Wednesday, January 9, 2013

രമേശ് ചെന്നിത്തലയുടെ പരിപാടിക്ക് മണിക്കൂറുകളോളം റോഡ് അടച്ചു


കോവളം: രമേശ് ചെന്നിത്തലയുടെ പരിപാടിക്കായി വിഴിഞ്ഞത്ത് പൊതുറോഡ് അടച്ച് രണ്ടരമണിക്കൂറോളം പൊലീസിന്റെ ഗതാഗതനിയന്ത്രണം. ചടങ്ങിനിടയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും. സ്റ്റേജില്‍ ഇടംകിട്ടാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അണികള്‍ നോക്കിനില്‍ക്കെ ഇറങ്ങിപ്പോയി. കിടാരക്കുഴി സര്‍വീസ് സഹകരണബാങ്കിന്റെ വിഴിഞ്ഞം ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വിഴിഞ്ഞത്ത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അരങ്ങേറിയത്.

ഉദ്ഘാടകനായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് എത്തുമെന്നായിരുന്നു അറിയിപ്പ്. ഏറ്റവും ഗതാഗതത്തിരക്കേറിയ വിഴിഞ്ഞം-പൂവാര്‍ റോഡിലെ വിഴിഞ്ഞം പുതിയ പാലത്തിനുസമീപം റോഡിനോട് ചേര്‍ന്നായിരുന്നു വേദി. അഞ്ചിനുമുമ്പുതന്നെ പൊലീസ് പുതിയ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. നിമിഷങ്ങള്‍ക്കകം കിലോമീറ്ററോളം മുക്കോല, വെങ്ങാനൂര്‍, കോവളം എന്നീ പ്രദേശങ്ങള്‍വരെ ഗതാഗതക്കുരുക്കായി. ചെന്നിത്തല എത്തിയപ്പോള്‍ സമയം 6.30 കഴിഞ്ഞിരുന്നു. കെപിസിസി സെക്രട്ടറിയായി നിര്‍ദേശിക്കപ്പെട്ട എം വിന്‍സന്റിന്റെ പേര് സ്വാഗതപ്രസംഗകന്‍ പറയാതിരുന്നതും വയലാര്‍ രവി ഗ്രൂപ്പുകാരനായ അഗസ്റ്റിന്‍ ഗോമസ് എന്ന പ്രാദേശിക നേതാവിനെ സ്റ്റേജില്‍ കയറ്റിയിരുത്തിയതും ഒരുവിഭാഗം കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധം വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. ഇതിനിടയില്‍ പിടിച്ചുമാറ്റാനെത്തിയ സദാനന്ദതായ് എന്ന കൗണ്‍സിലര്‍ക്ക് പൊതിരെ തല്ലുംകിട്ടി. തുടര്‍ന്ന് പ്രതിഷേധക്കാരുടെകൂടെ എത്തിയ അണികള്‍ പിരിഞ്ഞുപോയതോടെയാണ് രമേശ് ചെന്നിത്തല സംസാരിക്കാന്‍ തുടങ്ങിയത്. പരിപാടിയില്‍ മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയര്‍ അടക്കമുള്ള എ വിഭാഗം നേതാക്കളുടെ അസാന്നിധ്യവും അണികള്‍ക്കിടയില്‍ ചര്‍ച്ചയായി.

deshabhimani 090113

No comments:

Post a Comment