Tuesday, January 22, 2013
പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് ഒരുവര്‍ഷമായി ശമ്പളമില്ല
സംസ്ഥാനത്ത് എയ്ഡഡ്-സര്‍ക്കാര്‍ മേഖലയില്‍ പ്രീ പ്രൈമറി സ്കൂളുകളിലെ മൂവായിരത്തോളം അധ്യാപികമാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളമില്ല. മാസം 5000 രൂപ ഓണറേറിയം നല്‍കണമെന്ന സുപ്രീംകോടതി വിധി കാറ്റില്‍ പറത്തിയാണ് ശമ്പളനിഷേധം. സംസ്ഥാനത്ത് ആകെയുള്ള നാലായിരത്തിലേറെ അധ്യാപികമാരില്‍ 995 പേര്‍ക്ക് മാത്രമാണ് സുപ്രീംകോടതി വിധി പ്രകാരമുള്ള ആനുകൂല്യം നല്‍കുന്നത്. മറ്റുള്ളവര്‍, സര്‍ക്കാര്‍ നടത്തുന്ന പ്രീപ്രൈമറി കോഴ്സ് പാസായില്ലെന്നതാണ് ശമ്പളനിഷേധത്തിനുള്ള ന്യായം. എന്നാല്‍, ഇവരെല്ലാം സര്‍ക്കാര്‍ കോഴ്സിന് തത്തുല്യമായി സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജയിച്ചുവന്നവരാണ്. പതിനഞ്ചു മുതല്‍ 24 വര്‍ഷംവരെ സര്‍വീസ് ഉള്ളവരും ശമ്പളം നിഷേധിക്കപ്പെട്ടവരിലുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ക്ക് ഓണറേറിയം നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് 5000 രൂപ ഓണറേറിയം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ അപ്പീല്‍ ഫയല്‍ചെയ്തതിന് സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പാവപ്പെട്ട ജീവനക്കാര്‍ക്ക് 5000 രൂപ നല്‍കുന്നതിനെതിരെയാണോ അപ്പീല്‍ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. അടിസ്ഥാന യോഗ്യതയുള്ള എല്ലാവര്‍ക്കും 5000 രൂപ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, അടിസ്ഥാന യോഗ്യതയെന്നത് സര്‍ക്കാര്‍ കോഴ്സ് ജയിച്ചവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ സര്‍വീസുള്ളവര്‍ക്ക് സാധാരണ നല്‍കുന്ന ഇളവുപോലും അനുവദിച്ചില്ല. കൂടാതെ ഇങ്ങനെയുള്ളവര്‍ക്ക് പരിശീലനം നല്‍കാനും സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. അതും ചെയ്യാതെ ശമ്പളം നിഷേധിക്കുകയാണ് ചെയ്യുന്നത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമമനുസരിച്ച് പ്രീ പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സംവിധാനത്തെ കഴുത്ത് ഞെരിച്ചുകൊല്ലുന്നത്. പിന്നോക്ക ജില്ലയായ വയനാട്ടില്‍ 250 പ്രീ പ്രൈമറി ടീച്ചര്‍മാരില്‍ വെറും നാലുപേര്‍ക്ക് മാത്രമാണ് നിയമാനുസൃതമുള്ള ശമ്പളം കിട്ടുന്നത്. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ചുരുക്കം ചില എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് സ്വന്തം നിലയില്‍ മാസം 1000 രൂപവരെ നല്‍കുന്നുണ്ട്. ചില സര്‍ക്കാര്‍ സ്കൂളുകളില്‍ പിടിഎയും സഹായിക്കുന്നു.
മുഴുവര്‍ ടീച്ചര്‍മാര്‍ക്കും വേതനം നല്‍കണം: പി കെ ശ്രീമതി
പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്ക് ശമ്പളം നല്‍കാത്ത സര്‍ക്കാര്‍ നടപടി കാടത്തമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് നല്‍കിയിരുന്ന അലവന്‍സുപോലും സുപ്രീംകോടതി വിധിയുടെ മറവില്‍ നല്‍കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ദശാബ്ദങ്ങളോളം പിഞ്ചുകുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഈ അധ്യാപികമാരെ പട്ടിണിക്കിടുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. അവര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ പരിശീലനം നല്‍കണം. അതിനുപകരം യോഗ്യതയില്ലെന്നു പറഞ്ഞ് പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 220113
Subscribe to:
Post Comments (Atom)
No comments:
Post a Comment