Tuesday, February 26, 2013

ലാവ് ലിന്‍ നിലപാട്: പാര്‍ടി അംഗങ്ങള്‍ക്കെല്ലാം ബാധകം- എസ് ആര്‍ പി


ലാവ് ലിന്‍കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഐ എം നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ഉത്തരവാദിത്തം പാര്‍ടിയിലെ എല്ലാ അംഗങ്ങള്‍ക്കും ഉണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. ഈ കേസ് സിപിഐ എമ്മിനെതിരെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുകയാണ്. അതിന് സിബിഐയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഈ വിഷയം പാര്‍ടി കേന്ദ്രകമ്മിറ്റി വിശദമായ ചര്‍ച്ചയ്ക്കുശേഷം വ്യക്തമായ തീരുമാനത്തില്‍ എത്തിയതാണ്. അത് പാര്‍ടിയിലാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ നിലപാട് പാര്‍ടിയിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്.

ദേശീയജാഥയുടെ മൂന്നാംദിവസം രാവിലെ കൊല്ലം ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലേഖകരുടെ ചോദ്യത്തിന് ജാഥാക്യാപ്റ്റന്‍കൂടിയായ എസ് ആര്‍ പി മറുപടി നല്‍കുകയായിരുന്നു. ലാവ്ലിന്‍കേസിനെ ആസ്പദമാക്കി വി എസ് അച്യുതാനന്ദന്‍ നടത്തിയ അഭിപ്രായങ്ങളെപ്പറ്റിയുള്ള പാര്‍ടി കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം എന്താണ് എന്നതായിരുന്നു ചോദ്യം.

ദേശീയജാഥയ്ക്ക് നേതൃത്വംകൊടുക്കുന്ന സിപിഐ എമ്മിന് ഇപ്പോഴും മൂന്ന് സംസ്ഥാനങ്ങളിലെ മേധാവിത്തം നിലനിര്‍ത്താന്‍ കഴിയുന്നുള്ളുവെന്നത് പോരായ്മയല്ലേയെന്ന് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാത്രം ആസ്പദമാക്കി വിലയിരുത്തല്‍ നടത്തുന്നതുകൊണ്ടാണ് അങ്ങനെതോന്നുന്നതെന്ന് ഉത്തരം നല്‍കി. ജനകീയപ്രശ്നങ്ങളെ ആസ്പദമാക്കി മറ്റ് സംസ്ഥാനങ്ങളിലും വിപുലമായ ഇടപെടലുകള്‍ പാര്‍ടി നടത്തുന്നുണ്ട്. അത് ആ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ ഭരണമാറ്റത്തെപ്പറ്റിയുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍ ഇപ്പോഴതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും യുഡിഎഫിന് നിയമസഭയില്‍ ഇപ്പോള്‍ ഭൂരിപക്ഷമുണ്ടെന്നും അതിലെ ഘടകകക്ഷികള്‍ ആരെങ്കിലും പിന്മാറുന്ന ഘട്ടത്തിലേ ഭരണമാറ്റം ആലോചനയില്‍വരികയുള്ളുവെന്നും എസ് ആര്‍ പി മറുപടി പറഞ്ഞു. യുഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്നത് നേരാണ്. ഇനി അവര്‍ വ്യക്തമായ നിലപാട് എടുക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ അറച്ചുനില്‍ക്കില്ല. ഉചിതമായ രാഷ്ട്രീയതീരുമാനങ്ങള്‍ എടുക്കും. കെ എം മാണിയുമായി സിപിഐ നേതാവ് സി ദിവാകരന്‍ സംസാരിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജനാധിപത്യവ്യവസ്ഥയില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് പ്രതികരിച്ചു.

ടി പി ചന്ദ്രശേഖരന്‍ കേസിലെ പാര്‍ടി അന്വേഷണം എന്തായിയെന്ന് ചോദിച്ചപ്പോള്‍, അത് ഏതാണ്ട് പൂര്‍ത്തീകരിച്ചുവരികയാണെന്ന് എസ് ആര്‍ പി പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജാഥാംഗങ്ങളായ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രസെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു, കേന്ദ്രകമ്മിറ്റി അംഗം സുധാസുന്ദര്‍രാമന്‍, ജാഥയുടെ കേരള മാനേജര്‍ എ കെ ബാലന്‍, ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

1 comment:

  1. സുവ്യക്തമാണ് എസ്. ആര്‍. പി. യുടെ പത്രസമ്മേളനം. പാര്‍ട്ടിക്കെതിരെ വാളോങ്ങിനില്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണത്.

    ReplyDelete