Tuesday, January 22, 2013

അന്താരാഷ്ട്ര നാടകോത്സവം ഇന്ന് വിളക്കണയും


തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവത്തിന് ചൊവ്വാഴ്ച വിളക്കണയും. എട്ടു രാപ്പകലുകളിലെ കണക്കെടുപ്പില്‍ പ്രേക്ഷകന് ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ല. ക്ലാസിക്കുകളുടെ പുനര്‍വ്യഖ്യാനങ്ങളും കഥാപാത്രങ്ങളുടെ മനോവിചാരങ്ങളുടെയും അസ്ഥിത്വത്തിന്റെയും അന്വേഷണം മാത്രമായ ചില നാടകങ്ങള്‍ ആശയവിനിമയം പോലും അസാധ്യമാക്കി. ആസ്വദിച്ച ചിലതാകട്ടെ രൂപഭംഗിയില്‍ മാത്രമൊതുങ്ങി. അസാമാന്യപ്രതിഭയുള്ള നടീനടന്മാരുടെ പ്രകടനങ്ങള്‍ മാത്രമാണ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത്. എന്നാല്‍ മലയാള നാടകങ്ങള്‍ വിഷയത്തിലെ തീക്ഷ്ണതകൊണ്ടും ഗ്രാമീണതകൊണ്ടും കാണിയെ ആശ്വസിപ്പിച്ചു. ഏഴാം ദിവസം ആസാമിലെ ദര്‍പണ്‍ അവതരിപ്പിച്ച കിനോ കാവോ വിഭിന്നശേഷിയുള്ളവരുടെ പ്രകടനത്താല്‍ ശ്രദ്ധേയമായി. മുപ്പതോളം കുള്ളന്മാരാണ് അഭിനേതാക്കള്‍. നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയായ പ്രഭിത റാഹയാണ് സംവിധായകന്‍. ഞായറാഴ്ച കാണികള്‍ ഇരച്ചുകയറിയ പോളണ്ട് തിയറ്റര്‍ ബ്യൂറോ പെട്രോസിയുടെ മാക്ബെത് ഹു ഈസ് ദാറ്റ് ബ്ലഡീഡ് മാന്‍ തിങ്കളാഴ്ച വീണ്ടും കാഴ്ചക്കാരെ ആകര്‍ഷിച്ചു. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം അക്ഷരകലയുടെ മതിലേരിക്കന്നിയും തിങ്കളാഴ്ച അരങ്ങേറി.

പൊയ്ക്കാലില്‍ "യക്ഷി"; തലകള്‍ ഉരുണ്ടു 

തൃശൂര്‍: പടുകൂറ്റന്‍ സെറ്റും മോട്ടോര്‍ ബൈക്കുകളും തീപ്പന്തവും പ്രേക്ഷകനെ അമ്പരപ്പിച്ചു. ഉരുളുന്ന തലകളും പൊയ്ക്കാലിലെ യക്ഷികളും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളായി. തിയറ്റര്‍ ബ്യൂറോ പെഡ്രോസി അഭിനയത്തിനൊപ്പം അവതരണത്തിന്റെ പുതുവഴികളും തുറന്നു. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആറാം ദിനത്തില്‍ പാലസ് ഗ്രൗണ്ടില്‍ അരങ്ങേറിയ "മാക്ബെത്ത് ഹു ഈസ് ദാറ്റ് ബ്ലഡീഡ് മാന്‍" എന്ന നാടകം കാഴ്ചയുടെ വന്‍സന്നാഹമാണ് സമ്മാനിച്ചത്. യാഥാര്‍ഥ്യത്തിന്റെയും സ്വപ്നത്തിന്റെയും ഇടയിലൂടെ സഞ്ചരിച്ച നാടകം ഷേക്സ്പിയറിന്റെ മാക്ബെത്തിന്റെ വ്യാഖ്യാനത്തിലൂടെ കലാപബാധിതമായ ലോകത്തെ കാണിച്ചു. പവേല്‍ സ്്കോടാകാണ് സംവിധാനം.

മറ്റൊരു ഷേക്സ്പിയര്‍ നാടകമായ കിങ്ലിയറിന് ഉസ്ബെക്കിസ്ഥാനിലെ നാടകസംഘം അവാരാ തിയറ്റര്‍ നല്‍കിയ രംഗഭാഷ്യവും ആകര്‍ഷകമായി. സംവിധായകന്‍കൂടിയായ ഒവ്ലിയാകുലി ഖോജാംകുലിയോടൊപ്പം മലയാളത്തിലെ നടനും നാടകാധ്യാപകനുമായ ജയസൂര്യയും വേഷമിട്ടു. ലളിതമായ രംഗോപകരണങ്ങളിലൂടെ ലിയര്‍ രാജാവിന്റെ ദുരന്തകഥ നാടകം വരച്ചുകാണിച്ചു. കാറ്റലോണിയായിലെ ലാട്രാന്റ് ഡേവിഡ് ബര്‍ഗ മാനേജ്മെന്റ് അവതരിപ്പിച്ച "ഓട്ടോമറ്റോറിയം" അരങ്ങിന് പുതുഭാവം തീര്‍ത്തു. ചെറിയ ബൂത്തുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന അഭിനേതാക്കള്‍. ബൂത്തിലേക്ക് നാണയമിട്ടാല്‍ അവര്‍ ചലിക്കും. തമാശയും മാജിക്കും സര്‍ക്കസും കഥയും പാട്ടും മൈമുമായി ഒരു മണിക്കൂര്‍ നീണ്ട ആഹ്ലാദമായി ഓട്ടോമറ്റോറിയം. ഹാസ്യാഭിനയത്തില്‍ കേന്ദ്രീകരിച്ച് ഡേവിഡ് ബര്‍ഗയും ടോട്ടി ടൊറെലും ചേര്‍ന്നാണ് സംവിധാനം.

ലണ്ടനിലെ സെസ്ജഡാക്കിനുവേണ്ടി ആന്‍ഡ്രിയ കുസുമാനോ സംവിധാനം ചെയ്ത "പെറ്റിറ്റ് ഷെവല്‍ ബ്ലാങ്ക്” (ചെറിയ വെള്ളക്കുതിര) ഗൗരവപൂര്‍ണമായ രംഗാവതരണമായി. തുറന്നവേദിയിലായിരുന്നു അവതരണം. ചരിത്രത്തില്‍ അധികാരരൂപങ്ങള്‍ മാറുന്നതിന്റെയും സമൂഹത്തിലെ ചലനങ്ങളുടെയും കഥയാണ് ഷെവല്‍ ബ്ലാങ്ക്. ഓര്‍വെലിന്റെ പ്രശസ്തമായ അനിമല്‍ ഫാം നോവലിലെ ഒരു ഭാഗമാണ് നാടകത്തിന് ആധാരമാക്കിയത്.
(കെ ഗിരീഷ്)

deshabhimani

No comments:

Post a Comment