Tuesday, January 22, 2013
കെഎസ്ആര്‍ടിസി നിരവധി സര്‍വീസുകള്‍ റദ്ദാക്കി
കുമളി: കെഎസ്ആര്‍ടിസി കുമളിയില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. അമിതമായ ഡീസല്‍ വിലവര്‍ധന മൂലമുള്ള അധിക ബാധ്യതയുടെ പേരിലാണ് സര്‍വീസ് ഒഴിവാക്കുന്നത്. ഞായറാഴ്ച കുമളി ഡിപ്പോയില്‍ നിന്നും ഒരു ഡസനോളം സര്‍വീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ റദ്ദാക്കിയത്. ആളുണ്ടായിട്ടും പമ്പയ്ക്ക് ഒരു ബസും സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസിയുടെ ജില്ലയിലെ പ്രധാന ഡിപ്പോയായ കുമളിയില്‍ നിന്നും അന്തര്‍സംസ്ഥാനം ഉള്‍പ്പെടെയുള്ള നിരവധി സര്‍വീസുകള്‍ ഒറ്റദിവസം കൊണ്ട് റദ്ദാക്കി. ബസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഡിപ്പോ വരുമാനത്തില്‍ ഒറ്റ ദിവസ മാത്രം ഒരു ലക്ഷം രൂപയുടെ കുറവുണ്ടായി. കെഎസ്ആര്‍ടസി അധികൃതരുടെ നടപടി മൂലം നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഡീസല്‍ വില വര്‍ധന മൂലമുള്ള അധിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി പത്തോളം വണ്ടികളാണ് ഞായറാഴ്ച കുമളി ഡിപ്പോയില്‍ പിടിച്ചിട്ടത്. ഇതില്‍ പല ബസുകളും ഒന്നിലേറെ തവണ സര്‍വീസ് നടത്തുന്നതാണ്. അന്തര്‍ സംസ്ഥാന അതിര്‍ത്തിയും വിനോദ സഞ്ചാര മേഖലയുമായ കുമളിയില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു.
രാവിലെ ആറിന് കുമളി ഡിപ്പോയില്‍ നിന്നും കമ്പത്തിനുള്ള അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തിയില്ല. ഈ ബസ് കമ്പം പോയി തിരികെ കുമളി വന്ന് ചക്കുപള്ളം-വണ്ടിപ്പെരിയാര്‍ വഴി വീണ്ടും കുമളി-കമ്പം റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തി വന്നിരുന്ന ബസാണ്. അതോടൊപ്പം രാവിലെ ആറിന് കുമളിയില്‍ നിന്നും അമ്പലപ്പുഴയ്ക്കുള്ള ബസ് അയച്ചില്ല. പതിനായിരം രൂപയിലേറെ കലക്ഷനുള്ള ബസാണിത്. രാവിലെ 6.05ന്റെ എറണാകുളം അയച്ചില്ല. 12,000 രൂപയിലേറെ കലക്ഷനുള്ള ബസാണിത്. ഈ രണ്ട് ബസുകളും ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതാണ്. ഈ ബസുകളില്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ള ആളുകളെ അധികൃതരുടെ നടപടി ദോഷകരമായി ബാധിച്ചു. രാവിലെ 7.10 ന് കുമളിയില്‍ നിന്നും കോട്ടയം പോയി തിരികെ കുമളി ഡിപ്പോയില്‍ എത്തിയശേഷം വൈകിട്ട് 4.30 ന് കുമളി-ഉപ്പുതറയിലേക്കുള്ള ബസും ഓടിയില്ല. രാവിലെ 7.20 ന് കുമളിയില്‍ നിന്നും ഏലപ്പാറ പോയി തിരികെയെത്തി രാവിലെ 11.30നുള്ള കുമളി-കോട്ടയം ബസും ക്യാന്‍സല്‍ ചെയ്തു. ദിവസവും രാവിലെ എട്ടിനും വൈകുന്നേരം 3.15നും കോട്ടയത്തേക്കുള്ള ടൗണ്‍ ടൂ ടൗണ്‍ സര്‍വീസ് നടത്തിയില്ല. രാവിലെ 8.20ന് കുമളിയില്‍ നിന്നും ഏലപ്പാറ പോയി തിരികെയെത്തി പകല്‍് ഒന്നിന് കുമളി-കോട്ടയം സര്‍വീസ് നടത്തുന്ന ബസും വിട്ടില്ല. രാവിലെ 6.30 ന് കുമളിയില്‍ നിന്നും പാമ്പനാര്‍ കൊടുവാ സര്‍വീസ് നടത്തിയശേഷം തിരികെ കുമളിയില്‍ എത്തി പകല്‍ 10.15ന് കോട്ടയത്തേക്കുള്ള ബസും സര്‍വീസ് നടത്തിയില്ല. ഇതുള്‍പ്പെടെ നിരവധി ബസുകള്‍ റദ്ദാക്കിയതിനാല്‍ കെഎസ്ആര്‍ടിസി കുമളി ഡിപ്പോയ്ക്ക് ഒരു ദിവസം മാത്രം ഒരു ലക്ഷത്തിലേറെ രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. കുമളി ഡിപ്പോയുടെ ദിവസ വരുമാനത്തിന്റെ 20 ശതമാനത്തിലേറെ ഇങ്ങനെ കുറവുണ്ടായി. അതോടൊപ്പം കോട്ടയം ഉള്‍പ്പെടെയുള്ള ഡിപ്പോയില്‍ നിന്നും കുമളിയിലേക്കുള്ള നിരവധി സര്‍വീകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ തന്നെ സ്വകാര്യ ബസ് മുതലാളികളുമായി ഒത്തുകളിച്ച് കുമളിയിലെ ജനകീയ ഡിപ്പോയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിനിടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാട് മൂലം ഡീസലിന് അധിക വില നല്‍കുന്ന പ്രശ്നത്തിന്റെ പേരില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
ഡീസല്‍ വിലവര്‍ധന: ജില്ലയില്‍ കെഎസ്ആര്‍ടിസി 113 സര്‍വീസുകള്‍ നിര്‍ത്തി
കൊച്ചി: ഡീസലിന്റെ ഭീമമായ വിലവര്‍ധനവിനെത്തുടര്‍ന്ന് ജില്ലയിലെ എട്ട് ഡിപ്പോകളിലായി കെഎസ്ആര്‍ടിസിയുടെ 113 സര്‍വീസുകള്‍ തിങ്കളാഴ്ചമുതല്‍ നിര്‍ത്തി. സര്‍ക്കാര്‍ അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ വരുംദിവസങ്ങളില്‍ അവസാനിപ്പിക്കും. തിരുകൊച്ചി, ജനറം ബസുകള്‍ മുഴുവന്‍ നിര്‍ത്താനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. പ്രതിദിനം 5000 രൂപയില്‍ താഴെമാത്രം കളക്ഷനുള്ള സര്‍വീസുകളെല്ലാം ഉടന്‍ നിര്‍ത്താന്‍ ഉത്തരവ് കിട്ടിയതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച 113 സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ജില്ലയിലാകെ 698 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഞായറാഴ്ച പതിവുപോലെ സര്‍വീസുകള്‍ നടത്തിയില്ല. വരുമാനം കുറവുള്ള സര്‍വീസുകള്‍ അവധിദിവസങ്ങളില്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ ഓടിക്കേണ്ടെന്ന് പിന്നീട് നിര്‍ദേശം ലഭിച്ചു.
ഇന്ധനച്ചെലവിന് അനുസരിച്ച് വരുമാനമില്ലാത്തതിനാലാണ് കൊച്ചിയിലെ ജനറം ബസുകള്‍ നിര്‍ത്തുന്നത്. നഗരത്തിലും പരിസരങ്ങളിലും ഓടുന്ന എസി ലോ ഫ്ളോര്‍ ബസുകള്‍ക്ക് ലിറ്ററിന് മൂന്നു കിലോമീറ്റാണ് ഓടാന്‍ കഴിയുക. എറണാകുളത്ത് എട്ട് നോണ്‍ എസി ബസുകളും 48 എസി ബസുകളുമാണുള്ളത്. ഇതില്‍ സിറ്റി സര്‍വീസ് നടത്തുന്ന നോണ്‍ എസി മുഴുവന്‍ നിര്‍ത്തേണ്ടിവരും. ദൂരസ്ഥലങ്ങളിലേക്ക് ഓടുന്ന ഏഴെണ്ണം ഒഴികെ എല്ലാ എസി ബസുകളും നിര്‍ത്തേണ്ടിവരുമെന്നും എടിഒ ജോര്‍ജ് തോമസ് പറഞ്ഞു. എസി ബസുകള്‍ക്ക് ശരാശരി 8000-10,000 രൂപ പ്രതിദിന വരുമാനമുണ്ടെങ്കിലും ഡീസല്‍ച്ചെലവ് കണക്കാക്കുമ്പോള്‍ നഷ്ടമാണ്. 300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ബസിന് 120 ലിറ്ററിലേറെ ഡീസല്‍ വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് കനത്ത ബാധ്യതവരുത്തുമെന്ന് എടിഒ പറഞ്ഞു. യാത്രാത്തിരക്കുള്ള പല റൂട്ടുകളിലെയും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കാക്കനാട്, ആലുവ, ഫോര്‍ട്ട്കൊച്ചി റൂട്ടുകളില്‍ നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. കാക്കനാടുവഴി ആലുവയിലേക്കുള്ള റൂട്ടില്‍ തിങ്കളാഴ്ചമുതല്‍ യാത്രാക്ലേശം രൂക്ഷമാണ്. നാല്‍പ്പത് തിരുകൊച്ചി ബസുകള്‍ നടത്തിവരുന്ന 39 സര്‍വീസുകളില്‍ 15 എണ്ണത്തോളം നഷ്ടത്തിലാണ്. അവയും തുടരാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എംഎല്‍എമാരുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന പ്രത്യേക സര്‍വീസുകളും ഇതില്‍പ്പെടും. എറണാകുളത്ത് പ്രതിദിനം എതാണ്ട് 32,000 ലിറ്റര്‍ ഡീസലാണ് വാങ്ങുന്നത്. മറ്റു ഡിപ്പോകളില്‍നിന്നുള്ള ബസുകള്‍ക്കും ഇവിടെനിന്ന് ഡീസല്‍ നല്‍കുന്നുണ്ട്. സബ്സിഡി നീക്കിയ ശേഷമുള്ള ഡീസല്‍വില അനുസരിച്ച് പ്രതിദിനം രണ്ടു ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്.
ജില്ലയില്‍ 98 കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കി
കൊല്ലം: ഡീസല്‍വില തോന്നുന്നതുപോലെ വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ തീരുമാനത്തിനു പിന്നാലെ ജില്ലയില്‍ കെഎസ്ആര്‍ടിസി 98 സര്‍വീസുകള്‍ ഒറ്റയടിക്കു റദ്ദാക്കി. തിങ്കളാഴ്ച മാത്രമാണ് ഇത്രയും സര്‍വീസുകള്‍ റദ്ദ്ചെയ്ത് കോര്‍പറേഷന്‍ യാത്രക്കാരെ പെരുവഴിയിലാക്കിയത്. റദ്ദാക്കിയതില്‍ മുപ്പതും ഫാസ്റ്റ്പാസഞ്ചറുകളാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനും ആലോചനയുണ്ട്. തിങ്കളാഴ്ച സര്‍വീസ് ആരംഭിച്ച പല ബസുകളും ഇടയ്ക്കുവച്ച് നിര്‍ത്തലാക്കി. ഓരോ ഷെഡ്യൂളിലും ഏഴും എട്ടും ട്രിപ്പുകളാണ് നിര്‍ത്തലാക്കുന്നത്. കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ-ചവറ മെയിന്‍റോഡില്‍ ഓടുകയായിരുന്ന ഇരുപത്തഞ്ചോളം ബസുകള്‍ വൈകിട്ടോടെ ഓട്ടം നിര്‍ത്തി മാറ്റിയിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതുകാരണം ഈ മേഖലയില്‍ യാത്രക്കാര്‍ നരകയാതന അനുഭവിച്ചു. തിങ്കളാഴ്ചകളില്‍ പരമാവധി സര്‍വീസ് നടത്തണമെന്നാണ് സംസ്ഥാനമൊട്ടാകെ എല്ലാ ഡിപ്പോകള്‍ക്കും സാധാരണ നിര്‍ദേശം കിട്ടാറുള്ളത്. എന്നാല്‍, തിങ്കളാഴ്ചയും ഞായറാഴ്ചയും പരമാവധി സര്‍വീസുകള്‍ കുറയ്ക്കാനായിരുന്നു കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശം. ഇതിന്റെ തുടര്‍ച്ചയായിരുന്നു തിങ്കളാഴ്ച ഉണ്ടായ നടപടികള്‍. ഇടറോഡുകളിലൂടെയുള്ള സര്‍വീസുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനിടയാക്കി. കൊല്ലം ഡിപ്പോയില്‍നിന്ന് ശബരിമല തീര്‍ഥാടകര്‍ക്കായി അനുവദിച്ച ബസുകളില്‍ ഒന്നുപോലും മടങ്ങിയെത്തിയിട്ടില്ല. ഒരു ബസും കൊല്ലത്തേക്ക് അയക്കാതെ ചെങ്ങന്നൂര്‍, മാവേലിക്കര റീജണല്‍ വര്‍ക്ക്ഷോപ്പുകളിലേക്കാണ് എത്തിച്ചത്. നിലവില്‍ കൊല്ലം-പത്തനംതിട്ട, കൊല്ലം-കുളത്തൂപ്പുഴ ചെയിന്‍സര്‍വീസുകള്‍ക്ക് മരണമണി മുഴക്കിയിട്ടില്ലെങ്കിലും വരുംനാളുകളില്‍ ഇവയും റദ്ദാക്കല്‍ ഭീഷണിയിലാണ്
(പി എസ് ജയന്തന്‍)
ജോലിയിലിരിക്കെ അംഗവൈകല്യം സംഭവിച്ചാല്‍ തരംതാഴ്ത്തരുത്
കോട്ടയം: ജോലിയിലിരിക്കെ അപകടം സംഭവിച്ചാല്‍ ജീവനക്കാരനെ തരംതാഴ്ത്തരുതെന്ന് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി വൈക്കം ഡിപ്പോയിലെ ഡ്രൈവറായിരുന്ന ടി കെ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2008 ജൂണിലുണ്ടായ അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചതിനെ തുടര്‍ന്ന് ജോസഫിനെ സ്റ്റോര്‍ സെക്ഷനിലേക്ക് മാറ്റുകയായിരുന്നു. സര്‍വീസിലിരിക്കെ അംഗവൈകല്യം സംഭവിച്ചാല്‍ ജോലിക്കാരുടെ തസ്തികയും ശമ്പളസ്കെയിലും കുറയ്ക്കാന്‍ അധികാരമില്ലെന്നും അതേ ശമ്പളസ്കെയിലും ആനുകൂല്യങ്ങളുമുള്ള തസ്തിക നല്‍കണമെന്നും ജസ്റ്റിസ് അബ്ദുല്‍ റഹീം ഉത്തരവില്‍ പറഞ്ഞു.
Labels:
പൊതുഗതാഗതം
Subscribe to:
Post Comments (Atom)
No comments:
Post a Comment