Wednesday, January 23, 2013

മൂന്നാറില്‍ കോണ്‍. നേതാവ് വന്‍തോതില്‍ ഭൂമി കൈയേറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


മൂന്നാറില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ ഭൂമാഫിയ കൈവശപ്പെടുത്തിയതായി ഇന്റലിജന്‍സ് മേധാവി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഭൂമി കൈയേറി നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് കെട്ടിട നമ്പരും കൈവശാവകാശ രേഖയും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി, വൈസ് പ്രസിഡന്റ് ടി ഗാന്ധി, പഞ്ചായത്ത് സെക്രട്ടറി ഇ എ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് കെട്ടിട നമ്പരും രേഖയും നല്‍കിയത്. ഒമ്പതാം വാര്‍ഡ് അംഗം ഡി നെല്‍സണ്‍, മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന ഗുണ എന്ന ഗുണശേഖരന്‍ എന്നിവരാണ് ഇടനിലക്കാരായി നിന്നത്.

ഓരോ കൈയേറ്റക്കാരനില്‍നിന്നും 20,000 മുതല്‍ 40,000 രൂപവരെയാണ് കൈക്കൂലിയായി വാങ്ങിയത്. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നൂറ്റമ്പതോളം കൈയേറ്റക്കാരാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. എറണാകുളം, പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൈയേറ്റക്കാരിലേറെയും. പുതിയതായി ഏകദേശം 128 കെട്ടിടനമ്പരും കൈവശാവകാശരേഖയും നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി ഇന്റലിജന്‍സ് എസ്പി എം മുഹമ്മദ് ഷബീര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടുമുതല്‍ 20 സെന്റുവരെയാണ് ഓരോരുത്തരും കൈവശപ്പെടുത്തി ഷെഡ്ഡ് നിര്‍മിച്ചത്. മൂന്നാറില്‍ ഭൂമാഫിയ വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നതായാണ് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. മൂന്നാര്‍ ടൗണില്‍ ഇക്കാ നഗറില്‍ കോളനിഭാഗത്ത് വാര്‍ഡ് പത്തില്‍ സര്‍വേ 912ല്‍പെട്ട സര്‍ക്കാര്‍ ഭൂമിയാണ് കൈയേറി താല്‍ക്കാലിക ഷെഡ്ഡ് നിര്‍മിച്ചിരിക്കുന്നത്. വാര്‍ഡ് പത്തില്‍ 1163,1178, 1176, 1102, 1095, 1105, 1183, 1194 തുടങ്ങിയ സര്‍വേ നമ്പരില്‍ 98 പേര്‍ക്കും മൂന്നാര്‍ ടൗണിന്റെ പരിസരങ്ങളിലായി മുപ്പതോളം പേര്‍ക്കും പുതുതായി കെട്ടിടനമ്പരും കൈവശാവകാശരേഖയും നല്‍കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. താല്‍ക്കാലിക ഷെഡ്ഡിന് കെട്ടിട നമ്പര്‍ തരപ്പെടുത്തിയശേഷം അത് ഹാജരാക്കി റവന്യൂ രേഖകള്‍ കരസ്ഥമാക്കുകയാണ് ഭൂമാഫിയയുടെ തന്ത്രം.

പഞ്ചായത്ത്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നു. മൂന്നാറില്‍ ഉള്‍പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്ന കൈയേറ്റക്കാര്‍ ഇപ്പോള്‍ ടൗണിലേക്ക് കടന്നതായാണ് സൂചന. അഞ്ചും പത്തും സെന്റിന് രേഖയുണ്ടാക്കിയശേഷം മൊത്തമായി ഏക്കറുകണക്കിന് ഭൂമി സ്വന്തമാക്കും. മൂന്നാര്‍ ടൗണില്‍ രേഖയുള്ള ഭൂമിക്ക് സെന്റിന് ലക്ഷങ്ങളാണ് വില. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശക്തമായ നടപടിയെത്തുടര്‍ന്ന് നിലച്ചിരുന്ന കൈയേറ്റക്കാരും വ്യാജ പട്ടയക്കാരും വീണ്ടും സജീവമായിരിക്കുകയാണ്. കെട്ടിട നമ്പരും കൈവശാവകാശ രേഖയും കിട്ടുന്നതോടെ പട്ടയം ലഭിക്കാന്‍ എളുപ്പമാകും. അതോടെ ഭൂമി റിസോര്‍ട്ട് മാഫിയയുടെ പക്കലെത്തും. മൂന്നാറില്‍ കോളനികളില്‍ താമസിക്കുന്ന രണ്ടും മൂന്നും സെന്റ് വീതമുള്ളവര്‍ക്ക് കെട്ടിട നമ്പരോ, രേഖയോ നല്‍കാതെയാണ് റിസോര്‍ട്ട് മാഫിയക്ക് പഞ്ചായത്ത് പ്രസിഡന്റും റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നത്. ഇടുക്കി ഇന്റലിജന്റ്സ് എസ്പി കഴിഞ്ഞ മാസം 20ന് നല്‍കിയ റിപ്പോര്‍ട്ട് അനന്തര നടപടിക്കായി ഇന്റലിജന്‍സ് എഡിജിപി കഴിഞ്ഞ ദിവസമാണ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.

deshabhimani 230113

No comments:

Post a Comment