കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രക്ഷോഭം ജില്ലയില്‍ രണ്ടാം ദിവസവും ശക്തം. സര്‍ക്കാരിന്റെ ഭീഷണികളെ അവഗണിച്ച് ഭരണാനുകൂല സംഘടനകളുടെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്വമേധയാ പണിമുടക്കില്‍ പങ്കെടുത്തു. പണിമുടക്കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി സര്‍വീസില്‍നിന്ന് സസ്പെന്‍ഡുചെയ്തു. കലക്ടറേറ്റിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തു. സമരാനുകൂലികളായ ജീവനക്കാര്‍ക്കെതിരെ ജോലിക്കെത്തുന്ന ജീവനക്കാരെക്കൊണ്ട് പൊലീസില്‍ പരാതി നല്‍കിക്കാനും സമ്മര്‍ദമുണ്ട്. പത്തനാപുരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍ രാജേന്ദ്രന്‍ ആചാരി, കുളത്തൂപ്പുഴ വില്ലേജ് ഓഫീസര്‍ അജിത് ജോയ്, ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ ഹാരിസ് ഇബ്രാഹിം, പുന്നല വില്ലേജ് ഓഫീസര്‍ കെ വി സോമനാഥ്, തെന്മല വില്ലേജ് ഓഫീസര്‍ ടി രാജേന്ദ്രന്‍പിള്ള, ആയിരനല്ലൂര്‍ വില്ലേജ് ഓഫീസര്‍ സി ജി എല്‍ ഷിലിന്‍ എന്നിവരെയാണ് കലക്ടര്‍ പി ജി തോമസ് സസ്പെന്‍ഡുചെയ്തത്. സമരവുമായി ബന്ധപ്പെട്ട് പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പണിമുടക്കിയ ജീവനക്കാരെ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൊലീസിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തിയിരുന്നു. ചിലയിടങ്ങളില്‍ കൈയേറ്റത്തിനും ശ്രമം നടന്നു. അസോസിയേഷന്‍ പ്രവര്‍ത്തകരെ കൈയേറ്റംചെയ്തെന്ന് കള്ളക്കേസ് ചുമത്തിയാണ് ആറ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. എന്‍ജിഒ യൂണിയന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി വൈ എ സലാം, ജോയിന്റ് സെക്രട്ടറി രതീഷ്കുമാര്‍, വൈസ് പ്രസിഡന്റ് ബിജു എന്നിവര്‍ക്കെതിരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.
ജില്ലാ ഭരണ കേന്ദ്രമായ കലക്ടറേറ്റില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ചയും എന്‍ജിഒ അസോസിയേഷന്റെ പ്രമുഖ നേതാക്കള്‍ മാത്രമാണ് ജോലിക്കെത്തിയത്. അധ്യാപകരുടെ പണിമുടക്കിനെത്തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. പ്രധാന സര്‍ക്കാര്‍ ഓഫീസുകളായ ജില്ലാ ട്രഷറി, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ആര്‍ഡി ഓഫീസ്, ജില്ലാ പ്ലാനിങ് ഓഫീസ്, ടാക്സ് കോംപ്ലക്സ്, വിവിധ താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നാമമാത്രമായ ജീവനക്കാരാണ് ജോലിക്കെത്തിയത്. ഗസറ്റഡ് ജീവനക്കാരും അക്കാദമിക്, പ്രൊഫഷണല്‍, സയന്റിഫിക് മേഖലകളിലെ ഡോക്ടര്‍മാരും പണിമുടക്കി.
കരുനാഗപ്പള്ളി, കൊട്ടാരക്കര, കുന്നത്തൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം നിശ്ചലമായി. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. വിവിധ സര്‍വീസ് സംഘടനകളുടെയും എല്‍ഡിഎഫ് ഘടക കക്ഷികളുടെയും നേതൃത്വത്തിലും പ്രകടനങ്ങള്‍ നടന്നു. ഉച്ചയ്ക്ക് അധ്യാപകരും ജീവനക്കാരും കലക്ടറേറ്റ് പരിസരത്തുനിന്ന് താലൂക്ക് ഓഫീസിലേക്ക് പ്രകടനംനടത്തി. തുടര്‍ന്നുചേര്‍ന്ന യോഗം എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പുനലൂരില്‍ ഡിഎഫ്ഒ ഓഫീസിനുമുന്നില്‍നിന്ന് പ്രകടനം ആരംഭിച്ച് മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ സമാപിച്ചു. യോഗത്തില്‍ കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം പിറവന്തൂര്‍ സോമരാജന്‍ അധ്യക്ഷനായി.
പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിആര്‍ഇയു നേതൃത്വത്തില്‍ റെയില്‍വേ ജീവനക്കാര്‍ യോഗം ചേര്‍ന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി ആര്‍ രാജേഷ് സംസാരിച്ചു. പ്രസിഡന്റ് ജോണ്‍ ബിജു അധ്യക്ഷനായി. പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ച് പിഎസ്യു നഗരത്തില്‍ പ്രകടനംനടത്തി. ചിന്നക്കടയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണുമോഹന്‍ ഉദ്ഘാടനംചെയ്തു.
അടിച്ചമര്‍ത്താമെന്നത് വ്യാമോഹം: സമരസമിതി
കൊല്ലം: സര്‍ക്കാരിന്റെ ഭീഷണികളെ അവഗണിച്ച് പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്ന ജീവനക്കാരെ സംയുക്ത സമരസമിതി അഭിവാദ്യം ചെയ്തു. ഹാജര്‍നില പെരുപ്പിച്ചുകാട്ടി പണിമുടക്ക് പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. പണിമുടക്കിനു നേതൃത്വം നല്‍കുന്ന സംഘടനാനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായി കള്ളക്കേസെടുക്കുന്നു. പുനലൂര്‍ താലൂക്കോഫീസില്‍ സംഘര്‍ഷം സൃഷ്ടിച്ച എന്‍ജിഒ അസോസിയേഷന്‍ നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് പത്തനാപുരം ഡെപ്യൂട്ടി തഹസില്‍ദാരും എന്‍ജിഒ യൂണിയന്‍ ജില്ലാസെക്രട്ടറിയറ്റ്അംഗവുമായ എ എന്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരെ സസ്പെന്‍ഡ്ചെയ്തു. ജോയിന്റ്കൗണ്‍സില്‍ പ്രവര്‍ത്തകരായ കെ വി സോമനാഥ്, ഷിബിന്‍, രാജേന്ദ്രന്‍പിള്ള എന്നിവരും എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരായ അജിത്ജോഗി, ഹാരിഷ് ഇബ്രാഹിം എന്നിവരുമാണ് സസ്പെന്‍ഷന് വിധേയമായത്. എന്‍ജിഒ യൂണിയന്‍ കൊല്ലം സിവില്‍സ്റ്റേഷന്‍ ബ്രാഞ്ച്സെക്രട്ടറി വൈ എ സലാം, ജോയിന്റ്സെക്രട്ടറി രതീഷ്കുമാര്‍, വൈസ്പ്രസിഡന്റ് ബിജു എന്നിവര്‍ക്കെതിരെ കള്ളക്കേസെടുത്തു.
പണിമുടക്കിയ ജീവനക്കാരില്‍ പ്രകോപനം സൃഷ്ടിച്ചു സംഘര്‍ഷം ഉണ്ടാക്കാനുള്ള ഭരണാനുകൂല സംഘടനകളുടെ നീക്കങ്ങളെ ചില ഉദ്യോഗസ്ഥരും സഹായിക്കുന്നു. പെന്‍ഷന്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ള ജീവനക്കാരും അധ്യാപകരും എല്ലാ പ്രതിസന്ധികളും തരണംചെയ്ത് സമരം വിജയിപ്പിക്കുമെന്ന് സമരസഹായസമിതി ജില്ലാ ചെയര്‍മാന്‍ അഡ്വ. എന്‍ അനിരുദ്ധനും കണ്‍വീനര്‍ പി ആര്‍ വസന്തനും പ്രസ്താവനയില്‍ പറഞ്ഞു. പ്രകോപനത്തിലൂടെ സംഘര്‍ഷം സൃഷ്ടിക്കാനുള്ള എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ഭരണാനുകൂല സംഘടനകളുടെ ശ്രമങ്ങളെ സംയമനത്തോടെ അധ്യാപകരും ജീവനക്കാരും നേരിടണമെന്ന് എന്‍ജിഒ യൂണിയന്‍ ജില്ലാപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍നായര്‍, സെക്രട്ടറി ബി അനില്‍കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥലം മാറ്റുമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി
അടൂര്‍: പണിമുടക്ക് പൊളിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി. സമരം ചെയ്യുന്ന ജീവനക്കാരെ ഫോണില്‍ വിളിച്ച് ഓഫീസില്‍ എത്തിയില്ലെങ്കില്‍ വിദൂരപ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റുമെന്നാണ് ഭീഷണി. കള്ളക്കേസില്‍പ്പെടുത്തുമെന്നും പറയുന്നുണ്ട്. വനിത ജീവനക്കാരെയാണ് കൂടുതലായും ഭീഷണിപ്പെടുത്തുന്നത്. ഓഫീസുകളിലെ ജീവനക്കാരെ അതാത് സ്ഥലത്തെ നേതാക്കളാണ് വിളിക്കുന്നത്. എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഭീഷണി വേറെയും ഉണ്ട്.
സമരം തോറ്റെന്ന് കാണിക്കാന്‍ വ്യാജഒപ്പും
അടൂര്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ പെരുപ്പിച്ച് കാണിക്കാന്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വ്യാജ ഒപ്പിടുന്നതായി പരാതി. ഓഫീസില്‍ എത്താത്ത ജീവനക്കാരുടെ പേരിലാണ് വ്യാജ ഒപ്പിടുന്നത്. സമരത്തെ "തോല്‍പ്പി"ക്കാന്‍ അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലാണ് ഒപ്പിടീല്‍ കര്‍മം അരങ്ങേറിയത്. ഇവിടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ജീവനക്കാര്‍ ഒപ്പിട്ടതായി രേഖ ഉണ്ടെങ്കിലും ഇവരാരും ഓഫീസില്‍ ഇല്ലായിരുന്നു.
യൂണിവേഴ്സിറ്റി രണ്ടാം ദിനവും സ്തംഭിച്ചു
തേഞ്ഞിപ്പലം: പണിമുടക്കിനെതുടര്‍ന്ന് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം ബുധനാഴ്ചയും സ്തംഭിച്ചു. ഭരണ വിഭാഗം, പരീക്ഷാഭവന്‍, അന്വേഷണ കൗണ്ടറുകള്‍, ഫീസ് കൗണ്ടറുകള്‍, വിവിധ പഠന വിഭാഗങ്ങള്‍ എന്നിവയില്‍ വളരെ കുറഞ്ഞ ഹാജര്‍ നിലയേ ബുധനാഴ്ചയും ഉണ്ടായുള്ളൂ. യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കാമ്പസില്‍ പ്രകടനം നടത്തി.
സമരത്തെ തകര്‍ക്കാനാവില്ല: ശിവദാസമേനോന്‍
മലപ്പുറം: പെന്‍ഷന്‍ സംരക്ഷിക്കാന്‍ അധ്യാപകരും ജീവനക്കാരും നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍മന്ത്രിയുമായ ടി ശിവദാസമേനോന്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഭീഷണിയും മര്‍ദന നടപടികളും തള്ളിക്കളഞ്ഞ് അധ്യാപകരും ജീവനക്കാരും സമരരംഗത്ത് സജീവമാണ്. ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭനത്തിലാണ്. ഉത്തരവാദിത്തത്തോടെ ജനാധിപത്യപരമായി സമരം ഒത്തുതീര്‍പ്പിലെത്തിക്കുകയാണ് വേണ്ടത്. അതിനുപകരം പൊലീസിനെയും ഗുണ്ടകളെയും ഉപയോഗപ്പെടുത്തി സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. ഭീഷണിയും മര്‍ദനവും കള്ളക്കേസുകളും സസ്പെന്‍ഷനുംകൊണ്ട് ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താനാവില്ലെന്ന് ചരിത്രബോധമുള്ളവര്‍ക്ക് വ്യക്തമാവും. സര്‍ക്കാര്‍ തെറ്റായ സമീപനം തിരുത്തി സമരം ഒത്തുതീര്‍പ്പാക്കാനുള്ള വിവേകം കാണിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചാനലുകാര്‍ക്കായി ക്ലാസില്‍ കയറിയ കെഎസ്യുക്കാരെ തടഞ്ഞു
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടയില്‍ ടെലിവിഷന്‍ ചാനലുകളില്‍ നിറയാനുള്ള കെഎസ്യുക്കാരുടെ ശ്രമം പാളി. മലപ്പുറം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ക്ലാസെടുക്കാനെന്ന് പറഞ്ഞെത്തിയവരെ അധ്യാപകരും സമര സഹായസമിതി പ്രവര്‍ത്തകരും തടഞ്ഞു. പൊലീസെത്തിയതോടെ കെഎസ്യുക്കാര്‍ പരിഹാസ്യരായി മടങ്ങി. അധ്യാപക സമരത്തെ തുടര്‍ന്ന് സ്കൂളില്‍ ക്ലാസുകള്‍ തടസ്സപ്പെട്ടിരുന്നു. ചാനലുകാരെയും പത്രക്കാരെയും നേരത്തെ വിവരമറിയിച്ചാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോളിന്റെ നേതൃത്വത്തില്‍ പത്തോളം കെഎസ്്യു പ്രവര്‍ത്തകര്‍ രാവിലെ 10.30þഓടെ സ്കൂളിലെത്തിയത്. സ്കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ ഇവര്‍ ക്ലാസില്‍ കയറിയതോടെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചു. വിവരമറിഞ്ഞ് കെഎസ്ടിഎ പ്രവര്‍ത്തകരായ അധ്യാപകരെത്തി ഇവരെ ക്ലാസില്‍നിന്നും ഇറക്കിവിട്ടു. സ്കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ ക്ലാസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ കെഎസ്യുക്കാര്‍ മടങ്ങി.
സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും നിശ്ചലം
കോട്ടയം: പണിമുടക്കിനെ തുടര്‍ന്ന് ജില്ലയില്‍ രണ്ടാംദിനവും സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും സ്തംഭിച്ചു. ബഹുഭൂരിപക്ഷം ജീവനക്കാരും പണിമുടക്കി. സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സമരത്തിന് ആവേശംപകര്‍ന്ന് കൂടുതല്‍ ജീവനക്കാര്‍ സമരത്തില്‍ അണിച്ചേര്‍ന്നു. ജില്ലയില്‍ ആകെയുള്ള 13,984 ജീവനക്കാരില്‍ ജീവനക്കാരില്‍ 4,615പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. ജലഗതാഗതവകുപ്പില്‍ ബോട്ട് സര്‍വീസും നിലച്ചു. കണക്കുകള്‍ പ്രകാരം 33ശതമാനം മാത്രമാണ് ജോലിക്ക് ഹാജരായത്. 67ശതമാനം ജീവനക്കാരും പണിമുടക്കി. ബസ്സമരം മൂലമാണ് ചൊവ്വാഴ്ച ജീവനക്കാര്‍ എത്താതിരുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചതും പൊളിഞ്ഞു. വാഹനസൗകര്യമുണ്ടായിട്ടും ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാത്തത് ഭരണപക്ഷത്തിന് ഇരുട്ടടിയായി.
റവന്യു, ട്രഷറി, ഫോറസ്റ്റ്, വിദ്യാഭ്യാസവകുപ്പ് ഓഫീസുകള്‍ വിജനമായിരുന്നു. കലക്ടറേറ്റില്‍ ആകെയുള്ള 182 ജീവനക്കാരില്‍ 38 പേരാണ് ഹാജരായത്. കോട്ടയം വയസ്ക്കര വിദ്യാഭ്യാസ കോംപ്ലക്സില്‍ 260 ജീവനക്കാരില്‍ 40 പേര്‍ മാത്രം എത്തി. ജലഗതാഗതവകുപ്പ് കോട്ടയം സ്റ്റേഷനിലെ 33 ജീവനക്കാരില്‍ 15 പേര്‍ ഹാജരായി. കോട്ടയം ജില്ലാ ട്രഷറിയില്‍ ആകെയുള്ള 70 ജീവനക്കാരില്‍ 18 പേര്‍ ഹാജരായി. സര്‍വെ ഓഫീസില്‍ 12 പേരും പ്ലാനിങ് ഓഫീസില്‍ ഒരാളുമാണ് ഹാജരായത്. കോട്ടയം പിഎസ്സി ാഫീസില്‍ 44 പേരില്‍ എട്ടുപേരാണ് ജോലിക്കെത്തിയത്. ജില്ലയില്‍ 25 സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല.
കോട്ടയം കലക്ടറേറ്റില്‍ പണിമുടക്കിയ ജീവനക്കാരെയും നേതാക്കളെയും കോട്ടയം ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബുധനാഴ്ച രാവിലെ 10നാണ് സംഭവം. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി അജയന്‍ കെ മോനോന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സിവില്‍സ്റ്റേഷനില്‍ പ്രവേശിച്ചത് പൊലീസ് സംഘം തടയുകയായിരുന്നു. ഡിവൈഎസ്പി നോക്കിനില്‍ക്കെയാണ് പൊലീസ് പണിമുടക്കിയ ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഒപ്പിട്ടിട്ട് ജോലിചെയ്യാതെ കലക്ടറേറ്റ് കോമ്പൗണ്ടില്‍ സമരക്കാരെ ഭീഷണിപ്പെടുത്താന്‍നിന്ന എന്‍ജിഒ അസോസിയേഷന്‍കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പണിമുടക്കിയ ജീവനക്കാരും നേതാക്കളും ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് അടിമപ്പണി ചെയ്യുന്ന പൊലീസ് നിലപാടില്‍ ജീവനക്കാര്‍ ശക്തമായി പ്രതിഷേധിച്ചു. ജീവനക്കാര്‍ പിന്‍വശത്തെ ഗെയ്റ്റില്‍ പൊലീസ് നടപടിക്കെതിരേയോഗം ചേര്‍ന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസെക്രട്ടറി അജയന്‍ കെ മേനോന്‍ സംസാരിച്ചു. ജീവനക്കാര്‍ ഗാന്ധിസ്ക്വയറിലേയ്ക്ക് പ്രകടനം നടത്തി. രാജീവ്ഗാന്ധി കോംപ്ലക്സിന് സമീപം നടന്ന യോഗം കെജിഒയെ സംസ്ഥാന ട്രഷറര്‍ ഡോ കെ എം ദിലീപ് ഉദ്ഘാടനം ചെയ്തു. സമരമുന്നണി നേതാക്കളായ ആര്‍ പ്രസന്നന്‍, കെ ബിനു, എം എന്‍ ശ്യാമള, എന്‍ രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.
വൈക്കം, പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീവിടങ്ങളിലും പ്രകടനവും യോഗവും നടന്നു. വൈക്കം, പാലാ, ചങ്ങനാശേരി മുനിസിപ്പാലിറ്റികളില്‍ 198 ജീവനക്കാര്‍ പണിമുടക്കി. കാഞ്ഞിരപ്പള്ളി മിനി സിവില്‍സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പണിമുടക്കിയ ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെതിരേ കാഞ്ഞിരപ്പള്ളി മിനി സിവില്‍സ്റ്റേഷനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. കെ ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. പണിമുടക്കിന്റെ ഹാജര്‍ ശേഖരിക്കാന്‍ ഓഫീസുകളില്‍ എത്തിയ സംഘടനാപ്രവര്‍ത്തകരെ ഏറ്റുമാനൂര്‍ കച്ചേരിക്കുന്നില്‍ പൊലീസ് തടഞ്ഞു. ജീവനക്കാരെ കുറ്റവാളികളെപോലെ കൈകാര്യം ചെയ്യാനാണ് രണ്ടുദിവസമായി കോട്ടയത്ത് ഓഫീസുകളില്‍ പൊലീസിനെ വിന്യസിച്ചതെന്നും ആക്ഷേപമുണ്ട്. ഔദ്യോഗികമായി ഓഫീസര്‍മാര്‍ നല്‍കുന്ന ഹാജര്‍നില തെറ്റാണെന്നും പാര്‍ട്ട് ടൈം ജീവനക്കാരെവരെ ഉള്‍പ്പെടുത്തിയാണിതെന്നും ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്. മൃഗസംരക്ഷണവകുപ്പില്‍ വാക്സിനേഷന്‍ ജോലി ബഹിഷ്ക്കരിച്ച് പണിമുടക്കിയ നൂറോളം ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് ജില്ലാ ഓഫീസില്‍നിന്ന് ഹാജര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നറിയുന്നു.
പണിമുടക്കിന്റെ മറവില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം
കല്‍പ്പറ്റ: പണിമുടക്കിന്റെ മറവില്‍ ഭഭരണാനുകൂല സംഘടയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം. സംസ്ഥാന ജീവനക്കാരും അധ്യാപകരും ആരംഭിച്ച അനിശ്ചിതകാല പണിമുടക്കത്തിന്റെമറവില്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് ഭ എന്‍ജിഒ അസോസിയേഷന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തിയ ജീവനക്കാരനെ പണിമുടക്കിയ ജീവനക്കാര്‍ തടഞ്ഞു. ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഓഫീസില്‍ കയറാന്‍ എന്ന വ്യാജേന പ്രധാന ഗെയിറ്റിലൂടെ കലക്ടറേറ്റിനകത്തേക്ക് വന്ന ഒരു ജീവനക്കാരനെ സമരാനുകൂലികള്‍ തടയുകയായിരുന്നു. തന്റെ കൈയ്യിലുള്ളത് ഓഫീസ് ഫയല്‍ ആണെന്നും ഓഫീസ് ആവശ്യത്തിന് വെളിയില്‍ പോയതാണെന്നും പറഞ്ഞജീവനക്കാരന്‍ സമരക്കാരെ അസഭ്യം പറഞ്ഞു. തുടര്‍ന്നു നടന്ന ചെറിയ സംഘര്‍ഷത്തില്‍ ജീവനക്കാരന്റെ കൈയ്യിലുള്ള പേപ്പര്‍ താഴെ വീണത് പരിശോധിച്ചപ്പോള്‍ എന്‍ ജി ഒ അസോസിയേഷന്റെ മെമ്പര്‍ഷിപ്പ് ഫോമുകളാണണ് കണ്ടത്.
ജോലിക്ക് ഹാജരായവര്‍ ഓഫീസ് സമയത്ത് പ്രകടനം നടത്തി; കലക്ടറേറ്റില്‍ സംഘര്‍ഷാവസ്ഥ
കല്‍പ്പറ്റ:അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനും വേതനം പോലും നഷ്ടപ്പെടുത്തി സമര പാതയിലിറങ്ങിയവര്‍ക്ക് നേരെ രജിസ്റ്ററില്‍ ഒപ്പ് വെച്ച ശേഷം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ വെല്ല്വിളിയും പരിഹാസവും.പ്രകോപനം സൃഷ്ടിക്കാനുള്ള അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നീക്കം തടയുന്നതിന് പകരം ഭരണാനുകൂല സംഘടനയെ താലോലിച്ച് പൊലീസും നിലയുറപ്പിച്ചതേടെ അധ്യാപകരും ജീവനക്കാരും നടത്തുന്ന അനിശ്ചിത കാല സമരത്തിന്റ രണ്ടാം നാള്‍ കലക്ടറേറ്റ് കവാടം പ്രക്ഷുബ്ധമായി. അസോസിയേഷന്‍ ജില്ല സെക്രട്ടരി ഉമ ശങ്കറിന്റെ നേതൃത്വത്തിലാണ് രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് കവാടത്തില്‍ സമരാനുകൂലികളെ നേരിടാനെത്തിയത്. ജോലിക്ക് എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാനെന്ന വ്യാജേനെയാണ് ഇവര്‍ പരസ്യമായി വെല്ല്വിളിച്ചും പ്രകോപനം സൃഷ്ടിച്ചും സമരക്കാര്‍ക്കെതിരെ നിലയുറപ്പിച്ചത്.ജില്ലാ കലക്ടര്‍, എ ഡി എം എന്നീ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസിലുള്ളപ്പോള്‍ തന്നെ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ജോലിക്ക് ഹാജരായ ജീവനക്കാരാണ് ഓഫീസ് സമയത്ത് പുറത്തിറങ്ങി പ്രകടനം നടത്തിയത്. അവരെ പിന്‍തിരിപ്പിക്കുന്നതിന്സമരസമിതി നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്ത പോലീസ് നടപടി കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. സമര സമിതി നേതാക്കളുടെ ഇടപെടലിന്റെ ഭഭാഗമായി കലക്ടര്‍ എ ഡി എമ്മിന് നിര്‍ദ്ദേശം കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങുകയായിരുന്നു.
തരിയോട് വില്ലേജാഫീസില്‍ നിന്നും കല്‍പ്പറ്റ വില്ലേജോഫീസിലേക്ക് സ്ഥലം മാറ്റം വാങ്ങിയാണ് ജില്ല സെക്രട്ടരി ഉമാശങ്കര്‍ കരിങ്കാലി പണിക്ക് നേതൃത്വം നല്‍കുന്നത്. സമരം മൂലം ജീവനക്കാര്‍ കുറഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് തടസമാകരുതെന്നതിനാലാണത്രെ ഇദ്ദേഹത്തെ കല്‍പ്പറ്റ വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ ബുധനാഴ്ച ഉച്ചവരെയും ഇദ്ദേഹം കലക്ടറേറ്റ് പരിസരത്ത് ക്യാമ്പ് ചെയ്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. കലക്ടറേറ്റില്‍ രജിസ്റ്ററില്‍ ഒപ്പ് വെച്ച ശേഷമാണ് ഇദ്ദേഹം ഉള്‍പ്പെടെയുള്ള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കോംപൗണ്ടില്‍ തന്നെ നിലയുറപ്പിച്ചത്.ജോലി സമയത്ത് ജോലിചെയ്യാതെ മുദ്രാവാക്യം വിളിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി യെടുക്കണമെന്നാണ് സമരാനുകുലികള്‍ ആവശ്യപ്പെടുന്നത്.
deshabhimani 100113
No comments:
Post a Comment