു നില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
പദ്ധതിനടത്തിപ്പിനുള്ള ഏജന്‍സിയായ ചിയാക്കില്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍), മാനേജര്‍ (ഇന്‍ഷുറന്‍സ്) തസ്തികകള്‍ നാലുമാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ ഒന്ന് കരാര്‍ അടിസ്ഥാനത്തിലും ഒന്ന് ഡെപ്യൂട്ടേഷനിലും നടത്തിയ നിയമനങ്ങളാണ്. 35 ലക്ഷത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട സമഗ്രവും വിപുലവുമായ പദ്ധതിയില്‍ പ്രധാന ചുമതലകളില്‍ നിയമനത്തിന് ഇത്രയും കാലതാമസം വരുത്തുന്നത് പദ്ധതിയോടുള്ള വിരുദ്ധ സമീപനമാണ് കാണിക്കുന്നത്. അതേസമയം, ചിയാകിന്റെ വെബ്സൈറ്റില്‍ മാനേജര്‍ (ഐടി), മെഡിക്കല്‍ ഓഫീസര്‍ തസ്തികളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തസ്തികകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് അധികൃതരുടെ ഭാഷ്യം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതോ പരിപോഷിപ്പിച്ചതോ ആയ പദ്ധതികളോടെല്ലാമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധസമീപനമാണ് ഇവിടെയും കാണുന്നത്. ജനകീയാസൂത്രണ പ്രസ്ഥാനത്തോടും കുടുംബശ്രീയോടും ജനമൈത്രി പൊലീസിനോടുമെല്ലാം സര്‍ക്കാര്‍ കൈക്കൊണ്ട സമീപനത്തിന്റെ തുടര്‍ച്ചയാണ് സമഗ്ര ആരോഗ്യപദ്ധതിയോടും കാണിക്കുന്നത്.
(എം എന്‍ ഉണ്ണിക്കൃഷ്ണന്‍)
എസ്എസ്എ അഴിമതി: തട്ടിപ്പ് മുന്‍ യുഡിഎഫ് കാലത്തേതിന് സമാനം
തിരു: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ മറവില്‍ സര്‍വ ശിക്ഷാ അഭിയാനില്‍ (എസ്എസ്എ) മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വന്‍ അഴിമതി നടത്തി. അന്ന് കെല്‍ട്രോണിനെയായിരുന്നു പദ്ധതി ഏല്‍പ്പിച്ചത്. എന്നാല്‍, കെല്‍ട്രോണ്‍ വിതരണംചെയ്ത ഉപകരണങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി ഇടയ്ക്ക് പദ്ധതി നിര്‍ത്തിവയ്ക്കേണ്ടിവന്നു. കോടികള്‍ മുടക്കിവാങ്ങിയ ഉപകരണങ്ങളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടിവന്നത്. കെല്‍ട്രോണ്‍ നല്‍കിയ ഉപകരണങ്ങളില്‍ അലുമിനിയത്തില്‍ നിര്‍മിക്കേണ്ട എല്‍ബോ സ്ക്രച്ചസ്, ഹോള്‍ഡിങ് വാക്കര്‍ എന്നിവ ഇരുമ്പിലാണ് നിര്‍മിച്ചു നല്‍കിയത്. വില്‍ചെയറുകള്‍ നിര്‍മിച്ചത് ഗുണനിലവാരമില്ലാത്ത ലോഹത്തിലും. വീല്‍ചെയറിന് ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല വിപണിവിലയുടെ ഇരട്ടിവരെ തുകയ്ക്കാണ് കെല്‍ട്രോണ്‍ വിതരണംചെയ്തത്. ചലനശേഷിയില്ലാത്ത കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങളില്‍പോലും വെട്ടിപ്പ് നടന്നു. ഓരോ കുട്ടിയുടെയും ശാരീരിക വൈകല്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കേണ്ട ഉപകരണങ്ങള്‍, അത്തരത്തില്‍ നിര്‍മിക്കാത്തതുമൂലം ഉപയോഗ്യശൂന്യമാകുകയായിരുന്നു. കെല്‍ട്രോണിന്റെ അരൂരിലെ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് ദി ഫിസിക്കലി ഡിസേബിള്‍ഡ് യൂണിറ്റാണ് അന്ന് ഉപകരണങ്ങള്‍ വാങ്ങി വിതരണംചെയ്തത്. അന്നും ഇടനിലക്കാരും ഭരണകക്ഷി നേതാക്കളും വന്‍തോതില്‍ കമീഷന്‍ കൈപ്പറ്റിയതായി ആക്ഷേപം ഉയര്‍ന്നെങ്കിലും അന്വേഷിച്ച് നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
deshabhimani 080113
Subscribe to:
Post Comments (Atom)
No comments:
Post a Comment