Tuesday, January 8, 2013

ആര്‍എസ്എസ് തലവന്റെ ഭാഷ രണ്ടുനൂറ്റാണ്ടുമുമ്പുള്ളത്: സുഗതകുമാരി


സ്ത്രീകള്‍ വീട്ടുജോലി ചെയ്താല്‍ മതിയെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അഭിപ്രായം അത്ഭുതത്തോടെയാണ് കേട്ടതെന്ന് കവയിത്രി സുഗതകുമാരി. രണ്ടു നൂറ്റാണ്ടുമുമ്പ് പറയേണ്ട ഭാഷയാണിത്. ധീരയും അഭിമാനിനിയും സ്വന്തം കാലില്‍നിന്നുവേല ചെയ്ത് ജീവിക്കുന്നവളുമായ സ്ത്രീയെയാണ് ഭാരതത്തിന് ആവശ്യം. അവള്‍ ആരുടെയും പിന്നില്‍ നടക്കുന്നവളല്ല; ഒപ്പം നടക്കുന്നവളാണ്. അങ്ങനെയുള്ള അഭിമാനിനിയായ ഒരു സ്ത്രീയെയാണ് എന്നെപ്പോലുള്ളവര്‍ സ്വപ്നം കാണുന്നത്

ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ: വി എം ഗിരിജ

മോഹന്‍ ഭാഗവത് പറഞ്ഞതില്‍ എന്താ അത്ഭുതം? ആര്‍എസ്എസ് മറിച്ചു പറഞ്ഞാലല്ലേ അത്ഭുതം.വിവാഹം വീട്ടുപണി നടത്താനും "സ്ത്രീസുഖ"ത്തിനും വേണ്ടിയുള്ള ഇടപാട് ആണെന്ന നിലപാടാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. എപ്പോഴും ആര്‍എസ്എസ് എടുത്തിരുന്ന രാഷ്ട്രീയനിലപാട് ഇതുതന്നെ അല്ലെ. ഭാരതം എന്ന രാഷ്ട്രം എന്താണ്, അതിന്റെ പാരമ്പര്യം എന്താണ് എന്നൊക്കെ പറയാനുള്ള ഒരേഒരു അധികാരി തങ്ങള്‍ ആണെന്നും അപ്പറഞ്ഞത് അച്ചട്ടായി അനുസരിക്കണം എന്നും അവര്‍ എപ്പോഴും പറയുന്നു. ജനാധിപത്യം, തുല്യത, മാനവികത എന്നീ വാക്കുകള്‍ അപ്രസക്തമാക്കുന്നു ഈ പ്രസ്താവന. എന്നെ അസ്വസ്ഥയാക്കുന്നു.

ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ല: ടി എ ഉഷാകുമാരി

മനുസ്മൃതിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടിക്ക് സ്ത്രീയെ അടുക്കളയിലെ ഉപകരണമായും ഉപഭോഗവസ്തുവായും മാത്രമേ കണാനാകൂ. മുഖംമൂടിയണിഞ്ഞ ഒരു പാര്‍ടിയുടെ നേതാവില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ല. ഭഗവതിന്റെ പ്രസ്താവനയില്‍ ആശ്ചര്യപ്പെടുത്തുന്നതൊന്നുമില്ല. സ്ത്രീക്ക് ഇങ്ങനെ ഒരു ലക്ഷ്മണരേഖ വരച്ച പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന പൊതുപ്രവര്‍ത്തകയായ ശോഭ സുരേന്ദ്രനും മറ്റും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. ഗാര്‍ഹിക തൊഴിലാളികളായ അസംഖ്യം അസംഘടിത തൊഴിലാളി സ്ത്രീകളുണ്ട്. ഈ തൊഴിലാളി സ്ത്രീകളോടുള്ള ആര്‍എസ്എസ് സമീപനം എന്താണെന്നുകൂടി ഭഗവതും സംഘവും വ്യക്തമാക്കണം.

ദയനീയം: കെ ആര്‍ മീര

ലോകം മുഴുവന്‍ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും മെച്ചപ്പെട്ട പദവിയെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന സമയത്ത് സ്ത്രീ ഭര്‍ത്താവിനെനോക്കി വീട്ടില്‍ കഴിയേണ്ടവളാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന അങ്ങേയറ്റം ദയനീയമാണ്. ഇതുവരെ നാം നേടിയ സ്ത്രീ മുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്നതും നിരുത്തരവാദിത്തപരവുമാണ് ഈ പ്രസ്താവന. ലിംഗനീതി സംബന്ധിച്ച് ലോകത്തെ മാറിവരുന്ന കാഴ്ചപ്പാടുകളില്‍ ഇത്തരക്കാര്‍ എത്രമാത്രം അജ്ഞരാണ് എന്നതിന് ഉദാഹരണം കൂടിയാണ് ഈ പ്രസ്താവന.

സ്ത്രീകള്‍ക്കെതിരെ എന്തും ആവാം എന്നതിന്റെ ഉദാഹരണം: ലളിത ലെനിന്‍

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ജനാധിപത്യ ഇന്ത്യയില്‍ എന്തു മുഷ്കും സ്ത്രീകള്‍ക്കെതിരെയാവാമെന്ന അവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കവി പ്രൊഫ. ലളിത ലെനിന്‍ പറഞ്ഞു. തികച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തിയശേഷം അത് നിഷേധിക്കുന്നുവെന്ന് പറഞ്ഞതുകൊണ്ടായില്ല. സ്ത്രീകളെന്നത് മനുഷ്യവിഭാഗത്തില്‍പ്പെടുന്ന ഒന്നല്ലെന്ന ചിന്തയാണ് ചിലര്‍ക്ക്. ആണധികാരത്തിന്റെ പ്രമത്തതയില്‍നിന്നാണോ അജ്ഞതയില്‍നിന്നാണോ ഇത്തരമൊരഭിപ്രായം വന്നതെന്നറിയാന്‍ കൗതുകമുണ്ട്. മാനവികതയും വിവേക ബുദ്ധിയും നഷ്ടമായതുകൊണ്ടാണോ ഇവിടെ സ്ത്രീവിരുദ്ധ പ്രയോഗം ഉണ്ടായത്. അജ്ഞതയാണെങ്കില്‍ അത് ജ്ഞാനംകൊണ്ട് തിരുത്തപ്പെടേണ്ടതാണ്. ഇനി മുന്നോട്ടുപോകണമെങ്കില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി ഒരു നവോത്ഥാന പോരാട്ടം കൂടിയേ മതിയാകൂ. അതിനായി ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ഒന്നിച്ച് പടവെട്ടേണ്ട സമയം അതിക്രമിച്ചു.

പുരുഷമേധാവിത്വ ചിന്താഗതി: കെ എ ബീന

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവന സ്ത്രീക്കുവേണ്ടി തീരുമാനം എടുക്കേണ്ടത് തങ്ങളാണ് എന്ന പുരുഷമേധാവിത്വ ചിന്താഗതിയില്‍നിന്നുണ്ടായതാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക കെ എ ബീന. സ്ത്രീകളെ സഹജീവികളായിപ്പോലും കണക്കാക്കാന്‍ കഴിയാത്തവര്‍ സംരക്ഷകരായി എത്തുന്നത് കാണുമ്പോള്‍ തമാശ തോന്നുന്നു. രക്ഷകരുടെയോ അധികാരികളുടെയോ തുണയില്ലാതെ സ്ത്രീക്കു ജീവിക്കാനാകില്ലെന്നു വരുത്തിത്തീര്‍ത്ത് സംരക്ഷിക്കാന്‍ പുറപ്പെടുന്നവര്‍ക്ക് പുതിയ തലമുറ മറുപടി നല്‍കുന്നുണ്ട്. ആ മറുപടിയാണ് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോകാനും കാലപ്പഴക്കം വന്നുപോയ ചിന്താഗതികളിലൂടെ സ്ത്രീകളെ പിന്നോക്കംവലിക്കാനും പലരെയും പ്രേരിപ്പിക്കുന്നത്.

അജന്‍ഡവ്യക്തം: സുസ്മേഷ് ചന്ത്രോത്ത്

മാനവപുരോഗതിയെ നിരാകരിച്ച് ആദിമകാലത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന പിന്തിരിപ്പന്‍ നിലപാട് അടിച്ചേല്‍പ്പിക്കാനാണ് ആര്‍എസ്എസ് നേതാവ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കഥാകൃത്ത് സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും കാഴ്ചപ്പാടും എന്താണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പുതിയ കാലത്തിന് യോജിക്കാത്ത ഇത്തരം അഭിപ്രായം മതേതര ജനാധിപത്യ ഇന്ത്യയില്‍ ചിന്തിക്കാന്‍പോലും പാടില്ല. ആര്‍എസ്എസ്-ബിജെപി വര്‍ഗീയ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് അവരുടെ നേതാക്കള്‍തന്നെ വ്യക്തമാക്കുകയാണ് ഇത്തരം പ്രസ്താവനയിലൂടെ.

മാധ്യമങ്ങള്‍ വളച്ചൊടിച്ചു: ശോഭ സുരേന്ദ്രന്‍

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ച സിഎന്‍എന്‍-ഐബിഎന്‍ റിപ്പോര്‍ട്ടര്‍ ട്വിറ്ററില്‍ മാപ്പു പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പറഞ്ഞത്. ഇതിനെതിരെ ആര്‍എസ്എസ് അഖിലേന്ത്യ നേതൃത്വം കേസ് കൊടുക്കാനൊരുങ്ങുകയാണ്. ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിന്റെ ആവശ്യമില്ല.

deshabhimani 080113

1 comment: