Sunday, February 24, 2013
തീവ്രവാദ ബന്ധമുള്ള കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: പിണറായി
തീവ്രവാദബന്ധമുള്ള കേസുകള്‍ അട്ടിമറിച്ച് സര്‍ക്കാര്‍ വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. പട്ടികജാതി ക്ഷേമസമിതിയുടെ പ്രഥമ സംസ്ഥാന പഠനക്യാമ്പ് ഇഎംഎസ് അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിമത ശക്തികളുടെ സഹായത്തോടെ അധികാരത്തില്‍വന്ന യുഡിഎഫ് വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തുടരുന്നത്. വര്‍ഗീയ സ്വഭാവമുള്ള 362 കേസ് സംസ്ഥാനത്തുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ വര്‍ഗീയ-തീവ്രവാദ ബന്ധമുള്ള കേസുകള്‍ അട്ടിമറിക്കുകയാണ്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ തീവ്രവാദബന്ധം പരിശോധിക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിട്ട ജുഡീഷ്യല്‍ അന്വേഷണം ഈ സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. നാദാപുരത്തെ ബോംബ് സ്ഫോടനക്കേസും ഉപേക്ഷിച്ചു. മാറാട് കലാപം അന്വേഷിച്ച കമീഷന് ഉന്നതതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ ആ അന്വേഷണവുമില്ല.
വര്‍ഗീയശക്തികളുമായി സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനുമുള്ള ബന്ധം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ജാതിമത ശക്തികളുടെയും വര്‍ഗീയശക്തികളുടെയും പിന്തുണയില്ലെങ്കില്‍ എല്‍ഡിഎഫിനെ നേരിടാനുള്ള ശക്തി യുഡിഎഫിനില്ല. അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിംലീഗിന് അനുവദിച്ചതോടെ സംസ്ഥാനത്ത് സാമുദായിക ചേരിതിരിവ് വളര്‍ന്നു. ഹൈന്ദവ ഏകീകരണ മുദ്രാവാക്യം ഉയര്‍ന്നു. ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുന്നത് ആര്‍എസ്എസാണ്. ഹിന്ദു വര്ഗീയതയാണത്. മതനിരപേക്ഷത ആഗ്രഹിക്കുന്നവരെല്ലാം വര്‍ഗീയതയ്ക്കെതിരെ രംഗത്തുവരണം. യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് തങ്ങളാണെന്ന് ഒരു സാമുദായിക സംഘടന അവകാശപ്പെട്ടിട്ടും പ്രതികരിക്കാന്‍ കഴിയാത്ത അപമാനകരമായ തലത്തിലേക്ക് കോണ്‍ഗ്രസ് എത്തി. കോണ്‍ഗ്രസ് കള്ളപ്പണം കുമിഞ്ഞുകൂടിയ പാര്ടിയായിരിക്കുകയാണ്. അഴിമതിയിലൂടെയുള്ള കള്ളപ്പണം കോണ്‍ഗ്രസിലേക്കാണ് ഒഴുകിയെത്തുന്നത്. കേന്ദ്രനയങ്ങളുടെ തുടര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. സര്‍ക്കാര്‍ അഴിമതിക്ക് നിര്‍ബന്ധിക്കുകയാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുപോലും വെളിപ്പെടുത്തേണ്ടി വന്നു. പല മന്ത്രിമാരും അഴിമതിക്കേസ് പ്രതികളാണ്. ടൈറ്റാനിയം, സൈന്‍ബോര്‍ഡ് അഴിമതിക്കേസുകള്‍ മുഖ്യമന്ത്രിക്കെതിരെപോലുമുണ്ട്- പിണറായി പറഞ്ഞു.
deshabhimani 240213
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment