Tuesday, January 8, 2013
ജീവനക്കാരുടെ പണിമുടക്കിന് ജനങ്ങളുടെയാകെ പിന്തുണ
ജനുവരി 8 മുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന് ആഗസ്ത് 8ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുക എന്നതാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന മുഖ്യ ആവശ്യം.
നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി ബാധകമല്ലെന്നും 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമേ അത് ബാധകമാകൂ എന്നുമുള്ള പഴയ പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് ഉമ്മന്‍ചാണ്ടി ജനുവരി ഒന്നിന്റെ ചര്‍ച്ചയില്‍ ചെയ്തത്. പാര്‍ലമെന്‍റിെന്‍റ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥ പ്രകാരം ഏതു വിഭാഗത്തെയും എപ്പോള്‍ വേണമെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാമെന്നിരിക്കെ ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ജീവനക്കാരെ പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത നാലര ഇരട്ടി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ പെന്‍ഷന്‍ചെലവ് കുറയ്ക്കുന്നതിന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയല്ലാതെ മറ്റു പോംവഴി ഇല്ല എന്നാണ് ഉമ്മന്‍ചാണ്ടി സംഘടനകളോടും പൊതുസമൂഹത്തോടും പറയുന്നത്. ഇതും മറ്റൊരു തട്ടിപ്പാണ്. പുതിയ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടി വരുന്നത് ഏകദേശം 30 വര്‍ഷത്തിനുശേഷമാണ്. അപ്പോള്‍ അതിനുശേഷം പിരിയുന്നവര്‍ക്കു നല്‍കേണ്ട പെന്‍ഷന്‍ ബാധ്യതയില്‍നിന്നു മാത്രമേ, ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നതനുസരിച്ച്, സര്‍ക്കാരിന് ഒഴിയാനാകൂ. ആ നിലയ്ക്ക് സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതയ്ക്ക് ഇത് പരിഹാരമാകില്ലല്ലോ.
മാത്രമല്ല, നിര്‍ദിഷ്ട പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥപ്രകാരം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്ന പെന്‍ഷന്‍വിഹിതത്തിനു തുല്യമായ തുക സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കുപോലും സംശയമുണ്ടാവില്ലല്ലോ. ഇങ്ങനെ ജീവനക്കാരില്‍നിന്നും പിടിച്ചെടുക്കുന്നതും സര്‍ക്കാര്‍ ഖജനാവില്‍നിന്നും പ്രതിമാസം നീക്കിവെയ്ക്കുന്നതുമായ തുകയാകട്ടെ സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകളിലേക്കാണ് പോകുന്നത്. പെന്‍ഷന്‍ ഫണ്ടുകളിലും വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കാനുള്ള നിയമം പാസ്സാക്കിയിരിക്കെ ഈ രംഗത്ത് വിദേശ ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മറ്റും തേര്‍വാഴ്ചയായിരിക്കും വരാന്‍ പോകുന്നത്. ആ നിലയ്ക്ക് ജീവനക്കാരുടെ ശമ്പളത്തില്‍നിന്നുള്ള വിഹിതവും സംസ്ഥാന ഖജനാവിലെ പണവും നാടനും മറുനാടനുമായ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ചൂതാട്ടത്തിന് നല്‍കാനുള്ള വ്യഗ്രതയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രകടിപ്പിക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനുമുമ്പ് ഹിതപരിശോധന നടത്തണമെന്നും അതുവരെ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നുമുള്ള ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദേശംപോലും പരിഗണിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറല്ല. നവലിബറല്‍ നയങ്ങളുടെ കടന്നുവരവ് തന്നെ ജനാധിപത്യവിരുദ്ധമായിട്ടാണെന്നിരിക്കെ ഇതില്‍ അല്‍ഭുതത്തിനവകാശമില്ല. 1970കളിലെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്താദ്യം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണമടക്കമുള്ള നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കി തുടങ്ങിയത് ചിലിയില്‍ സൈനിക ഭരണത്തിന്‍കീഴിലായിരുന്നല്ലോ.
1990കളില്‍ ഇന്ത്യയില്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കി തുടങ്ങിയ നരസിംഹറാവു സര്‍ക്കാരിനും ഇപ്പോള്‍ ധനമേഖലയിലടക്കം ഈ നയങ്ങള്‍ നടപ്പാക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിനും പാര്‍ലമെന്‍റില്‍ തട്ടിക്കൂട്ട് ഭൂരിപക്ഷം മാത്രമേ ഉള്ളൂ എന്നതും സ്മരണീയമാണ്. ജനവിരുദ്ധവും രാജ്യദ്രോഹപരവുമായ ഇത്തരം നിയമങ്ങള്‍ പാസ്സാക്കിയെടുക്കുന്നതിന് സ്വദേശിയും വിദേശിയുമായ കോര്‍പറേറ്റുകള്‍ യഥേഷ്ടം പണം ഒഴുക്കുന്നതായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ കേരളവും ബംഗാളും ത്രിപുരയും ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കേന്ദ്രത്തിന്റെ തീട്ടൂര പ്രകാരം പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിക്കഴിഞ്ഞു. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇടതുപക്ഷം അധികാരത്തിലിരുന്നതിനാലാണ് ഇത് നടപ്പാക്കപ്പെടാതിരുന്നത്. കേരളത്തിലാകട്ടെ, കേന്ദ്രത്തില്‍ 2004ല്‍ ഈ സമ്പ്രദായം കൊണ്ടുവരുന്നതിനു മുമ്പുതന്നെ 2002 ജനുവരി 16െന്‍റ ഉത്തരവിലൂടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ അന്ന് യുഡിഎഫ് തീരുമാനിച്ചതാണ്. ജീവനക്കാരുടെ 32 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ പണിമുടക്കിലൂടെയാണ് അന്ന് ആ നീക്കത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്.
തുടര്‍ന്ന് 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ യുഡിഎഫ് കൊണ്ടുവന്ന ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തതാണ്. മൂലധനശക്തികളുടെ താല്‍പര്യം മാത്രം സംരക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസും യുഡിഎഫും വീണ്ടും അധികാരത്തിലെത്തിയതോടെ പഴയ ഉത്തരവ് പൊടിതട്ടിയെടുത്ത് നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍നിന്ന് അവരെ പിന്തിരിപ്പിച്ചേ പറ്റൂ. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തിനൊപ്പം ചെലവ് ചുരുക്കലിെന്‍റ പേരില്‍ ഡോ. ബി എ പ്രകാശിെന്‍റ നേതൃത്വത്തിലുള്ള എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശകളും പുറത്തുവന്നിരിക്കുന്നു.
ഇന്ന് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി സ്ഥിരം ജീവനക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും പുറംകരാര്‍ സമ്പ്രദായത്തിലൂടെ നടപ്പാക്കാനുള്ള നിര്‍ദേശമാണ് ആ കമ്മിറ്റി ശുപാര്‍ശകളിലൊന്ന്. ഇതും സിവില്‍ സര്‍വീസിനെ തകര്‍ത്ത് സ്വകാര്യമേഖലയെ കൊഴുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ജനുവരി 8 മുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും ആരംഭിക്കുന്ന പണിമുടക്കിനാധാരമായ വിഷയങ്ങളൊന്നുംതന്നെ കേവലം ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയങ്ങളല്ല. തൊഴില്‍രഹിതരായ യുവജനങ്ങളടക്കമുള്ള കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. നമ്മുടെ ഭാവി തലമുറയുടെകൂടി പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പണിമുടക്ക് വിജയിപ്പിക്കേണ്ടത്, പങ്കാളിത്ത പെന്‍ഷനും തസ്തിക വെട്ടിക്കുറയ്ക്കലും അടക്കമുള്ള ജനവിരുദ്ധ നടപടികളില്‍നിന്ന് ഈ സര്‍ക്കാരിനെ പിന്തിരിപ്പിക്കേണ്ടത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെയാകെ ആവശ്യമാണ്.
ഇന്ത്യയിലാകെ ഉയര്‍ന്നുവരുന്ന, നവലിബറല്‍ നയങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗത്തിന്റെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംയുക്തമായ ചെറുത്തുനില്‍പ് പോരാട്ടത്തിന്റെ ഭാഗമാണ് ജനുവരി 8 മുതലുള്ള കേരളത്തിലെ ജീവനക്കാരുടെ പണിമുടക്കും. അതുകൊണ്ട് ഈ പണിമുടക്കിനുപിന്നില്‍ മുമ്പെന്നപോലെ ജനങ്ങളാകെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ജനങ്ങളെയും ജീവനക്കാരെയും രണ്ടു തട്ടിലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുല്‍സിതനീക്കം 2002ലെപ്പോലെ പാഴ്വേലയാവുകയേ ഉള്ളൂ. മര്‍ക്കടമുഷ്ടിയും ധിക്കാരവും കൈവെടിഞ്ഞ് പങ്കാളിത്ത പെന്‍ഷനും മറ്റു നിര്‍ദിഷ്ട ജനവിരുദ്ധ നയങ്ങളും നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍പിന്തിരിയണം. ഇല്ലെങ്കില്‍ നടക്കാന്‍ പോകുന്ന പണിമുടക്കുമൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി.
chintha editorial 110113
Labels:
ട്രേഡ് യൂണിയന്,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment