Monday, January 7, 2013

കേബല്ലോ വീണ്ടും വെനസ്വേല ദേശീയ അസംബ്ലി തലവന്‍


കരാക്കസ്: വെനസ്വേല ദേശീയ അസംബ്ലിയുടെ നേതാവായി സോഷ്യലിസ്റ്റ് നേതാവ് ദയോസ്ദാദൂ കേബല്ലോയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് (പിഎസ്യുവി) വന്‍ ഭൂരിപക്ഷമുള്ള സഭയില്‍ കേബല്ലോയുടെ വിജയം സുനിശ്ചിതമായിരുന്നു. ക്യൂബയില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ഷാവേസിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ക്കിടെയാണ് രാജ്യത്തെ സുപ്രധാനപദവിയിലേക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേബല്ലോ എത്തിയത്. വൈസ്പ്രസിഡന്റ് നിക്കോളസ് മഡൂറോയും കേബല്ലോയുമാണ് ഷാവേസിന്റെ അഭാവത്തില്‍ വെനസ്വേലയെ നയിക്കുന്നത്.

ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഷാവേസിന് വ്യാഴാഴ്ച പുതിയ ഊഴത്തിലേക്ക് സത്യപ്രതിജഞചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം വാദമുന്നയിക്കെയാണ് ജനാധിപത്യപരമായ മറ്റ് നടപടിക്രമങ്ങളുമായി വെനസ്വേലന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഷാവേസ് ഇനി തിരിച്ചുവരില്ലെന്നുവരെയുള്ള ക്രൂരമായ പ്രചാരണമാണ് പാശ്ചാത്യചേരിയുടെ പിന്തുണയോടെ സോഷ്യലിസ്റ്റ് വിരുദ്ധര്‍ നടത്തുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്ന് മഡൂറോക്കിനു പിന്നാലേ കേബല്ലോയും വ്യക്തമാക്കി. "ജനുവരി പത്ത് കഴിഞ്ഞാലും ഷാവേസ് പ്രസിഡന്റായി തുടരും. ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജനങ്ങളെ വഞ്ചിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല"- തെരഞ്ഞെടുക്കപ്പെട്ടശേഷം കേബല്ലോ പ്രതികരിച്ചു.

അസംബ്ലിയില്‍ കേബല്ലോയുടെ തെരഞ്ഞെടുപ്പും ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കും വൈസ് പ്രസിഡന്റ് മഡൂറോയും സാക്ഷ്യംവഹിച്ചു. ഷാവേസിന് അഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് റാലി നടത്തി. "2013 മുതല്‍ 2019 വരെയുള്ള ആറുവര്‍ഷത്തേക്കാണ് ഷാവേസിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആ ദൗത്യം ഭംഗിയായി നിറവേറ്റപ്പെടും. ഷാവേസാണ് വെനസ്വേലയുടെ പ്രസിഡന്റ്. മറ്റാരുമല്ല- വാര്‍ത്താവിനിമയ മന്ത്രി ഏണസ്റ്റോ വില്ലെഗാസ് പറഞ്ഞു. പത്തിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും പ്രസിഡന്റ് പദവിയില്‍ ഷാവേസിന് തുടരാമെന്ന് വൈസ് പ്രസിഡന്റ് മഡൂറോ വ്യക്തമാക്കിയിരുന്നു.

deshabhimani 070113

No comments:

Post a Comment