Monday, January 7, 2013

ഡീസല്‍ വില വര്‍ധന: നിര്‍ദേശം മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു


ഡീസല്‍ വില മാസത്തില്‍ ഒരു രൂപ വീതം കൂട്ടി ഈ വര്‍ഷം അവസാനിക്കുംമുമ്പ് ലിറ്ററിന് പത്ത് രൂപ വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശം പെട്രോളിയം മന്ത്രാലയം രേഖാമൂലം കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു. ഇതോടൊപ്പം, പാചകവാതകത്തിന്റെ വില ഈ വര്‍ഷം 25 ശതമാനവും മണ്ണെണ്ണയുടെ വില മൂന്നിലൊന്നും വര്‍ധിപ്പിക്കണമെന്നും പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പാചകവാതക സിലിണ്ടറിന് പരിധി നിശ്ചയിച്ച നടപടി എടുത്തുകളയണമെന്ന നിര്‍ദേശവും മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതായി അറിയുന്നു. ഈ നിര്‍ദേശത്തിന്മേല്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയും പാചകവാതക സിലിണ്ടറിന്റെ പരിധി എടുത്തുകളയുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയുമാണ്. ഇന്ധന സബ്സിഡി കുറയ്ക്കണമെന്ന വിജയ്കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍, ക്യാബിനറ്റ് കുറിപ്പ് കൈമാറിയെന്ന വാര്‍ത്ത ശരിവയ്ക്കാന്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി വിസമ്മതിച്ചു. വിജയ്കേല്‍ക്കര്‍ സമിതിയുടെ ശുപാര്‍ശകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിവരികയാണെന്ന് മന്ത്രി സമ്മതിച്ചു. കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മന്ത്രാലയം തയ്യാറാണെന്ന് പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ എണ്ണ സബ്സിഡി കുറയ്ക്കണമെന്ന് ധനമന്ത്രി പി ചിദംബരവും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ആവശ്യപ്പെട്ടിരുന്നു.

ധനമന്ത്രാലയവുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയ ശേഷമാണ് പെട്രോളിയം മന്ത്രാലയം ക്യാബിനറ്റ് സെക്രട്ടറിയറ്റിന് ഇന്ധനവില സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മണ്ണെണ്ണയുടെ സബ്സിഡി മൂന്നിലൊന്നായി കുറയ്ക്കണമെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദേശിക്കുന്നു. യിട്ടുള്ളൂ. പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറെണ്ണമായി കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ പരിധി എടുത്തുകളയണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച പ്രഖ്യാപനം നേരത്തേ തന്നെ വീരപ്പമൊയ്ലി നടത്തിയിരുന്നെങ്കിലും ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കിയതിനാല്‍ നടപ്പാക്കിയില്ല. എന്നാല്‍, ഒന്നിലധികം നിര്‍ദേശങ്ങളാണ് മന്ത്രാലയം മന്ത്രിസഭയ്ക്കുമുമ്പില്‍ വച്ചിട്ടുള്ളത്. പരിധി എടുത്തു കളയുക, സിലിണ്ടറിന്റെ എണ്ണം ഒമ്പതായി വര്‍ധിപ്പിക്കുക തുടങ്ങിയവയാണിവ. അന്തിമ തീരുമാനം മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി എടുക്കട്ടെയെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.
(വി ബി പരമേശ്വരന്‍)

deshabhimani 070113

No comments:

Post a Comment