Tuesday, January 22, 2013

ന്യൂനപക്ഷ സെല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ലീഗുകാരെ കുത്തിനിറയ്ക്കുന്നു


കണ്ണൂര്‍: ന്യൂനപക്ഷ സെല്ലില്‍ കോ-ഓഡിനേറ്റര്‍ തസ്തികയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ കുത്തിനിറയ്ക്കുന്നു. മതന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ വിവിധ പരിപാടികള്‍ നടപ്പാക്കാനാണ് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ കോ-ഓഡിനേറ്റര്‍മാരെ നിയമിക്കുന്നത്. ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാണ് നിയമനം. എല്‍ഡിഎഫ് മാതൃകാപരമായി നടപ്പാക്കിയ ന്യൂനപക്ഷ സെല്ലിലാണ് രാഷ്ട്രീയം കുത്തിനിറയ്ക്കുന്നത്. ന്യൂനപക്ഷ വകുപ്പിനുകീഴില്‍ ജില്ലാതലത്തില്‍ അപേക്ഷ സ്വീകരിച്ചാണ് നിയമനം നടത്തേണ്ടതെങ്കിലും ലീഗ് കമ്മിറ്റികള്‍ നല്‍കുന്ന പട്ടിക അനുസരിച്ചാണ് നിയമനം. 4000 രൂപ പ്രതിമാസ അലവന്‍സും ടിഎയും നല്‍കും. നിയമനം കിട്ടുന്നവരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ കോഴയിടപാടും നടക്കുന്നു.

ന്യൂനപക്ഷ ക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുണ്ട്. കോ-ഓഡിനേറ്റര്‍മാര്‍ മുഖേനയാണ് ഇത് നടത്തുക. ഉപദേശകസമിതികള്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കും. ഇതിന്റെ തലപ്പത്തും ലീഗ് നേതാക്കളെ നിയമിക്കാനാണ് നീക്കം. നിയമനവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അസ്വാരസ്യമുണ്ട്. ദേശീയ പിന്നോക്ക വികസന കോര്‍പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍, സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍, മത്സ്യഫെഡ് തുടങ്ങിയവ മുഖാന്തരമാണ് പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നത്. മദ്രസ നവീകരണം, ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസം, സ്വയംതൊഴില്‍ പദ്ധതി, സാമ്പത്തിക ശാക്തീകരണം, ലൈബ്രറി പ്രവര്‍ത്തനം, സ്കൂളുകളില്‍ പ്രത്യേക ഇംഗ്ലീഷ് പഠനം തുടങ്ങിയവയാണ് പ്രധാനമായും നടപ്പാക്കുന്നത്. മദ്രസ ലൈബ്രറികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപയുടെ പുസ്തക വിതരണത്തിലും വ്യാപക ക്രമക്കേട് നടന്നതായി പരാതിയുണ്ട്.

deshabhimani 210113

No comments:

Post a Comment