Wednesday, January 23, 2013

പുറം ജോലികരാര്‍ ഇന്ത്യക്ക് ഫിലിപ്പിന്‍സ് ഭീഷണി


 ഐ ടി മേഖലയില്‍ പുറം ജോലികരാര്‍ നേടുന്നതില്‍ ഇന്ത്യ മുന്നില്‍തന്നെയെങ്കിലും ഫിലിപ്പിന്‍സില്‍ നിന്നും ശക്തമായ വെല്ലുവിളി ഉയരുന്നു.

പുറം ജോലികരാര്‍ നേടുന്നതില്‍ ലോകത്തിലെ 10 നഗരങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം ബംഗളുരു തന്നെ നിലനിര്‍ത്തി. ആദ്യത്തെ 10 നഗരങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയിലെ മറ്റ് അഞ്ച് നഗരങ്ങള്‍ കൂടിയുണ്ട്. മുംബൈ (2), ഡല്‍ഹി (4), ചെന്നൈ (5), ഹൈദരാബാദ് (6), പൂനെ (7). 2012 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിയെ പിന്തള്ളി ഫിലിപ്പിന്‍സിന്റെ തലസ്ഥാന നഗരമായ മനിലയാണ് മൂന്നാം സ്ഥാനം നേടിയത്. മറ്റൊരു ഫിലിപ്പിന്‍ നഗരമായ സെബു അയര്‍ലണ്ടിലെ ഡബഌനെ പിന്തള്ളി എട്ടാംസ്ഥാനത്തേക്കുയര്‍ന്നു. ചൈനീസ് നഗരമായ ഷാങ്ഹ്വായിക്കാണ് പത്താം സ്ഥാനം.

സംസ്‌കാരത്തിലും ഭാഷയുടെ ഉച്ചാരണത്തിലും യുഎസുമായുള്ള സാമ്യമാണ് ഫിലിപ്പിന്‍സിനെ തുണക്കുന്നതെന്ന് ആഗോള ഔട്ട്‌സോഴ്‌സിംഗ് ഗവേഷണ സ്ഥാപനമായ തൊലൊനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ ടി വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ അടിസ്ഥാന ഘടനാസൗകര്യങ്ങളുടെ വികസനത്തിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനും മറ്റും ഫിലിപ്പിന്‍സ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.

യു എസ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഫിലിപ്പിന്‍സില്‍ ഉല്‍പ്പാദനചെലവ് 70 ശതമാനം  കുറവാണ്. കാള്‍സെന്റേഴ്‌സിന്റെ കാര്യത്തില്‍ ഫിലിപ്പിന്‍സാണ് മുന്നില്‍. ഐ ടിയും ഐ ടി അനുബന്ധ വ്യവസായങ്ങളിലും കൂടി ഫിലിപ്പിന്‍സിന്റെ വാര്‍ഷികവരുമാനം 1400 കോടി ഡോളറാണ്. ഇതില്‍ ഐ ടി മേഖലയില്‍ നിന്നും 200 കോടി മാത്രമേയുള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിലിപ്പിന്‍സ് സമ്പാദിച്ചിരുന്നത് 700 കോടി ഡോളറായിരുന്നു. അതാണിപ്പോള്‍ ഇരട്ടിയായിട്ടുള്ളത്.

ഇന്ത്യയില്‍ ചെലവുകള്‍ വര്‍ധിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരമുള്ള ജീവിതത്തിന്റെയും അപര്യാപ്തതയും ഭാവിയില്‍ ദോഷം ചെയ്യുമെന് തൊലൊന്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ അന്‍കിത വഷിഷു പറഞ്ഞു.

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലെ നഗരങ്ങളും ഐ ടി / ഐ ടി അനുബന്ധ വ്യവസായങ്ങളിലെ പുറം ജോലികരാര്‍ നേടുന്നതില്‍ മുന്നോട്ട് വരുന്നുണ്ട്. ഉറുഗ്വയുടെ തലസ്ഥാനമായ മൊണ്ടിവിഡിയൊ ആറ് സ്ഥാനങ്ങള്‍ മുന്നേറി 37-ാം സ്ഥാനത്തേക്കും കൊളമ്പിയന്‍ തലസ്ഥാനമായ ബൊഗൊട്ട ആറ് സ്ഥാനങ്ങള്‍ മറികടന്ന് 49-ാം സ്ഥാനത്തേക്കും കൊളമ്പിയായിലെ തന്നെ രണ്ടാമത്തെ വലിയ നഗരമായ മെഡല്ലിന്‍ ഏഴ് സ്ഥാനങ്ങള്‍ മറികടന്ന് 53-ാം സ്ഥാനത്തേക്കും ഉയര്‍ന്നു.

janayugom 230113

No comments:

Post a Comment