Tuesday, January 8, 2013

ഡിഎംആര്‍സി വരും: ശ്രീധരന്റെ അധികാരം അവ്യക്തം


ഇ ശ്രീധരന് പ്രത്യേക അധികാരങ്ങള്‍ നല്‍കാതെ കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ ഡിഎംആര്‍സിയെ സഹകരിപ്പിക്കാന്‍ തീരുമാനം. കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സിയുടെയും കെഎംആര്‍എലിന്റെയും എംഡിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.

മെട്രോ നിര്‍മാണത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതലയും മെട്രോ പദ്ധതിയുടെ ദിശയും രൂപരേഖയും സാങ്കേതിക വിദ്യ തെരഞ്ഞെടുപ്പും ഉള്‍പ്പെടെ തീരുമാനിക്കാനുള്ള നിര്‍ണായക അധികാരങ്ങള്‍ കെഎംആര്‍എലിന് നല്‍കാനാണ് യോഗ തീരുമാനം. കൊച്ചി മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്ക് സംബന്ധിച്ച നിര്‍ണായക തീരുമാനം ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിശദാംശങ്ങളില്‍ അവ്യക്തത തുടരുകയാണ്. ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന് നല്‍കുന്ന അധികാരങ്ങളുടെ കാര്യത്തിലാണ് അവ്യക്തത. ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരുകയും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞു. അദ്ദേഹത്തിന് എന്തൊക്കെ അധികാരങ്ങള്‍ നല്‍കണമെന്ന കാര്യം കെഎംആര്‍എലും ഡിഎംആര്‍സിയും ആലോചിച്ച് തീരുമാനിക്കും. ഒരു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും.

പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ അധികാരങ്ങള്‍ ശ്രീധരന് നല്‍കുമെന്ന് ചോദ്യത്തിന് മറുപടിയായി കമല്‍നാഥ് പറഞ്ഞു. ഡെല്‍ഹിക്ക് പുറത്ത് ആദ്യമായാണ് ഡിഎംആര്‍സി നിര്‍മാണ ചുമതലയേല്‍ക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിക്ക് ചെലവാകുന്ന തുകയുടെ മേല്‍ നിശ്ചിത ശതമാനം പ്രതിഫലമെന്ന വ്യവസ്ഥയിലായിരിക്കും ഡിഎംആര്‍സിയുടെ സഹകരണമെന്നും കമല്‍നാഥ് പറഞ്ഞു.

മെട്രോ നിര്‍മാണത്തിന്റെ ടെണ്ടറുകള്‍ വിളിക്കുന്നത് ഡിഎംആര്‍സിയായിരിക്കുമെങ്കിലും യോഗ തീരുമാന പ്രകാരം കെഎംആര്‍എലിന് ഡിഎംആര്‍സിക്ക് മുകളില്‍ അധികാരം ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. മെട്രോ നിര്‍മാണത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല കെഎംആര്‍എലിനായിരിക്കും. മെട്രോ റെയിലിന്റെ നടത്തിപ്പും മെയ്ന്റനന്‍സും നടത്തുന്നതിന് കെഎംആര്‍എലിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഡിഎംആര്‍സി സഹായിക്കണം. സാങ്കേതിക വിദ്യയുടെയും ഫണ്ട് ചെലവഴിക്കലിന്റെയും കാര്യത്തില്‍ കെഎംആര്‍എലിനായിരിക്കും പൂര്‍ണ അധികാരം. കെഎംആര്‍എലിന്റെ അറിവോടെയല്ലാതെ ഇക്കാര്യങ്ങളില്‍ ഡിഎംആര്‍സി തീരുമാനമെടുക്കാന്‍ പാടില്ലെന്നും പറയുന്നു.നിര്‍മാണ ചുമതലകള്‍ വ്യക്തമാക്കുന്ന ധാരണാപത്രം ഒരുമാസത്തിനുള്ളില്‍ കെഎംആര്‍എലും ഡിഎംആര്‍സിയും ഒപ്പിടുമെന്നും കമല്‍നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിഎംആര്‍സി ഏതുവിധത്തില്‍ സഹകരിക്കണമെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞ നവംബര്‍ 27ന് സെക്രട്ടറിയ തല സമിതി രൂപീകരിച്ചിരുന്നു. ഡെല്‍ഹി, കേരള ചീഫ് സെക്രട്ടറിമാരും നഗര വികസന സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി പത്തു ദിവസത്തിനുള്ളില്‍ കരട് തയ്യറാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ മൂലം കരട് തയ്യാറാക്കല്‍ വൈകി. ചൊവ്വാഴ്ചത്തെ യോഗത്തിലും ഇത് ചര്‍ച്ച ചെയ്തില്ല. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ വി തോമസ്, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ ബാബു, ഇ ശ്രീധരന്‍, ചീഫ് സെക്രട്ടറി കെ ജോസ് സിറിയക്ക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി പി രാജീവ് എംപി കമല്‍നാഥുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.

ആദ്യടെണ്ടര്‍ ഒരാഴ്ചക്കകം: ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണമാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ടെണ്ടര്‍ ഒരാഴ്ചക്കകം ഉറപ്പിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ മെട്രോക്ക് വേണ്ടി തയ്യറാക്കിയിട്ടുള്ള മറ്റ് മൂന്ന് ടെണ്ടറുകളും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്ത് ചേര്‍ന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍.

കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സി സഹകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സിവില്‍ ജോലികള്‍ ഉടനെ ആരംഭിക്കും. ആലുവ മുട്ടത്തെ മെട്രോ യാര്‍ഡ് നിര്‍മാണത്തിനുള്ള ടെണ്ടര്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. ഒരാഴ്ചക്കകം ഇതിന്റെ കരാര്‍ ഉറപ്പിക്കും. മറ്റ് രണ്ട് ടെണ്ടറുകള്‍ ഒരാഴ്ചക്കകം പരസ്യം ചെയ്യും. മറ്റൊന്ന് മൂന്നാഴ്ചക്കകം ടെണ്ടര്‍ ചെയ്യും. മറ്റു കാര്യങ്ങള്‍ തടസമില്ലാതെ നീങ്ങിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ മെട്രോ നിര്‍മാണം തീരും.

മെട്രോ പാതയ്ക്കുള്ള സ്ഥലമെടുപ്പ് വേഗം പൂര്‍ത്തിയാകണം. ജൈക്കയില്‍ നിന്നുള്ള വായ്പ ലഭ്യത, റോളിങ് സ്റ്റോക്കിന്റെ ലഭ്യത എന്നിവയിലും തടസങ്ങളുണ്ടായില്ലെങ്കില്‍ പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാകും. ജൈക്ക വായ്പക്ക് തടസമുണ്ടെങ്കില്‍ മറ്റു ഏജന്‍സികളെയും പരിഗണിക്കും. കൊച്ചി മെട്രോ നിര്‍മാണത്തില്‍ തനിക്ക് പ്രത്യേക അധികാരങ്ങള്‍ കൈമാറി കഴിഞ്ഞ മാര്‍ച്ചില്‍ ഡിഎംആര്‍സി എംഡി മങ്കുസിങ് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതായും ശ്രീധരന്‍ പറഞ്ഞു. അതു പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിക്കാനാകുമെന്നും ഇപ്പോഴത്തെ തീരുമാനത്തില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment