Monday, January 21, 2013
അഖിലേന്ത്യാ ജാഥകളില്‍ ജനകോടികള്‍ അണിനിരക്കും
യുപിഎ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ദിശാബോധവുമേകാന്‍ സിപിഐ എം സംഘടിപ്പിക്കുന്ന അഖിലേന്ത്യാജാഥകളുടെ സമാപനം ലക്ഷംപേരുടെ റാലിയോടെ ഡല്‍ഹിയില്‍ നടക്കും. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഡല്‍ഹി റാലി. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രാതിനിധ്യവും റാലിയില്‍ ഉണ്ടാവും. ഭൂമി, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി നടത്തുന്ന ജാഥയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയില്‍ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭ പരിപാടികളും സിപിഐ എം പ്രഖ്യാപിക്കും. നാല് പ്രധാന ജാഥകളും അരഡസനോളം ഉപജാഥകളിലുമായി കോടിക്കണക്കിന് ജനങ്ങളായിരിക്കും അണിനിരക്കുക. ഇരുപതോളം സംസ്ഥാനങ്ങളിലൂടെയാണ് ജാഥ പ്രയാണം നടത്തുക. സിപിഐ എം രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യഅഖിലേന്ത്യാജാഥയാണിത്.
ജാഥകളുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 24ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് കന്യാകുമാരിയില്‍ നിര്‍വഹിക്കും. 25 മുതല്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ജാഥ പ്രയാണം ആരംഭിക്കും. കന്യകുമാരിയില്‍നിന്ന് തിരുവനന്തപുരത്തെത്തുന്ന ജാഥ തുടര്‍ന്ന് കേരളത്തിലൂടെയായിരിക്കും പ്രയാണം നടത്തുക. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ പിന്നീട് വീണ്ടും തമിഴ്നാട്ടില്‍ പ്രവേശിക്കും. തമിഴ്നാട്ടില്‍ കോയമ്പത്തൂരിലാണ് ആദ്യ സ്വീകരണം. ചെന്നൈ, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉപജാഥകള്‍ കോയമ്പത്തൂരില്‍വച്ച് പ്രധാന ജാഥയ്ക്കൊപ്പം ചേരും. തമിഴ്നാട്ടിലെ സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജാഥ കര്‍ണാടകത്തില്‍ പ്രവേശിക്കും. പിന്നീട് ബംഗളൂരു, ബാഗപ്പള്ളി, ബെല്ലാരി വഴി ആന്ധ്രപ്രദേശില്‍ പ്രവേശിക്കും. തുടര്‍ന്ന് ജാഥ ഹൈദരാബാദ്, വാറംഗല്‍ വഴി മഹാരാഷ്ട്രയിലെത്തും. തുടര്‍ന്ന് ജാഥ വാര്‍ധ, നാഗ്പുര്‍ വഴി മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിലെത്തും.
മാര്‍ച്ച് ആദ്യവാരത്തിന്റെ അവസാനം മുംബൈയില്‍നിന്ന് പിബി അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജാഥ ഭോപാലില്‍വച്ച് എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥയില്‍ ലയിക്കും. മുംബൈയില്‍നിന്ന് താണെ വഴി അഹമ്മദ്നഗര്‍, നാസിക്, നന്ദുര്‍ബാര്‍ വഴി മധ്യപ്രദേശിലെ ഇന്‍ഡോര്‍ വഴിയായിരിക്കും യെച്ചൂരി നയിക്കുന്ന ജാഥ ഭോപാലില്‍ എത്തുക. തുടര്‍ന്ന് ജാഥകള്‍ സംയുക്തമായി ആഗ്ര, ഫരീദാബാദ് വഴി മാര്‍ച്ച് 18 ന് ഡല്‍ഹിയില്‍ എത്തും. അഹമ്മദാബാദില്‍നിന്ന് ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എത്തുന്ന ഉപജാഥ യെച്ചൂരി നയിക്കുന്ന ജാഥയില്‍ ചേരുന്നുണ്ട്.
മാര്‍ച്ച് ആദ്യവാരം കൊല്‍ക്കത്തയില്‍ നിന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് നയിക്കുന്ന ജാഥ ആരംഭിക്കും. ഗുവഹത്തിയില്‍നിന്ന് ജല്‍പായ്ഗുരി, മാള്‍ഡ വഴി കൊല്‍ക്കത്തയില്‍ എത്തുന്ന ഉപജാഥ പ്രധാനജാഥക്കൊപ്പം ചേരും. ഒറീസയിലെ പലേര്‍മാദുണ്ഡിയില്‍നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് കൊല്‍ക്കത്ത ജാഥയില്‍ സംഗമിക്കും. ബര്‍ദ്വാന്‍, ദുര്‍ഗാപുര്‍, അസന്‍സോള്‍ വഴി ധാന്‍ബാദില്‍വച്ച് ജാഥ ജാര്‍ഖണ്ഡില്‍ പ്രവേശിക്കും. രജോലയില്‍ നിന്ന് ബിഹാറില്‍ പ്രവേശിക്കുന്ന ജാഥ രാജ്ഗീര്‍, ബെഗുസറായ്, ധര്‍ബംഗ, ബക്സര്‍ വഴി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ എത്തും. തുടര്‍ന്ന് അലഹബാദ്, ലഖ്നൗ ബുലന്ദ്ഷഹര്‍ വഴി ഡല്‍ഹിയിലെത്തും.
പഞ്ചാബിലെ അമൃത്സറില്‍ നിന്ന് പിബി അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആദ്യവാരം ആരംഭിക്കുന്ന നാലാമത്തെ ജാഥ ജലന്തര്‍, ലുധിയാന, ചണ്ഡീഗഢ്, പട്യാല വഴി ഹരിയാനയിലെ ഹിസ്സാറില്‍ പ്രവേശിക്കും. അവിടെനിന്ന് രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ എത്തുന്ന ജാഥ ബിക്കാനീര്‍, സിക്കര്‍ വഴി വീണ്ടും ഹരിയാനയിലെ റോത്തക്കില്‍ എത്തും. അവിടെനിന്ന് ബഹദൂര്‍ഗഢ് വഴി മാര്‍ച്ച 18 ന് ഡല്‍ഹിയിലെത്തും. ശ്രീനഗറില്‍നിന്ന് ആരംഭിക്കുന്ന ഉപജാഥ വൃന്ദ കാരാട്ട് നയിക്കുന്ന ജാഥയില്‍ അമൃത്സറില്‍ ചേരും. എല്ലാ പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങളും പല ഘട്ടങ്ങളിലായി ജാഥയില്‍ അണിനിരക്കും. സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ദുര്‍ബലമാകുകയാണെന്ന പ്രചാരണത്തിന്റെ വായടപ്പിക്കുന്നതായിരിക്കും അഖിലേന്ത്യാ ജാഥകളെന്ന് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.
അസംബന്ധ വാര്‍ത്തകളുമായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: സിപിഐ എം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജാഥകളെക്കുറിച്ചും അതിലുന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തെക്കുറിച്ചുമാണ് കൊല്‍ക്കത്തയില്‍ മൂന്ന് ദിവസമായി നടന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തത്. എന്നാല്‍, ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ നിറഞ്ഞതാകട്ടെ സത്യം തൊട്ടുതീണ്ടാത്ത അസംബന്ധ വാര്‍ത്തകളും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ ബദല്‍ മുന്നോട്ടുവയ്ക്കുന്നതിന്റെ ഭാഗമായാണ് നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്നായി ഡല്‍ഹിയിലേക്ക് ജാഥകള്‍ നടത്താന്‍ സിപിഐ എം തീരുമാനിച്ചത്. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമായെന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശക്തമായ പ്രചാരണം അഴിച്ചുവിടുമ്പോഴാണ് സിപിഐ എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി ബദല്‍രാഷ്ട്രീയത്തിന്റെ സന്ദേശമുയര്‍ത്തി അഖിലേന്ത്യാ ജാഥകള്‍ നടത്തുന്നത്. അതിന്റെ രാഷ്ട്രീയ പ്രാധാന്യവും വിശദാംശങ്ങളും ചര്‍ച്ചചെയ്ത് തീരുമാനിക്കുകയായിരുന്നു കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി. എന്നാല്‍, ബൂര്‍ഷ്വാമാധ്യമങ്ങള്‍ ഇതേക്കുറിച്ച് ഒരക്ഷരം പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പകരം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യാത്ത "വി എസ്സിന്റെ മൂന്ന് സ്റ്റാഫംഗങ്ങള്‍ക്കെതിരെയുള്ള നടപടി" എന്ന പേരിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ കമ്മിറ്റിയില്‍ പങ്കെടുത്തപോലെയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് സുപ്രധാന അജണ്ടകള്‍ ഉള്ളതിനാല്‍ ഈ പ്രശ്നം പരിഗണിച്ചില്ലെന്നും അടുത്ത യോഗം അത് പരിഗണിക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടും കല്‍പ്പിതകഥകള്‍ ആവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍പോലും ചര്‍ച്ചയില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നതിന് സിപിഐ എം തയ്യാറെടുക്കുമ്പോള്‍ ആ യഥാര്‍ഥ്യം ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനാണ് അസംബന്ധ വാര്‍ത്തകള്‍ക്കു പിന്നാലെ ഈ മാധ്യമങ്ങള്‍ പോയതെന്നും ഇത് ബോധപൂര്‍വമാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് അറിയിച്ചു.
deshabhimani 210113
Labels:
ഇടതുപക്ഷം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment