Tuesday, January 22, 2013
ചുമട്ടുതൊഴിലാളികള്‍ അവകാശദിനം ആചരിച്ചു
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ചുമട്ടുതൊഴിലാളിദ്രോഹ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും തൊഴില്‍ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍ തിങ്കളാഴ്ച അവകാശദിനം ആചരിച്ചു. ജില്ലാ ലോഡിങ് അണ്‍ലോഡിങ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. താമരക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട പ്രസ്ക്ലബ് മൈതാനിയില്‍ സമാപിച്ചു. സമാപനയോഗം സിഐടിയു ജില്ലാസെക്രട്ടറി കെ തുളസീധരന്‍ ഉദ്ഘാടനംചെയ്തു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് അഡ്വ. ഇ ഷാനവാസ്ഖാന്‍, സെക്രട്ടറി എ എം ഇക്ബാല്‍, എന്‍ ശിശുപാലന്‍, ജി എം സാലി എന്നിവര്‍ സംസാരിച്ചു.
ദേശീയ പ്രക്ഷോഭം: എല്‍ഡിഎഫ് ഒപ്പുശേഖരണം തുടങ്ങി
കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഒപ്പുശേഖരണം തുടങ്ങി. ചിന്നക്കട പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ തിങ്കളാഴ്ച രാവിലെ പത്തിന് ഒപ്പുശേഖരണം ഉദ്ഘാടനംചെയ്തു. ആര്‍എസ്പി സംസ്ഥാനകമ്മിറ്റി അംഗം പി പ്രകാശ്ബാബു അധ്യക്ഷനായി. സിപിഐ ഏരിയസെക്രട്ടറി അഡ്വ. ജി സത്യബാബു, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രന്‍, കെ വരദരാജന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍ എസ് പ്രസന്നകുമാര്‍, എസ് സുദേവന്‍, ജില്ലാകമ്മിറ്റി അംഗം ഡി രാജപ്പന്‍നായര്‍, ഡെപ്യൂട്ടി മേയര്‍ ജി ലാലു, വിശ്വജിത്ത്, ടി കെ സുള്‍ഫി എന്നിവര്‍ സംസാരിച്ചു. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ സാര്‍വത്രികമായ പൊതുവിതരണം നടപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരിയും ഗോതമ്പും വിതരണം ചെയ്യുക, സബ്സിഡി തുക ബാങ്കുവഴി കൈമാറ്റം ചെയ്യുന്ന നടപടി ഒഴിവാക്കുക, ഡീസല്‍-പെട്രോള്‍-പാചകവാതക വിലവര്‍ധന പിന്‍വലിക്കുക, കോടികള്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ദേശീയപ്രക്ഷോഭം നടത്തുന്നത്.
ദ്വിദിന ദേശീയപണിമുടക്ക് വിജയിപ്പിക്കുക
ചേര്‍ത്തല: തൊഴിലാളി സംഘടനകള്‍ സംയുക്തമായി ഫെബ്രുവരി 20നും 21നും നടത്തുന്ന ദേശീയപണിമുടക്ക് ജില്ലയില്‍ സമ്പൂര്‍ണമാക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് എപ്ലോയിസ് യൂണിയന്‍ (സിഐടിയു) 25-ാം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
പൊതു-സഹകരണമേഖലകളെ തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും വളരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നതെന്ന് സമ്മേളനം സംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള തൊഴിലും കൂലിയും നഷ്ടമാക്കുന്നതാണ് സര്‍ക്കാര്‍ നയം. കോര്‍പറേറ്റുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ സ്ഥാപിക്കാന്‍ അവസരം ഒരുക്കാനാണ് നീക്കം. എവിടെയും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാനും കളമൊരുക്കുന്നു. ലഭിക്കുന്ന ശമ്പളം ജീവിതച്ചെലവിന് തികയാത്ത നിലയിലേക്ക് വിലക്കയറ്റം വളര്‍ത്തുന്നതാണ് കേന്ദ്രനയം. ഇതിനെതിരെയുള്ള ദേശീയപണിമുടക്കില്‍ മുഴുവന്‍ സഹകരണജീവനക്കാരും അണിനിരക്കണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.
സഹകരണമേഖലയെ ദോഷകരമായി ബാധിക്കുന്ന 97-ാം ഭരണഘടനാഭേദഗതിയിലെയും റഗുലേഷന്‍ ആക്ട് ഭേദഗതിയിലെയും വ്യവസ്ഥകള്‍ പിന്‍വലിക്കുക, ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതം നല്‍കുക, കയര്‍സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഞായറാഴ്ച രാവിലെ പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ചയും തുടര്‍ന്ന് സംസ്ഥാന ജില്ലാ നേതാക്കളുടെ മറുപടിയും നടന്നു. സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു അഭിവാദ്യം ചെയ്തു. "സ്ത്രീ പരിരക്ഷ" എന്ന സെമിനാര്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ജലജാചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അല്ലി മാത്യു അധ്യക്ഷയായി. സുദര്‍ശനാഭായി വിഷയം അവതരിപ്പിച്ചു. വി ലതിക, ഷേര്‍ളി ഭാര്‍ഗവന്‍, എം വൈ സമീന എന്നിവര്‍ സംസാരിച്ചു. ഡി ബാബു നന്ദി പറഞ്ഞു.
deshabhimani
Labels:
ട്രേഡ് യൂണിയന്‍,
പോരാട്ടം,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment