Monday, January 7, 2013

സ്ത്രീകരുത്തില്‍ പ്രകമ്പിതമായി ഭൂസമരമുഖം


വടക്കാഞ്ചേരി: ഭൂസമരമുഖം ആറാംനാള്‍ വ്യത്യസ്തമായത് പെണ്‍പോരിമയുടെ പോരാട്ടവീറില്‍. മണ്ണിനായുള്ള പോരാട്ടം അത് സ്വന്തമാക്കുംവരെ തുടരുമെന്ന മുദ്രാവാക്യങ്ങള്‍ വളയിട്ട കൈകള്‍ മുഷ്ടിചുരുട്ടി പറഞ്ഞപ്പോള്‍ വടക്കേക്കളം എസ്റ്റേറ്റ് സ്ത്രൈണവീര്യത്താല്‍ പ്രകമ്പിതമായി. കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിത ബാലന്റെ നേതൃത്തില്‍ നടന്ന ഞായറാഴ്ചത്തെ സമരത്തില്‍ റെക്കോര്‍ഡ് കുറിച്ചെത്തിയത് 138 വനിതകളായിരുന്നു. നേരത്തേ 40 ല്‍ താഴെ മാത്രമായിരുന്നു സ്ത്രീ പ്രാതിനിധ്യം.

മണ്ണുത്തി നടത്തറ ബ്രാഞ്ചില്‍ നിന്നും കൊച്ചുമക്കളുമായി രണ്ട് വീട്ടുകാര്‍ കുടുംബസമേതം സമരത്തിനെത്തി. മൂര്‍ക്കനിക്കര ചേരിക്കാട്ടില്‍ സി കെ സുകുമാരനും ഭാര്യ സുമയുമാണ് രണ്ടരവയസ്സുള്ള മകള്‍ ശ്രീധരിയുമായി സമരത്തിനെത്തിയത്. ഇതേ ബ്രാഞ്ചിലെ കിഴക്കൂട്ട് വിജയാനന്ദനും ഭാര്യ ജയശ്രീയും രണ്ടാം ക്ലാസ്സുകാരനായ ഏകമകന്‍ ജിജിനുമൊത്തായിരുന്നു സമരത്തില്‍ സജീവ സാന്നിധ്യമായത്. സര്‍വീസിലുണ്ടായിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളികളായ ദമ്പതികള്‍ ഭൂസമരത്തിനെത്തിയത് വേറിട്ട സാന്നിധ്യമായി. ബിഎസ്എന്‍എല്‍ ചീഫ് ടെലിഫോണ്‍ സൂപ്പര്‍വൈസറും എന്‍എഫ്പിടിഇ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി ജി വാസുദേവനും(72), ഭാര്യ റിട്ട.നേഴ്സിങ് ഓഫീസറും കെജിഎന്‍എ സംസ്ഥാന പ്രസിഡന്റുമായിരുന്ന വിജയദേവി(68)യുമാണ് സമരവീര്യത്തിന് പ്രായാധിക്യം തടസ്സമാവില്ലെന്ന് തെളിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരായ അവകാശ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള പി ജി വാസുദേവന്‍ സി പിഐ എം തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് ലോക്കല്‍ കമ്മിറ്റി അംഗവും കിഴക്കുംപാട്ടുകര ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഇതേ ലോക്കല്‍ കമ്മിറ്റി അംഗമായ വിജയദേവി മഹിളാ അസോസിയേഷനിലും ,പെന്‍ഷനേഴ്സ് യൂണിയനിലും പ്രവര്‍ത്തനിരതയാണ്.

മണലൂര്‍ മുല്ലശേരി സെന്റര്‍ ബ്രാഞ്ചില്‍ നിന്ന് തച്ചംപുള്ളി കുഞ്ഞുമോനും ഭാര്യ കാര്‍ത്യായനിയും മകന്‍ പ്രമോദിനൊപ്പമായിരുന്നു സമരത്തിനെത്തിയത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് പ്രമോദ്. രണ്ടര വയസ്സുള്ള ശ്രീധരി സമരത്തിലെ പ്രായം കുറഞ്ഞ കുരുന്ന് സാന്നിധ്യമായപ്പോള്‍ മണ്ണുത്തി വലക്കാവില്‍ നിന്നെത്തിയ കാരാട്ട് വലപ്പില്‍ കെ കെ നാരായണനാണ് (75) മുതിര്‍ന്ന സമരഭടന്‍. 1960 മുതല്‍ പാര്‍ടി അംഗമായ നാരായണേട്ടന്‍ പഴയ ഭൂസമരത്തില്‍ പങ്കെടുത്ത് 60 ദിവസം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. നാരായണേട്ടന്റെ മക്കളായ മോഹന്‍ദാസും ജയചന്ദ്രനും സിപിഐ എം വലക്കാവ് ബ്രാഞ്ച് അംഗങ്ങളാണ്.

കണ്ണുതുറന്നു കാണൂ...ഈ സമരാവേശം

പാലക്കാട്: കയറിക്കിടക്കാന്‍ മണ്ണില്ലാത്തവന് വേണ്ടിയുള്ള സമരത്തെ അപഹസിക്കുന്ന യുഡിഎഫ് നേതാക്കളെ കണ്ണുതുറന്നു കാണൂ. ഒറ്റപ്പാലത്തെ സമരസേനാനികളുടെ ഈ സമരാവേശം. കരിപ്പോടുള്ള മിച്ചഭൂമിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് ചെയ്തത് 559 സമരഭടന്മാരാണ്. അതില്‍ 52 സ്ത്രീകള്‍. അവരെ അനുഗമിച്ചു ആയിരങ്ങള്‍ വേറെയും. എല്ലാവരും ജയിലില്‍ പോകാന്‍ തയ്യാര്‍. കത്തുന്നവെയിലിനെ വിപ്ലവവീര്യംകൊണ്ടവര്‍ നേരിട്ടപ്പോള്‍ നോക്കുകുത്തിയായത് വിരലെണ്ണാവുന്ന പൊലീസുകാര്‍ മാത്രം. മണ്ണിലും വിണ്ണിലും അവര്‍ പതാക പാറിച്ചു. വൈകിട്ട് അഞ്ച്വരെ സമരഭൂമിയില്‍ തീപാറുന്ന മുദ്രാവാക്യവും നാടന്‍പാട്ടും വിപ്ലവഗാനങ്ങളും പൊറാട്ടു നാടകവുമായി കുത്തിയിരുന്നു. നിലങ്ങളാകെ തരിശിട്ടു ഭൂമാഫിയക്ക് കൈമാറാനും നാട്ടില്‍ കോണ്‍ക്രീറ്റ് കാട് പണിയാനും നടക്കുന്ന നീക്കത്തെ ജീവന്‍കൊടുത്തു നേരിടുമെന്ന് പ്രഖ്യാപിച്ചു. നാടിന്റെ നന്മകളും തണ്ണീര്‍ത്തടങ്ങളും പുഴകളും മലകളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടന്‍ നേതൃത്വം നല്‍കിയ സമരം സിപിഐ എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. കരിപ്പോടു ജങ്ഷനില്‍വച്ച് സമരസഖാക്കളെ രക്തഹാരമണിയിച്ചു. കേരളത്തെ മാറ്റിമറിക്കുന്നതിന് നേതൃത്വം നല്‍കിയ ചെമ്പതാക ഏറ്റുവാങ്ങി സമരഭൂമിയിലേക്ക് നീങ്ങി. 1970കളിലെ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ച സഖാക്കള്‍ പുതിയവര്‍ക്ക് ആവേശമായി. ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയും മനുഷ്യനെപോലെ ജീവിക്കാനുമായി അന്ന് നടന്ന സമരത്തിന്റെ ആവേശം ചങ്കില്‍ സൂക്ഷിക്കുന്നവര്‍ വീണ്ടും ജയിലില്‍ പോകാന്‍ തയ്യാറായാണ് നീങ്ങിയത്. അമ്പലപ്പാറയിലെ ടി പി ചുക്രന്‍, കെ ശങ്കരനാരായണന്‍, ലെക്കിടിയിലെ രാമന്‍കുട്ടി, എന്‍ സി വേലായുധന്‍, ഏലകുളം ഉണ്ണികൃഷ്ണന്‍, ചുനങ്ങാട്ടെ കൃഷ്ണകുമാര്‍ തുടങ്ങി നിരവധിപേര്‍. സമരഭൂമിയില്‍ പ്രവേശിച്ചതും വരോട് നിന്നെത്തിയ ശിവന്‍ ഏറ്റവും ഉയരം കൂടിയ പനയുടെ ഉച്ചിയില്‍ ചെമ്പതാക പാറിച്ചു. സമരഭൂമിയിലെ മരങ്ങളിലൊക്കെ വാനോളം പതാക പാറി. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍, എം ഹംസ എംഎല്‍എ എന്നിവര്‍ സമരഭൂമിയിലെത്തി അഭിവാദ്യം ചെയ്തു.

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാര്‍, മഹിള അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം ഗിരിജാസുരേന്ദ്രന്‍, മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എല്‍ ഇന്ദിര എന്നിവര്‍ സംസാരിച്ചു. ഒറ്റപ്പാലം ഏരിയ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. എം എ ഗണേശന്‍ സ്വാഗതവും എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.ആര്‍ ചിന്നക്കുട്ടന്‍, ടി ചാത്തു, കോമളം, സി വിജയന്‍, സി അബ്ദള്‍ഖാദര്‍, ശോഭന പ്രസാദ്, പി വാസു, കോട്ടയില്‍ മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുത്തന്‍വീട് മധുസൂദനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാത്ത ഭൂമിയില്‍ തിങ്കളാഴ്ച കുഴല്‍മന്ദം ഏരിയയില്‍ നിന്നുള്ളവരാണ് സമരത്തിന് എത്തുക. കെഎസ്കെടിയു ഏരിയ സെക്രട്ടറി പി വി രാമകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സമരം സിപിഐ ജില്ലാ കമ്മിറ്റി അംഗം ടി ചാത്തു ഉദ്ഘാടനം ചെയ്യും

തടയാന്‍ വന്നാല്‍ കൈയും കെട്ടിയിരിക്കില്ല

കൊല്ലങ്കോട്: പൂര്‍വികര്‍ രക്തംചിന്തിയെടുത്ത ഭൂമിയില്‍ തങ്ങള്‍വിത്തിറക്കും വിതകൊയ്യും. തടയാന്‍ വന്നാല്‍ കൈയും കെട്ടിയിരിക്കില്ല. ആവേശം ജ്വലിപ്പിച്ച മുദ്രാവാക്യവുമായി ഞായറാഴ്ച കരിപ്പോടുള്ള മിച്ചഭൂമിയില്‍ ചെമ്പതാകയുമായി പ്രവേശിച്ച നൂറുക്കണക്കിന് സ്ത്രീകള്‍ ചുരുട്ടിയ കൈകള്‍ മാനത്തേക്ക് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. അതില്‍ 52 വനിതാസഖാക്കള്‍ രക്തഹാരമണിഞ്ഞു ജയിലില്‍ പോകാന്‍ തയ്യാറായാണ് എത്തിയത്. അവരുടെസമരവീര്യത്തിന് മുന്നില്‍ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടുപോലും മുട്ടുമടക്കി. പനകളെ സാക്ഷിയാക്കി അവര്‍ മണ്ണില്‍ പതാക താഴ്ത്തി. സമരഭൂമിയില്‍ ഇരിപ്പുറപ്പിച്ചു. നിരവധിസമരമുഖങ്ങളില്‍ പങ്കെടുത്തവരും ആദ്യമായി സമരങ്ങളില്‍ പങ്കെടുക്കുന്നവരും അതിലുണ്ടായിരുന്നു. ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനുള്ള മണ്ണും ജീവിതസാഹചര്യവും ഒരുക്കണമെന്ന ആവശ്യവുമായാണ് ഭൂമിയുളളവര്‍ എത്തിയത്. ഒറ്റപ്പാലം കുളപ്പുളിയില്‍നിന്ന് എത്തിയ ചിന്നക്കും കാളിക്കുട്ടിക്കും സുശീലക്കും മൂന്ന് സെന്റ് വീതം ഭൂമി മാത്രമാണുളളത്. കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ നിലവിലുളള വീടുകളില്‍ വീര്‍പ്പ്മുട്ടി കഴിയുകയാണ് പലരും. പാലപ്പുറത്തുനിന്നുള്ള അഫ്സത്തും ജയിലില്‍ പോകാന്‍ തയ്യാറായാണ് വന്നത്. ശോഭനപ്രസാദ്, സുബൈദ, പ്രീത മോഹനന്‍, ഗൗരി, പി പാര്‍വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനിതാപോരാളികളുടെ പേരാട്ടം. മഹിള അസോസിയേഷന്‍ നേതാക്കളായ ഗിരിജാസുരേന്ദ്രന്‍, ഇന്ദിര, പി വിജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം സ്ത്രീമുന്നേറ്റത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.

തളര്‍ത്താനാവില്ല ഈ സമരവീര്യത്തെ

വടക്കേക്കളം പ്ലാന്റേഷന്‍ (വടക്കാഞ്ചേരി): അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനത്തോടെ വടക്കേക്കളം മിച്ചഭൂമി ആറാം ദിവസവും സമരോത്സുകതയില്‍ ആളിപ്പടര്‍ന്നു. ആയിരങ്ങള്‍ അനുധാവനം ചെയ്ത പ്രകടനവും വളണ്ടിയര്‍സേനയുടെ മൂന്നേറ്റവുമായി മിച്ചഭൂമി കയ്യടുക്കുന്ന പോരാട്ടം മുന്നേറുകയാണ്. വടക്കേക്കളം പ്ലാന്റേഷനിലെ 73.73 ഏക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാതെ പിന്മാറില്ലെന്ന ആവേശകരമായ പ്രഖ്യാപനമാണ് ചെങ്കൊടികള്‍ ഉയര്‍ന്ന സമരഭൂമയില്‍ മുഴങ്ങിയത്.

ഞായറാഴ്ചത്തെ ഭൂസമരം വനിതാ പോരാളികളുടെ പതിവിലേറെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിത ബാലന്റെ നേതൃത്വത്തില്‍ 138 വനിതകള്‍ അടക്കം 365 വളണ്ടിയര്‍മാരാണ് ഞായറാഴ്ച മിച്ചഭൂമിയില്‍ പ്രവേശിച്ച് ചെങ്കൊടി നാട്ടിയത്. സമര ഭടന്മാര്‍ വൈകിട്ടുവരെ വിപ്ലവഗാനങ്ങള്‍ ആലപിച്ചും നാടന്‍പാട്ട് പാടിയും പോരാളികളുടെ സമരചരിത്രം പങ്കുവച്ചും മിച്ചഭൂമിയെ പുതിയ സമരാനുഭവകേന്ദ്രമാക്കി. പൊലീസ് പതിവുപോലെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ കാഴ്ചക്കാരായി നിന്നു. പൊതുയോഗം കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്കരണനിയമം പുത്തന്‍പണക്കാര്‍ക്കുവേണ്ടി അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ പറഞ്ഞു. വടക്കാഞ്ചേരി വടക്കേക്കളം പ്ലാന്റേഷനില്‍ ആറാംനാളിലെ ഭൂസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍വന്ന കോണ്‍ഗ്രസ് ഭൂസ്വാമിമാരുടെ സംരക്ഷകരായി മാറി. ഭൂമാഫിയ സംഘത്തിന് ഒത്താശ ചെയ്യുന്ന സര്‍ക്കാരിനെതിരായ വന്‍ ബഹുജന പ്രക്ഷോഭമായി ഭൂസമരം മാറിക്കഴിഞ്ഞു. ആരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് സമരം ന്യായമാണെന്നുള്ളതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എം അവറാച്ചന്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി ദാസ് സ്വാഗതം പറഞ്ഞു. ലളിത ബാലന്‍, പി വി രവീന്ദ്രന്‍, അഡ്വ. സി കെ വിജയന്‍, എം എസ് വിജയലക്ഷ്മി എന്നിവര്‍ക്ക് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. ഭൂസംരക്ഷണ ജില്ലാ കണ്‍വീനര്‍ എന്‍ ആര്‍ ബാലന്‍, എ പത്മനാഭന്‍, യു പി ജോസഫ്, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

മിച്ചഭൂമി സംബന്ധിച്ച ചോദ്യത്തിനുമുന്നില്‍ തഹസില്‍ദാര്‍ കുഴങ്ങി

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിലെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിവരം നല്‍കാനാവാതെ തഹസില്‍ദാര്‍ ഒഴിഞ്ഞുമാറി. ശനിയാഴ്ച ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് മിച്ചഭൂമിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉരുണ്ടുകളിച്ചത്. താലൂക്കിലെ മിച്ചഭൂമിയുടെ വിസ്തൃതിയും ഇതുമായി ബന്ധപ്പെട്ട കേസുകളെ സംബന്ധിച്ചുമാണ് അംഗങ്ങള്‍ ആരാഞ്ഞത്. അഡീഷണല്‍ തഹസില്‍ദാരാണ് മറുപടി പറയേണ്ടതെന്ന മുടന്തന്‍ ന്യായം പറഞ്ഞുനോക്കി. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് പഞ്ചായത്തുകളിലായുള്ള വടക്കേക്കളം പ്ലാന്റേഷനില്‍ 73.73 ഏക്കര്‍ മിച്ചഭൂമിയുള്ളതായി കണ്ടെത്തിയിരുന്നു. 36 വര്‍ഷത്തെ വ്യവഹാരശേഷം മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഭരണനേതൃത്വവും അധികൃതരും ഒത്തുകളിച്ച് തോട്ടം ഉടമകളെ സഹായിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഭൂസമരം ആരംഭിച്ച ജനുവരി ഒന്നിന് വടക്കേക്കളം പ്ലാന്റേഷന്റെ മിച്ചഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തതായി യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. തഹസില്‍ദാരുടെ വെളിപ്പെടുത്തലോടെ യുഡിഎഫ് നേതാക്കളുടെ നുണപ്രചാരണം പൊളിഞ്ഞു.

സമരാനുഭവങ്ങള്‍ പങ്കിട്ട് ചെക്കൂട്ടിയേട്ടന്‍

ഉള്ള്യേരി: വാര്‍ധക്യത്തിന്റെ അവശതകള്‍ പോരാട്ടഭൂമിയില്‍ കരുത്താക്കി 96-ാം വയസ്സിലും ചെക്കൂട്ടിയേട്ടന്‍ അഞ്ജനോര്‍മല സമരഭൂമിയില്‍. "ചത്താലും ചെത്തും കൂത്താളി" എന്ന മുദ്രാവാക്യം വിളിച്ച കൂത്താളി സമരത്തിന്റെ ഓര്‍മകളുമായിട്ടാണ് ചെക്കൂട്ടിയേട്ടന്‍ ഞായറാഴ്ച ബാലുശേരി മണ്ണാംപൊയിലില്‍നിന്നും പ്രവര്‍ത്തകരോടൊപ്പം സമരഭൂമിയില്‍ എത്തിയത്. "സഖാക്കളെ നിരാശപ്പെടേണ്ട, കൂത്താളി സമരം നമുക്കുമുന്നിലെ അനുഭവമാണ്" എന്ന ആമുഖത്തോടെ പഴയകാല സമരാനുഭവം സമര വളണ്ടിയര്‍മാരുമായി പങ്കിടാനും ചെക്കൂട്ടിയേട്ടന്‍ മറന്നില്ല. എരമംഗലം മിച്ചഭൂമി സമരത്തിലും പങ്കെടുത്ത സഖാവ് ഇപ്പോള്‍ സിപിഐ എം മണ്ണാംപൊയില്‍ ബ്രാഞ്ച് അംഗമാണ്.

deshabhimani 070113

No comments:

Post a Comment