Tuesday, January 22, 2013
ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടറോട് വിശദീകരണം തേടി
സമരത്തില്‍ പങ്കെടുത്തതിന്, ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ തന്നിഷ്ടപ്രകാരം റദ്ദാക്കിയ ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം തേടി. അധ്യാപകരുടെയും ജീവനക്കാരുടെയും സമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ ഐടി അറ്റ് സ്കൂള്‍ പ്രോജക്ടിലെ അഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും 29 വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും മാതൃസ്കൂളുകളിലേക്ക് തിരിച്ചയച്ചതിനെതിരെയാണ് വിശദീകരണം തേടിയത്.
പ്രോജക്ട് ഡയറക്ടര്‍ക്ക് ജീവനക്കാരുടെ കാര്യത്തില്‍ ഇടപെടാന്‍ നിയമമില്ല. അധ്യാപകരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള അധികാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്. അവരുടെമേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള അധികാരവും ഡിപിഐക്കാണ്. അദ്ദേഹം മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ തിരക്കില്‍ മുഴുകിയ അവസരത്തിലാണ് ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ 34 അധ്യാപകരെ കൂട്ടത്തോടെ ഒഴിവാക്കി ഉത്തരവിറക്കിയത്. ഇതറിഞ്ഞ ഡിപിഐ എ ഷാജഹാന്‍ അധ്യാപകരോട് തല്‍ക്കാലം അവിടെ തുടരാന്‍ നിര്‍ദേശിച്ചു. എന്നാല്‍, തിങ്കളാഴ്ച ഈ അധ്യാപകര്‍ക്ക് മുഴുവന്‍ ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി റിലീവിങ് ഓര്‍ഡര്‍ നല്‍കിയതോടെ ഡിപിഐ ഉടന്‍ ഇടപെടുകയായിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നായിരുന്നു സമരത്തിന്റെ ഒത്തുതീര്‍പ്പുവ്യവസ്ഥകളിലൊന്ന്. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന അബ്ദുള്‍നാസര്‍ ഭരണസ്വാധീനം ഉപയോഗിച്ചാണ് ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. സര്‍ക്കാര്‍ ജീവനക്കാരനല്ലാത്ത ഇദ്ദേഹത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെമേല്‍ നടപടിയൊന്നും സ്വീകരിക്കാനുമാകില്ല. ഐടി അറ്റ് സ്കൂളില്‍ 71 ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് 37 പേര്‍ പിന്‍വാങ്ങി. പണിമുടക്കില്‍ ഉറച്ചുനിന്ന 34 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഐടി അറ്റ് സ്കൂളിനെ തകര്‍ക്കരുത്: കെഎസ്ടിഎ
ഐടി അറ്റ് സ്കൂളിനെ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരുസംഘം തകര്‍ക്കുന്നതില്‍ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കഴിവുള്ള മാസ്റ്റര്‍ട്രെയ്നര്‍മാരെയും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും പ്രോജക്ടില്‍നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ഷവും കോടിക്കണക്കിനു രൂപ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുവദിക്കുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു പ്രവര്‍ത്തനവും പ്രോജക്ടില്‍ നടക്കുന്നില്ല. പുതിയ ഡയറക്ടര്‍ വന്നതിനുശേഷം പ്രോജക്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. എല്ലാ ഹൈസ്കൂളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളും മികച്ച കംപ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും സജ്ജീകരിച്ച ഈ പ്രോജക്ട് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കംപ്യൂട്ടറും മറ്റ് ഐടി ഉപകരണങ്ങളും വാങ്ങുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് ചോദ്യംചെയ്ത ട്രെയ്നര്‍മാരെയാണ് തിടുക്കത്തില്‍ ഒഴിവാക്കിയത്. അഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും 29 മാസ്റ്റര്‍ ട്രെയ്നര്‍മാരെയും പണിമുടക്കിയതിന്റെ പേരില്‍ പിരിച്ചുവിട്ടു. മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഐടിയുടെ ചുമതലയുള്ളവരെയാണ് പിരിച്ചുവിട്ടത്.
ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സോഫ്റ്റ് എക്സാമാണ് ഈ വര്‍ഷത്തെ ഐടി പരീക്ഷ. 29 വിദ്യാഭ്യാസ ജില്ലകളുടെ ചുമതലയുള്ള മാസ്റ്റര്‍ ട്രെയ്നര്‍മാരെയാണ് പിരിച്ചുവിട്ടത്. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണ്. ലീഗുപ്രവര്‍ത്തകനും സ്വാശ്രയ പോളിടെക്നിക്കിലെ ഇന്‍സ്ട്രക്ടറുമായ ആളാണ് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍. ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇപ്പോഴും അദ്ദേഹത്തിന് ധാരണയില്ല. പൊതുവിദ്യാഭ്യാസത്തിന്റെ അഭിമാനമായ ഐടി അറ്റ് സ്കൂളിനെ തകര്‍ക്കുന്ന നടപടിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നകാര്യം അധ്യാപകര്‍ പുനഃപരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ മുന്നറിയിപ്പുനല്‍കി.
deshabhimani 220113
Subscribe to:
Post Comments (Atom)
No comments:
Post a Comment