Monday, January 7, 2013

ബീഡിത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്


വാറങ്കല്‍ (ആന്ധ്രാപ്രദേശ്): എല്ലാ ബീഡിത്തൊഴിലാളികള്‍ക്കും ചുരുങ്ങിയ പെന്‍ഷന്‍ മൂവായിരം രൂപയും ആയിരം ബീഡിക്ക് 200 രൂപ ദേശീയ മിനിമം വേതനവും നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ഓള്‍ ഇന്ത്യാ ബീഡി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. പ്രൊവിഡന്റ് ഫണ്ട് ബോര്‍ഡ് ആയിരം രൂപയും കേന്ദ്ര വെല്‍ഫെയര്‍ ബോര്‍ഡ് രണ്ടായിരം രൂപയും പെന്‍ഷനുവേണ്ടി ഓരോ തൊഴിലാളിക്കും നീക്കിവയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കി.

ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണം തടയാന്‍ നിയമം കര്‍ശനമാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് നിസാമുദ്ദീന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് പൂക്കോടന്‍ ചന്ദ്രന്‍, ടി പി ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു. ക്രഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്‍വീനര്‍ ചിത്തരഞ്ജന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും പ്രായം കുറഞ്ഞ പ്രതിനിധിയും ബിഹാറില്‍നിന്നാണ്. ബിഹാര്‍ ബീഡി വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ ശിവശങ്കര്‍ സിങ്ങാണ് പ്രായം കൂടിയ പ്രതിനിധി. 85 വയസ്. പതിനെട്ടുകാരിയായ പ്രീതികുമാരിയാണ് പ്രായം കുറഞ്ഞ പ്രതിനിധി. 14 സംസ്ഥാനങ്ങളില്‍നിന്നായി 300 പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് 15 പേരാണ് പങ്കെടുത്തത്.

deshabhimani 070113

No comments:

Post a Comment