Friday, February 22, 2013

പമ്പുകളില്‍ തീവെട്ടിക്കൊള്ള; ലീഗല്‍ മെട്രോളജി നോക്കുകുത്തി


 പെട്രോള്‍പമ്പുകളിലെ തീവെട്ടിക്കൊള്ളയില്‍ ജനം വഞ്ചിതരാകുന്നു. നടപടിയെടുക്കേണ്ട സംസ്ഥാനത്തെ ലീഗല്‍ മെട്രോളജി വകുപ്പ് നോക്കുകുത്തി. ഇന്ധന വിലവര്‍ധനകൊണ്ട് പൊറുതിമുട്ടുന്ന പൊതുജനത്തിന് ആശ്വാസം പകരേണ്ട സര്‍ക്കാര്‍സംവിധാനങ്ങള്‍ പമ്പുകളെ നിലയ്ക്കുനിര്‍ത്താന്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. താലൂക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനമോ ഫോണ്‍ സൗകര്യമോ ഇല്ല. ഒരു ഇന്‍സ്പെക്ടറും ഒരു അസിസ്റ്റന്റ് ഇന്‍സ്പെക്ടറും ശിപായിയുമാണ് ഓഫീസില്‍ ഉണ്ടാകുക. ജില്ലാ ഓഫീസില്‍നിന്നു കനിഞ്ഞാല്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ വാഹനസൗകര്യം ലഭിക്കും. ലീഗല്‍ മെട്രോളജി ഓഫീസില്‍ ചെന്ന് ബോധവല്‍ക്കരണ ക്ലാസ് എടുത്തുതരണമെന്ന് ആവശ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ കയ്യൊഴിയും. അതിനുള്ള പരിശീലനമൊന്നും ഞങ്ങള്‍ക്കു കിട്ടിയിട്ടില്ലെന്നാണ് മറുപടി. ആധുനിക സംവിധാനങ്ങളെക്കുറിച്ച് വിദഗ്ധ പരിശീലനംപോലും ലഭിക്കാത്തവരാണ് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍.

ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന പ്രധാന കേന്ദ്രമാണ് പെട്രോള്‍പമ്പുകള്‍. ഇ-പ്രോം ചിപ്പില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും പമ്പ് പ്രവര്‍ത്തിക്കുക. ഒരു ലിറ്ററിന് 1000 പള്‍സ് വേണമെങ്കില്‍ 950 പള്‍സ് ആകുമ്പോഴേക്കും കംപ്യൂട്ടറില്‍ ഒരു ലിറ്റര്‍ രേഖപ്പെടുത്താനുള്ള നിര്‍ദേശം ഇ-പ്രോം ചിപ്പിന് നല്‍കുകുവഴി തട്ടിപ്പു നടത്താം. ഇ-പ്രോം ചിപ്പില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ കണ്ടുപിടിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ സംവിധാനങ്ങളില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നു. പരമാവധി വേഗം ഇന്ധനം എടുക്കുന്നതുവഴി ഒരുപരിധിവരെ ഉല്‍പ്പന്നത്തിന്റെ അളവ് കുറയ്ക്കാനും ഇലക്ട്രോണിക് പമ്പുകളില്‍ സാധിക്കും. തിരക്കുസമയത്ത് മീറ്റര്‍ പൂജ്യത്തിലാക്കാതെ ഇന്ധനം നല്‍കുക, പോയിന്റുകളുടെ വ്യത്യാസം വരുത്തുക, ഓയില്‍ ഒഴിക്കുന്നതില്‍ അഞ്ച് എംഎല്‍വരെ കുറവായിരിക്കുക തുടങ്ങിയവ പമ്പുകളില്‍ നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇന്ധനം അടിക്കുന്ന കുഴലില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഇട്ടിരിക്കുന്ന സീല്‍ നീക്കംചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ മാത്രമേ നിലവില്‍ സംവിധാനമുള്ളു. എന്നാല്‍ ഇത്തരം കേസുകളൊന്നും ഇതേവരെ ഉപഭോക്തൃ കോടതിയിലെത്തുകയോ ഏതെങ്കിലും പമ്പുടമയെ ശിക്ഷിച്ചതായോ അറിവില്ല.
(എം കെ സുബ്രഹ്മണ്യന്‍)

deshabhimani 220213

No comments:

Post a Comment