Monday, January 7, 2013

മൊല്ലയെ ആക്രമിച്ചതില്‍ പ്രതിഷേധിക്കുക സിപിഐ എം


ബംഗാളില്‍ ഇടതുമുന്നണിയുടെ ചീഫ് വിപ്പിനെ ആക്രമിച്ചു; ഗുരുതര പരിക്ക്

കൊല്‍ക്കത്ത: സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇടതുമുന്നണി നിയമസഭാകക്ഷി ചീഫ് വിപ്പുമായ അബ്ദുള്‍ റജാക്ക് മൊള്ളയെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘം ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. അദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ക്കുകയും ചെയ്തു. മൊള്ളയെ കൊല്‍ക്കത്തയില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖത്തും പുറത്തും അടിയേറ്റ അദ്ദേഹത്തിന്റെ പല്ലുകള്‍ നഷ്ടപ്പെടുകയും നട്ടെല്ല് പൊട്ടുകയും ചെയ്തു.

മുന്‍ തൃണമൂല്‍ എംഎല്‍എയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അരാബുള്‍ ഇസലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗഡയില്‍ ഞായറാഴ്ച രാവിലെയാണ് ആക്രമണം നടന്നത്്. ഇവിടെ, കാട്ടാത്തലയില്‍ ശനിയാഴ്ച രാത്രി സിപിഐ എമ്മിന്റെ ഒരു ഓഫീസ് തൃണമൂലുകാര്‍ തീയിടുകയും പാര്‍ടിപ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ അക്രമത്തിനെതിരെ പാര്‍ടി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഈ പ്രകടനത്തിനുനേരെയും തൃണമൂലുകാര്‍ അക്രമം നടത്തി. അതിലും നിരവധി പാര്‍ടിപ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി. അത് അന്വേഷിക്കാനാണ്് മൊള്ള അവിടേക്ക് പോയത്. അദ്ദേഹം സംഭവസ്ഥലത്ത് എത്തുന്നതിന് തൊട്ടുമുമ്പ് അരാബുളിന്റെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന അക്രമിസംഘം വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു, പ്രതിപക്ഷനേതാവ് സൂര്യകാന്തി മിശ്ര എന്നിവരടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി മൊള്ളയെ സന്ദര്‍ശിക്കുകയും അക്രമത്തെ അപലപിക്കുകയും ചെയ്തു.
(ഗോപി)

മൊല്ലയെ ആക്രമിച്ചതില്‍ പ്രതിഷേധിക്കുക സിപിഐ എം

ന്യൂഡല്‍ഹി: സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അബ്ദുള്‍ റജാക്ക് മൊല്ലയെ ആക്രമിച്ചതില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തിയായി പ്രതിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കത്തിച്ച ഒരു പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതിനിടെയാണ് തൃണമൂല്‍ നേതാവായ അരാബുള്‍ ഇസലാമിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. മുഖത്തേറ്റ പരിക്കുകളുമായി മൊല്ല ചികില്‍സയിലാണ്. സിപിഐ എമ്മിനെതിരെയും ഇടതുപാര്‍ട്ടികള്‍ക്കെതിരെയും തൃണമൂല്‍ നടത്തിവരുന്ന അതിക്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. ഉത്തരവാദികളായ തൃണമൂല്‍ നേതാവിനെയും മറ്റുള്ളവരെയും ഉടന്‍ അറസ്റ്റു ചെയ്യണം. തൃണമൂല്‍ ഉയര്‍ത്തുന്ന ഭീഷണിക്കും സംഘര്‍ഷത്തിനുമെതിരെ ജനാധിപത്യ ശക്തികള്‍ പ്രതികരിക്കണമെന്ന് പി ബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 070113

No comments:

Post a Comment