Tuesday, January 22, 2013

യുഡിഎഫിന്റെ കുറ്റപ്പെടുത്തല്‍ ആത്മവഞ്ചന: സിപിഐ എം


കല്‍പ്പറ്റ:ജനദ്രോഹനടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തില്‍ വിറളിപൂണ്ടാണ് യുഡിഎഫ് സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വന്യജീവി സങ്കേതങ്ങള്‍ക്ക് പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്നതില്‍നിന്നും വയനാടിനെ ഒഴിവാക്കണമെന്നും മൂലങ്കാവ് മുതല്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിവരെ രാത്രിയില്‍ വാഹനപാര്‍ക്കിങ് നിരോധിച്ച കലക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് സംരക്ഷണസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. കലക്ടര്‍ ഉത്തരവ് പിന്‍വലിക്കുകയും പാരിസ്ഥിതിക മേഖലകള്‍ സംബന്ധിച്ച് വനം മന്ത്രി ജില്ലയില്‍ എത്തി ചര്‍ച്ചചെയ്യാമെന്ന് അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കുകയും ചെയ്തു. ഇടതുപക്ഷപാര്‍ടികളും വ്യാപാരി സംഘടനകളും വിവിധകര്‍ഷകസംഘടനകളും മലങ്കര സഭയുമുള്‍പ്പെടുന്നതാണ് വയനാട് സംരക്ഷണ സമിതി. ഇതിനുപിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നത് യുഡിഎഫിനെ അങ്കലാപ്പിലാക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ എപ്പോഴും യുഡിഎഫ് കാഴ്ച്ചക്കാരാവുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവര്‍ സങ്കുചിത രാഷ്ട്രിയം കളിക്കുകയാണ്. ജനദ്രോഹ നടപടികള്‍ക്കെതിരെ ശബ്ദിക്കാത്ത ജില്ലയിലെ എംഎല്‍എമാരുടെയും എംപിയുടെയും മാനം രക്ഷിക്കാനാണ് ഇത്തരം നടപടികള്‍. പാരിസ്ഥിതിക സംവേദക മേഖല സംബന്ധിച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തേണ്ടത് സര്‍ക്കാരാണ്. അല്ലാതെ തീരദേശ എംഎല്‍എ അല്ല. വയനാട്ടില്‍ ഒരുമീറ്റര്‍ പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപിച്ചാല്‍പോലും ബത്തേരി ഉള്‍പ്പെടെയുള്ള ടൗണുകളെ ബാധിക്കും. വനം വകുപ്പിന് നിയന്ത്രിക്കുന്നത് എന്‍ജിഒകളാണ്. ഇതിനുപിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചന ഉണ്ട്. ഇവരുടെ താല്‍പ്പര്യങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം നടപടികള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും തെറ്റായ നടപടികള്‍ പിന്‍വലിപ്പിക്കുകയും ചെയ്യുന്നതിനുപകരം യുഡിഎഫ് സിപിഐഎമ്മിന് കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വയനാട് സംരക്ഷണസമിതി യോഗം ഫെബ്രുവരി രണ്ടിന്

കല്‍പ്പറ്റ: വയനാട്സംരക്ഷണസമിതിയുടെ വിപുലീകൃത യോഗം ഫെബ്രുവരി രണ്ടിന് രാവിലെ പത്ത് മണിക്ക് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുമെന്ന് ജനറല്‍കണ്‍വീനര്‍ അറിയിച്ചു.കര്‍ഷക,ട്രേഡ് യൂണിയന്‍,യുവജന, വിദ്യാര്‍ത്ഥി,വനിത സംഘടനപ്രതിനിധികള്‍ പങ്കെടുക്കണം. തുടര്‍ന്ന് താലൂക്ക് തല കണ്‍വെന്‍ഷനുകളും സെമിനാറുകളും പഞ്ചായത്ത്തല യോഗങ്ങളും ചേരും.

പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപനം അനുവദിക്കില്ല

കല്‍പ്പറ്റ: ജില്ലയിലെ വന്യജീവിസങ്കേതങ്ങളില്‍ പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍പന്തിയില്‍ നില്‍ക്കും. കര്‍ഷകര്‍ക്ക് ദ്രോഹകരമാകുന്ന നയങ്ങള്‍ അംഗീകരിക്കില്ല. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇക്കോ സെന്‍സീറ്റീവ് സോണുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കോടതിക്ക് മുമ്പില്‍ നല്‍കാനുള്ള നിര്‍ദേശങ്ങള്‍ ആരായാനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപസമിതി ജില്ലയിലെത്തുമെന്ന് അറിയിച്ചിരുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ സന്ദര്‍ശനം മുടങ്ങി. പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപിക്കുന്നതിനെതിരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ കെ പി തോമസ്, ഡിസിസി പ്രിസിഡന്റ് കെ എല്‍ പൗലോസ്, കെ ജെ ദേവസ്യ, എം സി സെബാസ്റ്റ്യന്‍, പി പി എ കരീം, കെ കെ അഹമ്മദ് ഹാജി, വി എ മജീദ്, കെ കെ ഹംസ എന്നിവര്‍ പങ്കെടുത്തു.

deshabhimani 220113

No comments:

Post a Comment