Sunday, January 20, 2013
ട്രോളിങ് നിരോധം ഉപേക്ഷിക്കുന്നു
കേരളതീരത്തെ മത്സ്യസമ്പത്ത് കാത്തുസൂക്ഷിക്കാനായി നടപ്പാക്കുന്ന ട്രോളിങ് നിരോധനം ഉപേക്ഷിക്കുന്നു. വിദേശ കപ്പലുകള്‍ക്കും ട്രോളറുകള്‍ക്കും വേണ്ടിയാണ് ഈ ഗൂഢനീക്കം. ട്രോളിങ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാനെന്നപേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചു. സമിതി തട്ടിക്കൂട്ടുന്ന റിപ്പോര്‍ട്ടിന്റെ മറവില്‍ ട്രോളിങ് നിരോധനം ഇല്ലാതാക്കാനാണ് നീക്കം. ഇതോടെ ലോകശ്രദ്ധ നേടിയ "ക്വയിലോണ്‍ ബാങ്കി"ല്‍ മത്സ്യസമ്പത്ത് ഇല്ലാതാകും. കേരളത്തിലെ രണ്ടര ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഇവരെ ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിനു അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാവും.
ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച ഏഴംഗ പഠനസമിതിയുടെ പരിഗണനാ വിഷയത്തില്‍തന്നെ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം. "തീരക്കടലില്‍ നടപ്പാക്കിവരുന്ന വര്‍ഷകാല ട്രോളിങ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനം" എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏഴംഗ സമിതിയില്‍ അഞ്ചുപേരും ഉദ്യോഗസ്ഥര്‍. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നിവയിലെ ഒന്നുവീതം പ്രതിനിധികളെ പേരിന് ഉള്‍പ്പെടുത്തി. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ഗവേഷകര്‍, തൊഴിലാളി സംഘടനകള്‍, പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയ്ക്കൊന്നും ഗൗരവമുള്ള വിഷയം പഠിക്കുന്ന സമിതിയില്‍ അംഗത്വമില്ല.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യപ്രജന കേന്ദ്രമാണ് കേരളതീരത്തെ 140 കിലോമീറ്റിലധികം ദൈര്‍ഘ്യംവരുന്ന "ക്വയിലോണ്‍ ബാങ്ക്" എന്നറിയപ്പെടുന്ന മേഖല. മേഖലയിലെ കടലിന്റെ അടിത്തട്ട് സംരക്ഷിക്കാന്‍ നടപ്പാക്കിയതാണ് വര്‍ഷകാല ട്രോളിങ് നിരോധനം. കടലിന്റെ അടിത്തട്ടും അവിടെയുള്ള ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തമമാതൃകയെന്നാണ് പദ്ധതിയെ അന്താരാഷ്ട്രതലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കേരളതീരത്തേക്ക് ഒഴുകിയെത്തുന്ന 41 നദികള്‍ വന്‍തോതില്‍ സൂക്ഷ്മപ്ലവകങ്ങള്‍ തീരക്കടലില്‍ എത്തിക്കുന്നു. കണ്ടല്‍ക്കാടുകളുടെ സാന്നിധ്യവും കടലിനോടുചേര്‍ന്നുള്ള കായലുകളും മറ്റൊരു സവിശേഷത. ഇതുമൂലം ജൂണ്‍, ജൂലൈ മാസങ്ങളില്‍ എല്ലാ പ്രധാന മത്സ്യയിനങ്ങളും പ്രജനത്തിനായി കേരളതീരത്തെത്തുന്നു. ട്രോളിങ് വലയും മറ്റും ഉപയോഗിച്ച് ഉള്‍ക്കടലിന്റെ അടത്തട്ടുവരെ അരിച്ചുപെറുക്കുമ്പോള്‍ മുട്ട നശിക്കും. ഇതോടെ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് ട്രോളിങ് നിരോധനം കൊണ്ടുവന്നത്. സംസ്ഥാനത്ത് എണ്‍പതുകളുടെ ആദ്യപകുതിയില്‍ മത്സ്യസമ്പത്തില്‍ കാര്യമായ കുറവുണ്ടായി. ഇതേക്കുറിച്ചുള്ള പഠനങ്ങളാണ് ട്രോളിങ് നിരോധത്തിന് കാരണമായത്.
1988 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതോടെ മത്സ്യസമ്പത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ടായി. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 6.50 ലക്ഷം ടണ്‍ മത്സ്യസമ്പത്ത് ലഭിച്ചു. 1987-88ല്‍ ലഭിച്ചത് 2,72 ലക്ഷം ടണ്ണാണ്. 1988ല്‍ 61 ദിവസമായിരുന്നു നിരോധനം. ഇത് ഏറിയും കുറഞ്ഞും തുടര്‍ന്നു. 2011-12ല്‍ 47 ദിവസമായിരുന്നു. ഇന്ത്യന്‍തീരത്ത് മത്സ്യബന്ധനത്തിന് ആയിരത്തില്‍പ്പരം വിദേശ കപ്പലുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇവരുടെ സമ്മര്‍ദത്താലാണ് നിരോധനം നീക്കുന്നത്. ട്രോളിങ് നിരോധനം നീക്കണമെന്നത് സംസ്ഥാനത്തെ ബോട്ടുടമകളുടെ ദീര്‍ഘകാലആവശ്യമാണ്.
(ജി രാജേഷ്കുമാര്‍)
അനധികൃത ട്രോളിങ് വ്യാപകം; മത്സ്യ സമ്പത്ത് കുറയുന്നു
കണ്ണൂര്‍: അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന യന്ത്രവല്‍കൃത ബോട്ടുകളുടെ അനധികൃത ട്രോളിങ് കടലിലെ മത്സ്യസമ്പത്തിനു ഭീഷണിയാവുന്നു. നിരോധിച്ച എന്‍ജിനുകളും വലകളും ഉപയോഗിച്ചാണ് ഇവരുടെ മീന്‍പിടിത്തം. കര്‍ണാടകത്തില്‍നിന്ന് നൂറുകണക്കിന് ബോട്ടുകളാണ് കണ്ണൂര്‍, ആയിക്കര, അഴീക്കല്‍, നീലേശ്വരം, ഏഴിമല ഭാഗങ്ങളില്‍ രാത്രി ട്രോളിങ് നടത്തുന്നത്. മത്സ്യസാന്നിധ്യം തിരിച്ചറിയാനുള്ള എക്കോസൗണ്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ദിവസങ്ങളോളം തമ്പടിച്ചാണ് മീന്‍പിടിക്കുന്നത്. പരമ്പരാഗത മത്സ്യബന്ധനത്തിലേര്‍പ്പെട്ട നൂറുകണക്കിനുതൊഴിലാളികളെ ഇത് ദുരിതത്തിലാക്കുന്നു.
നിയമപ്രകാരം 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലേ യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് അനുമതിയുള്ളൂ. ഇതു ലംഘിച്ച് അഞ്ചുമുതല്‍ എട്ടു നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനമുണ്ട്. ഫിഷറീസ് വകുപ്പ് നിരോധിച്ച വലകളും ഉപയോഗിക്കുന്നു. ഇതില്‍ കുടുങ്ങി മീന്‍ക്കുഞ്ഞുങ്ങള്‍ വ്യാപകമായി നശിക്കുന്നു. തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് 140 എച്ച്പിയില്‍ കുറഞ്ഞ ശക്തിയുള്ള എന്‍ജിനേ ഉപയോഗിക്കാവൂ. എന്നാല്‍, കേരളത്തില്‍നിന്നു തന്നെയുള്ള ചില ബോട്ടുകളില്‍ 400-420 എച്ച്പിയുള്ള എന്‍ജിനുകള്‍ ഉപയോഗിക്കുന്നു. മത്തി, അയല, ചെമ്മീന്‍ തുടങ്ങിയവയുടെ നാശത്തിന് ഇത് കാരണമാവും. പരമ്പരാഗത രീതിയില്‍ ഫൈബര്‍ ബോട്ടുപയോഗിച്ച് മത്സ്യം പിടിക്കുന്ന തൊഴിലാളികള്‍ക്ക് മത്തി, അയല എന്നിവ കിട്ടാത്ത അവസ്ഥയാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനധികൃത മത്സ്യബന്ധനം തടയാനാവുന്നില്ല. അംഗബലം കുറവായതിനാല്‍ കടലില്‍ രാത്രി പട്രോളിങ്ങുമില്ല.
deshabhimani 210113
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment