Tuesday, January 22, 2013

പൊലീസുകാര്‍ക്ക് സൗജന്യപാസ് ഡിജിപിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി


കോട്ടയം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സിക്ക് അമിതബാധ്യത വരുത്തുന്ന  നിര്‍ദ്ദേശങ്ങളുമായി  സര്‍ക്കാര്‍ വീണ്ടും. പൊലീസുകാര്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്രാ പാസ് നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. പൊലീസുകാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്ത ഇനത്തില്‍  ഇതുവരെ ഒരു രൂപ പോലും നല്‍കാത്ത സാഹചര്യത്തിലാണ്  65000  പൊലീസുകാര്‍ക്കും സൗജന്യ യാത്രാ പാസ് നല്‍കണമെന്ന പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാനസര്‍ക്കാര്‍ എത്തിയത്. പൊലിസുകാര്‍ക്ക് അനുവദിച്ച ബസ് വാറണ്ടു പ്രകാരം ആറ് കോടി  രൂപ  അഭ്യന്തരവകുപ്പ് നല്‍കാനുണ്ട്. നിലവില്‍ പാസിനത്തില്‍ വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനങ്ങളാണ് പുതിയ സര്‍ക്കാര്‍ വന്ന ശേഷം സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ വികലാംഗര്‍ക്ക് സൗജന്യപാസ് നല്‍കിയ ഇനത്തില്‍ സര്‍ക്കാര്‍ 96 കോടി രൂപ കെ എസ് ആര്‍ ടി സിക്ക് നല്‍കാനുണ്ട്. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നിലപാടും സ്വീകരിച്ചിട്ടില്ല. അമ്പത് ശതമാനം വൈകല്യമുള്ളവര്‍ക്കായിരുന്നു ഇതുവരെ കെ എസ് ആര്‍ ടി സി ബസുകളില്‍ പാസ് അനുവദിച്ചിരുന്നതെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം അത് നാല്‍പത് ശതമാനമായി പരിധി കുറച്ചു. അതുവഴിയുണ്ടാകുന്ന നഷ്ടത്തിന്റെ തോത് പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വികലാംഗരുടെ പാസ് വര്‍ഷം തോറും പുതുക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ് അജീവനാന്തപാസായി മാറ്റുകയും ചെയ്തു. പുതിയതായി ക്യാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സയ്ക്കായി സൗജന്യ യാത്രാപാസ് അനുവദിച്ചിരുന്നു.ഇക്കാര്യത്തിലെ ചെലവ് സര്‍ക്കാര്‍ വഹിക്കാമെന്ന് ഏറ്റെങ്കിലും ഇതിനും പണം നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ അവ്യക്തത നിറഞ്ഞ ഉത്തരവ് മൂലം ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര ഉത്തരവ് ഇറങ്ങി ആറ് മാസം കഴിഞ്ഞാണ് ലഭിച്ച് തുടങ്ങിയത്.

ഡി ജി പിയുടെ ആവശ്യപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറിയാണ്  കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്ക് സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് കൂടി പാസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞമാസം കത്ത് നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതുമൂലം കോര്‍പറേഷനുണ്ടാകുന്ന നഷ്ടത്തിന്റെ വ്യാപ്തിയും  അതി പരിഹരിക്കാനുള്ള മാര്‍ഗവും വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പൊലീസുകാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവി നല്‍കുന്ന വാറണ്ട് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഇതിന്റെ പണം കെ എസ് ആര്‍ ടി സിക്ക് അഭ്യന്തര വകുപ്പ് നല്‍കികൊള്ളാമെന്നാണ് വ്യവസ്ഥയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു രൂപ പോലും അടച്ചിട്ടില്ല. ജീവനക്കാര്‍ക്കും കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്കും പുറമേ വികലാംഗര്‍, എം എല്‍ എ മാര്‍, മുന്‍ എം എല്‍ എമാര്‍, മന്ത്രിമാരുടെയും എം എല്‍എ മാരുടെയും പേഴ്‌സണല്‍സ്റ്റാഫ്, സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള പത്ര പ്രവര്‍ത്തകര്‍, അര്‍ജ്ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ക്കാണ്  കെ  എസ് ആര്‍ ടി യുടെ പാസ് അനുവദിച്ചിട്ടുള്ളത്.  ഇതില്‍ സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകരുടെ സൗജന്യ നിരക്കിലുള്ള പാസ് ഇനത്തിലുള്ള കുടിശ്ശിക  കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പബഌക് റിലേഷന്‍ വകുപ്പ് നല്‍കിയിരുന്നു.പത്രപ്രവര്‍ത്തകരുടെ  യാത്രാനിരക്കിന്റെ  വിഹിതം മാത്രമാണ് സര്‍ക്കാര്‍ വല്ലപ്പോഴുമെങ്കിലും നല്‍കുന്നത്.

സൗജന്യ പാസുകള്‍ അനുവദിച്ചുകൊണ്ട് സെക്രട്ടറിയേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുക്കുവെന്നല്ലാതെ തുടര്‍ നടപടിയെക്കുറിച്ച് മൗനം അവലംബിക്കുകയാണ് പതിവ്.
(ജലീല്‍ അരൂക്കുറ്റി)

janayugom 220113

1 comment:

  1. It is required to impose strict restriction of free travel of ksrtc pensioners and also free passes of present staffs strictly as per laws.

    ReplyDelete