Wednesday, February 27, 2013

സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരു ലക്ഷം കോടി


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമെന്ന ഖ്യാതി റെയില്‍വേക്ക് നഷ്ടമാകുന്നു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് റെയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വിഭവസമാഹരണത്തില്‍ ഒരു ലക്ഷം കോടി രൂപ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 5.19 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പന്ത്രണ്ടാം പദ്ധതിക്കാലത്ത് റെയില്‍വേ വിഭാവനം ചെയ്യുന്നത്. ബജറ്റിലൂടെ ഇതിന് ലഭിക്കുന്നത് 1.94 ലക്ഷം കോടി രൂപ. 1.05 ലക്ഷം കോടി റെയില്‍വേ സ്വന്തം നിലയ്ക്ക് സമാഹരിക്കും. 1.20 ലക്ഷം കോടി രൂപ വിപണിയില്‍നിന്ന് കടമെടുക്കും. 95,000 കോടി രൂപയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഏകദേശം അഞ്ചിലൊരു ഭാഗം. സ്വകാര്യ മൂലധനം കടന്നുവരുമ്പോള്‍ റെയില്‍വേയുടെ പൊതുസ്വഭാവം ക്രമേണ ഇല്ലാതാകുകയും നിരക്ക് കൂടുകയും ചെയ്യും.

റെയില്‍വേയുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ് ബജറ്റില്‍ സ്വീകരിച്ച നടപടികള്‍. 1025 ദശലക്ഷം ടണ്‍ ചരക്ക് കടത്തുമെന്ന് ലക്ഷ്യമിട്ട നടപ്പ് സാമ്പത്തികവര്‍ഷം 1007 ദശലക്ഷം ടണ്‍ ആയി വെട്ടിക്കുറയ്ക്കേണ്ടിവന്നു. പുതിയ സാമ്പത്തികവര്‍ഷം 1047 ദശലക്ഷം ടണ്‍ ചരക്ക് കടത്താനാണ് ലക്ഷ്യം. 93554 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡുവഴിയുള്ള ചരക്കുഗതാഗതമേഖലയില്‍നിന്ന് കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചരക്ക്കടത്തുകൂലിയില്‍ 5.8 ശതമാനം വരെ വര്‍ധന വരുത്തിയത്. ഇതിലൂടെ ചരക്കുമേഖലയില്‍നിന്നുള്ള വരുമാനം കുറയും. റെയില്‍മാര്‍ഗം ചരക്കുകടത്തുകൂലി വര്‍ധിച്ചാല്‍ റോഡുമാര്‍ഗത്തെ കൂടുതല്‍ ആശ്രയിക്കുകയായിരിക്കും ഫലം. യാത്രക്കൂലിയിനത്തില്‍ 42,210 കോടി രൂപ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 2012-13നേക്കാള്‍ 18,062 കോടി രൂപ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വാര്‍ഷിക പദ്ധതി 63,363 കോടി രൂപയുടേതാണ്. റെയില്‍വേക്ക് ഡീസല്‍ സബ്സിഡി പൂര്‍ണമായി നിഷേധിച്ചതോടെ 11 രൂപ അധികം നല്‍കിയാണ് റെയില്‍വേ ഡീസല്‍ വാങ്ങുന്നത്. ഇതിനാല്‍ 3300 കോടി റെയില്‍വേക്ക് അധികച്ചെലവുണ്ടായി. 2013-14 വര്‍ഷം ഇന്ധനച്ചെലവില്‍ 5100 കോടി രൂപയുടെ വര്‍ധനയുണ്ടാകും. വര്‍ധിച്ചുവരുന്ന ചെലവിനുസരിച്ച് വരുമാനം കണ്ടെത്താനും ചെലവു കുറയ്ക്കാനും വഴികള്‍ അന്വേഷിക്കുന്നതിനൊപ്പം വിഭവസമാഹരണത്തിന് കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കുന്നത് കുറച്ച് സ്വകാര്യമേഖലയെ കൂടുതലായി ആശ്രയിക്കാനാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്.

ഒളിപ്പിച്ച നിരക്കുവര്‍ധന

ന്യൂഡല്‍ഹി: ഒരു മാസംമുമ്പ് വരുത്തിയ യാത്രാനിരക്ക് വര്‍ധനയ്ക്കു പിന്നാലെ നിരവധി നിരക്ക് വര്‍ധിപ്പിച്ചും ചരക്കുകടത്തുകൂലി കൂട്ടിയും റെയില്‍വേ ബജറ്റ്. റിസര്‍വേഷന്‍- ക്യാന്‍സലേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ്, തത്കാല്‍ നിരക്കുകള്‍ എന്നിവ വര്‍ധിപ്പിച്ചു. പ്രതിവര്‍ഷം ആറു ശതമാനംവരെ നിരക്കുവര്‍ധനയില്ലാതെ റെയില്‍വേക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. ചരക്കുകടത്തു കൂലിയില്‍ 5.80 ശതമാനം വര്‍ധന വരുത്തി. ഭക്ഷ്യധാന്യം, പയറുവര്‍ഗങ്ങള്‍, കല്‍ക്കരി, ഇരുമ്പയിര്, യൂറിയ, സിമന്റ്, ഡീസല്‍, നിലക്കടലയെണ്ണ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ കടത്തുകൂലിയാണ് വര്‍ധിപ്പിച്ചത്. ഇത് നടപ്പില്‍ വരുന്നതോടെ നിത്യജീവിതച്ചെലവ് വര്‍ധിക്കും.

ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായ നിരക്കുവര്‍ധന ചരക്കുകടത്ത് മേഖലയില്‍മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച 175 പുതിയ ട്രെയിനുകളില്‍ 48 എണ്ണം ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. ഇക്കൊല്ലത്തെ ബജറ്റില്‍ 67 എക്സ്പ്രസ് ട്രെയിനുകളും 26 പാസഞ്ചര്‍ ട്രെയിനുകളും പ്രഖ്യാപിച്ചു. 57 ട്രെയിനുകള്‍ നീട്ടുകയും 24 ട്രെയിനുകളുടെ സര്‍വീസ് ദിവസങ്ങള്‍ വര്‍ധിപ്പിക്കുകയുംചെയ്തു. 500 കിലോമീറ്റര്‍ പുതിയ റെയില്‍പാത നിര്‍മിക്കും. 450 കിലോമീറ്റര്‍ മീറ്റര്‍ഗേജ്/ നാരോ ഗേജ് ലൈനുകള്‍ ബ്രോഡ്ഗേജാക്കി മാറ്റും. 750 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും. റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആമുഖത്തോടെയാണ് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ബജറ്റ് അവതരിപ്പിച്ചത്.

പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ വിഭവസമാഹരണം സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കുമെന്ന പ്രഖ്യാപനം റെയില്‍വേ എത്ര കാലംകൂടി പൊതുമേഖലയില്‍ തുടരുമെന്ന ആശങ്ക ഉണര്‍ത്തുന്നു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് 5.19 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ വിഭാവനംചെയ്യുന്നത്. 1.94 ലക്ഷം കോടിയാണ് ബജറ്റ് പിന്തുണയായി ലഭിക്കുക. 1.05 ലക്ഷം കോടി റെയില്‍വേതന്നെ കണ്ടെത്തണം. 1.20 ലക്ഷം കോടി വിപണിയില്‍നിന്ന് കടമെടുക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി സമാഹരിക്കുമ്പോള്‍ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും.

പുതിയ റെയില്‍വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. സുരക്ഷയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കുമെന്നും യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും സ്റ്റേഷനുകളിലും ട്രെയിനുകളിലും ശുചിത്വം കര്‍ശനമായി പാലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 10,797 ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും. യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടി സ്വീകരിക്കും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ നിയമനങ്ങളില്‍ പത്ത് ശതമാനം വനിതകള്‍ക്ക് സംവരണംചെയ്യും. ട്രെയിനുകളില്‍ വൃത്തിയുള്ള കമ്പിളിയും പുതപ്പും നല്‍കാന്‍ എട്ട് സ്ഥലങ്ങളില്‍ യന്ത്രവല്‍ക്കൃത അലക്കുശാലകള്‍ സ്ഥാപിക്കും.

60 സ്റ്റേഷനുകള്‍കൂടി ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തും. ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ "അനുഭൂതി" എന്ന ഇനത്തിലുള്ള ആഡംബര കോച്ചുകള്‍ ഏര്‍പ്പെടുത്തും. വികലാംഗര്‍ക്കും വൃദ്ധര്‍ക്കും യാത്ര എളുപ്പമാക്കാനായി 179 എസ്കലേറ്ററുകളും 400 ലിഫ്റ്റും വിവിധ സ്റ്റേഷനുകളിലായി സ്ഥാപിക്കും. ഇന്റര്‍നെറ്റ് വഴിയുള്ള ടിക്കറ്റ് റിസര്‍വേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തും. നിലവില്‍ ഐആര്‍സിടിസി വെബ്സൈറ്റിലൂടെ മിനിറ്റില്‍ 2000 ടിക്കറ്റാണ് ബുക്കുചെയ്യാന്‍ കഴിയുന്നത്. ഇതിന്റെ ശേഷി 7200 ആയി വര്‍ധിപ്പിക്കും. ഒരേസമയം 40,000 പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാന്‍ കഴിയുന്ന നിലവിലുള്ള സംവിധാനം 1,20,000 ആയി വര്‍ധിപ്പിക്കും. ഇക്കൊല്ലം റെയില്‍വേയില്‍ ഒന്നര ലക്ഷം ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ശക്തമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കും. 347 പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി അവ പൂര്‍ത്തിയാക്കും.
(വി ജയിന്‍)

പരിഷ്കരണ നടപടി ഗുണംചെയ്യുമെന്ന് റെയില്‍വേ ബോര്‍ഡ്

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിലെ പരിഷ്കരണനടപടി ദീര്‍ഘകാലത്തേക്ക് ഗുണഫലം നല്‍കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ച് റെയില്‍വേയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും. വികസനപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലല്ല, പൂര്‍ത്തിയാക്കുന്നതിലാണ് ഊന്നല്‍നല്‍കുക. നടപ്പു സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരില്‍നിന്ന് കടമെടുത്ത 3000 കോടി രൂപ പലിശസഹിതം തിരികെ നല്‍കി. ഇന്ധനച്ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കും. എക്സ്പ്രസ് ട്രെയിനുകളില്‍ 30 ശതമാനം സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍പ്പെട്ട ട്രെയിനുകളാണെന്ന് അദ്ദേഹം മറുപടി നല്‍കി. ട്രെയിനുകളില്‍ നല്‍കുന്ന ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരമാവധി ബേസ് കിച്ചണുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യാത്രക്കാര്‍ക്ക് അമിതഭാരം: സിപിഐ എം, സിഐടിയു

ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് റെയില്‍വേ ബജറ്റെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെന്ന മന്ത്രി ബന്‍സലിന്റെ പ്രസ്താവന തെറ്റാണ്. ബജറ്റിന് രണ്ടുമാസംമുമ്പ് 20 ശതമാനത്തിലധികം യാത്രക്കൂലി വര്‍ധിപ്പിച്ച സര്‍ക്കാര്‍, ബജറ്റില്‍ സ്വീകരിച്ച പല നടപടികളും യാത്രക്കൂലി വര്‍ധിപ്പിക്കുന്നതാണ്. റിസര്‍വേഷന്‍, ടിക്കറ്റ് റദ്ദാക്കല്‍, തത്കാല്‍ എന്നിവയ്ക്കുള്ള ചാര്‍ജും സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകവഴി വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും യാത്രക്കൂലി വര്‍ധിക്കും. ചരക്കുകൂലി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം വിലക്കയറ്റത്തിന് കാരണമാകും. വിവിധ മാര്‍ഗങ്ങളിലൂടെ യാത്ര-ചരക്ക് കൂലി കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവ്യപ്പെട്ടു. ബജറ്റില്‍ സ്വതന്ത്ര റെയില്‍ താരിഫ് അതോറിറ്റി രൂപീകരിക്കുമെന്നു പറയുന്നുണ്ട്. ഈ അതോറിറ്റിയുടെ രൂപീകരണം തുടര്‍ച്ചയായി യാത്ര-ചരക്ക് കൂലി വര്‍ധിക്കുന്നതിന് കാരണമാകും.

റെയില്‍വേ അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റിലില്ല. പേരിന് പദ്ധതികള്‍ വര്‍ധിപ്പിച്ചും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയും തറക്കല്ലിടല്‍ ആഘോഷങ്ങള്‍ നടത്തിയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ ഫലമായി പുതിയ റെയില്‍വേ ലൈനുകളും ഗേജ്മാറ്റവും മറ്റും അവഗണിക്കപ്പെട്ടു.&ാറമവെ;പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ പരാജയമായതിനാല്‍ വാര്‍ഷികപദ്ധതി ലക്ഷ്യം നേടാനും കഴിയില്ല. പിപിപി മാതൃകയില്‍ നിക്ഷേപമൊന്നും റെയില്‍വേയില്‍ ഉണ്ടായിട്ടില്ല. ചരക്കുകൂലി കൂട്ടുമെന്നു പറയുന്ന ബജറ്റില്‍ വാഗണ്‍ വാങ്ങുന്നതില്‍ കുറവുണ്ടാകുമെന്നും പറയുന്നു. അതുകൊണ്ടുതന്നെ ചരക്ക് കടത്ത് വര്‍ധിപ്പിക്കാനാകില്ല. പ്രവര്‍ത്തനാനുപാതം കുറയ്ക്കുകയും ചെയ്യും.

ട്രെയിന്‍ അപകടങ്ങള്‍ തടയാനുള്ള പദ്ധതിയും ബജറ്റിലില്ല. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചും സൗകര്യങ്ങള്‍ കുറച്ചുമുള്ള നവ ഉദാരവല്‍ക്കരണനയത്തിന്റെ ചട്ടക്കൂട്ടിലുള്ളതാണ് റെയില്‍വേ ബജറ്റെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പൊരുത്തമില്ലായ്മയും വൈരുധ്യങ്ങളും നിറഞ്ഞ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിഐടിയു തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പെട്രോള്‍ വിലനിയന്ത്രണം ഒഴിവാക്കിയതുപോലെ റെയില്‍വേ നിരക്കുകളിന്മേലുള്ള നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിക്ക് രൂപം നല്‍കുന്നതെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ പരിപാലന മേഖലയിലും വികസനപ്രവര്‍ത്തനത്തിലും പൊതു- സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ്. പ്രവര്‍ത്തന അനുപാതം 87 ശതമാനമാകുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍,നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും പണം വെട്ടിക്കുറച്ചാണ് ഈ ലക്ഷ്യം നേടുകയെന്നാണ് ബജറ്റ് നല്‍കുന്ന സൂചനയെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

റെയില്‍വേ അവഗണനയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

തിരു: കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. റെയില്‍വേയുടെ ഭൂപടത്തില്‍നിന്ന് കേരളത്തെ മായ്ച്ച ബജറ്റാണ് അവതരിപ്പിച്ചത്. റെയില്‍വേയുടെ വരുമാനത്തിന്റെ 10 ശതമാനം സംഭാവനചെയ്യുന്ന കേരളത്തിന് ഒരിക്കലും അര്‍ഹതപ്പെട്ട പരിഗണന ലഭിക്കാറില്ല. മുന്‍ ബജറ്റുകളില്‍ പാലിക്കപ്പെടാത്ത ചില പ്രഖ്യാപനങ്ങളാണ് കേരളത്തെക്കുറിച്ച് നടത്താറുള്ളതെങ്കില്‍ ഇത്തവണ കേരളമെന്ന പരാമര്‍ശംപോലും റെയില്‍വേ ബജറ്റില്‍ ഇല്ല. ഇത് കേവലം അവഗണനയല്ല. ശത്രുതാ മനോഭാവമാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും തയ്യാറാകാത്ത റെയില്‍വേ ബജറ്റിനെതിരെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യുവജനപ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.

deshabhimani 270213

No comments:

Post a Comment