ജനപഥങ്ങളില്‍ മുഴങ്ങുന്നു യുവതയുടെ സംഘഗാനം
കണ്ണൂര്‍: സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായി വിശേഷിപ്പിച്ച കേരളത്തെ മാനവികതയുടെ ഭൂമികയായി ഉഴുതുമറിച്ച സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് വീണ്ടും നിലമൊരുക്കി യൂത്ത് മാര്‍ച്ച് ജനപധങ്ങള്‍ പിന്നിടുന്നു. ജാതീയമായ ചേരിതിരിവുകളുടെയും സാമുദായിക സ്പര്‍ധയുടെയും അന്ധവിശ്വാസങ്ങളുടെയും വിളനിലമായി കേരളത്തെ വീണ്ടും മാറ്റാനുള്ള കുടിലതന്ത്രങ്ങള്‍ക്കെതിരെ സമരസജ്ജമാവാനുള്ള സന്ദേശവുമായാണ് യൂത്ത് മാര്‍ച്ച് പര്യടനം തുടരുന്നത്. കേരളം കാത്തിരുന്ന ക്യാമ്പയിന്റെ ആശയധാരക്കുകീഴില്‍ സമൂഹത്തിന്റെ നാനതുറകളിലുമുള്ളവര്‍ അണിനിരക്കുന്നതിന്റെ സാക്ഷ്യപത്രമായി മാറുകയാണ് ജാഥാസ്വീകരണങ്ങള്‍. നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ചിത്രങ്ങളും സന്ദേശങ്ങളുമായാണ് ആയിരങ്ങള്‍ ഈ പ്രവാഹത്തിലേക്ക് അണിചേരുന്നത്. പതിറ്റാണ്ടുകള്‍ മുമ്പത്തെ ഇരുണ്ടയുഗത്തിലേക്ക് കേരളത്തെ കുടിയിരുത്താനുള്ള സാമുദായിക വര്‍ഗീയശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ നെഞ്ചുറപ്പോടെ യുവത കാവല്‍ നില്‍ക്കുമെന്ന പ്രഖ്യാപനം മുഴങ്ങുകയാണ് പാതയോരങ്ങളില്‍.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, പരിയാരം, കോരന്‍പീടിക, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് വരവേല്‍പ്പ് നല്‍കിയത്. ആയിരക്കണക്കിന് യുവജനങ്ങള്‍ യൂത്ത്മാര്‍ച്ചില്‍ ചൊവ്വാഴ്ചയും അണിനിരന്നു. അയിത്തത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള സാമൂഹ്യനവോത്ഥാനത്തിന് തിരികൊളുത്തിയ സ്വാമി ആനന്ദതീര്‍ഥന്‍ സ്ഥാപിച്ച പയ്യന്നൂരിലെ ആശ്രമത്തില്‍നിന്നാണ് ചൊവ്വാഴ്ച യൂത്ത് മാര്‍ച്ച് പര്യടനം ആരംഭിച്ചത്. അയിത്തത്തിനെതിരെ ആശ്രമത്തില്‍ നടന്ന പന്തിഭോജനത്തെ അനുസ്മരിച്ച് ആശ്രമ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ജാഥാംഗങ്ങളുടെ പ്രഭാതഭക്ഷണം. അന്തേവാസികള്‍ക്ക് യൂത്ത് മാര്‍ച്ച് അംഗങ്ങള്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചു. സ്വാമി ആനന്ദതീര്‍ഥനെക്കുറിച്ചുള്ള പുസ്തകം കൈമാറിയാണ് ആശ്രമം ജാഥയെ വരവേറ്റത്. യൂത്ത് മാര്‍ച്ചിന്റെ സ്മരണയ്ക്ക് ആശ്രമവളപ്പില്‍ ജാഥാംഗങ്ങള്‍ മഹാഗണി മരംനട്ടു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, അംഗങ്ങളായ അബ്ദുള്ള നവാസ്, കെ മണികണ്ഠന്‍, എ എം റഷീദ്, പി ബി അനൂപ്, പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പില്‍ സമാപന സമ്മേളനം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യാഗ-യജ്ഞങ്ങളെ തിരികെക്കൊണ്ടുവന്നത് ചരിത്രത്തെ നിരാകരിക്കാന്‍: ടി വി രാജേഷ്
കണ്ണൂര്‍: യാഗങ്ങളും യജ്ഞങ്ങളും തിരികെക്കൊണ്ടുവരുന്നതിന് പിന്നില്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ നിരാകരിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നില്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.
കേരളം മാറിയത് യാഗങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയുമാണെന്ന പ്രചാരണം ശക്തിപ്രാപിക്കുകയാണ്. കേരളത്തില്‍ സാമുദായിക സൗഹാര്‍ദം അപകടത്തിലാണെന്ന ആന്റണിയുടെ പ്രതികരണം ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഉമ്മന്‍ചാണ്ടിയുടെ ഭരണമാണ് കേരളം ഇത്രമേല്‍ അധഃപതിക്കാന്‍ കാരണമായത്. വര്‍ഗീയശക്തികള്‍ക്കും സാമുദായിക നേതാക്കള്‍ക്കും മുന്നില്‍ കീഴടങ്ങുകയാണ് ഉമ്മന്‍ചാണ്ടിയും ഭരണവും. വിശാല ഹിന്ദുത്വത്തിന്റെ വക്താക്കളായ സംഘപരിവാരം ഭരിക്കുന്ന കര്‍ണാടകത്തിലാണ് താഴ്ന്ന ജാതിക്കാര്‍ എച്ചിലിലയില്‍ ശയനപ്രദക്ഷിണം നടത്തുന്നതുപോലുള്ള നാണംകെട്ട ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നത്. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവരാണെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും ഈ ഇടുങ്ങിയ വീക്ഷണത്തിന്റെ തെളിവാണ്- രാജേഷ് പറഞ്ഞു. ആന്റണിയുടെ പ്രതികരണം ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐയുടെ ആശയപ്രചാരണത്തിനൊപ്പം ചേരാന്‍ തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് സ്വീകരണപൊതുയോഗത്തില്‍ പറഞ്ഞു. സ്വത്വബോധത്തെ ഇളക്കിവിടുന്ന രാഷ്ട്രീയമാണ് കേരളത്തിലെ സാമുദായിക നേതൃത്വം കൈയാളുന്നത്. സാമുദായിക നേതാക്കള്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴഞ്ഞ് വിധേയത്വം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
deshabhimani 090113
No comments:
Post a Comment