Sunday, February 24, 2013

കോര്‍പറേറ്റ്, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ തുടങ്ങാന്‍ അനുമതി


ബാങ്കിംഗ് മേഖല കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കുമായി തുറന്നിട്ടു കൊടുത്തുകൊണ്ട് റിസര്‍വ് ബാങ്കിന്റെ പുതിയ ബാങ്ക് ലൈസന്‍സിംഗ് നയം നിലവില്‍ വന്നു. ബാങ്കിംഗ് മേഖലയിലേക്ക് കടക്കാന്‍ കോര്‍പറേറ്റ് മേഖലയെ അനുവദിക്കരുതെന്ന് പൊതുവിലുയര്‍ന്ന ആവശ്യത്തെ അവഗണിച്ചുകൊണ്ടാണ് ലൈസന്‍സിംഗ് നയം പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനും ബ്രോക്കര്‍മാര്‍ക്കും ബാങ്കുകള്‍ തുടങ്ങാന്‍ അര്‍ഹത നല്‍കണമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു റിസര്‍വ്ബാങ്ക്.
പുതിയ ബാങ്കുകള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങള്‍ക്കൊപ്പം ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ജൂലൈ 1 നകം അപേക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ പറയുന്നു.

അപേക്ഷകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയശേഷം 2013 - 14 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ലൈസന്‍സുകള്‍ നല്‍കും. ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്, പുതിയ ബാങ്കുകള്‍ തുടങ്ങുകയോ നിലവിലുള്ള സ്ഥാപനം ബാങ്കായി രൂപാന്തരപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.പുതിയ ബാങ്കുകള്‍ തുടങ്ങുന്നതിന് പ്രാഥമിക മൂലധനം ഏറ്റവും കുറഞ്ഞത് 500 കോടിരൂപ ആവശ്യമാണ്. ബാങ്കിന്റെ ശാഖകളുടെ 25 ശതമാനം ഗ്രാമീണ മേഖലയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളിലൊ ആരംഭിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

എല്‍ ആന്റ് ടി ഫൈനാന്‍സ് ഹോള്‍ഡിംഗ്‌സ്, ടാറ്റാ കാപിറ്റല്‍, ആദിത്യബിര്‍ള ഫിനാന്‍ഷ്യന്‍ സര്‍വീസസ്, റിലയന്‍സ് കാപിറ്റല്‍, എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ്, മഹിന്ദ്ര ആന്റ് മഹിന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യാ ബുള്‍സ് റെലിഗേറ്റ് എന്റര്‍പ്രൈസസ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പുതിയ ബാങ്കിനുള്ള ലൈസന്‍സിന് അപേക്ഷിക്കുമെന്ന് സൂചനയുണ്ട്.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്നതിന്റെ ഭാഗമായിട്ടാണ് സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ തുടങ്ങുന്നതിന് തീരുമാനിച്ചത്. റിസര്‍വ് ബാങ്കിന് ലഭിച്ച 113 അപേക്ഷകളില്‍ നിന്നും 10 ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും അവ 1994 ല്‍ ആരംഭിക്കുകയും ചെയ്തു. അന്നാരംഭിച്ച ബാങ്കുകളില്‍ നാലെണ്ണം പരാജയമായിരുന്നു. മൂന്നെണ്ണം എച്ച് ഡി എഫ് സി ബാങ്കിലും ഒന്ന് പൊതുമേഖലാ സ്ഥാപനമായ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലും ലയിച്ചു. 2004 ലാണ് ഏറ്റവുമൊടുവിലായി രണ്ട് സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്. കൊടാക് മഹിന്ദ്ര ബാങ്കും യെസ് ബാങ്കുമാണ് അന്ന് തുടങ്ങിയത്

janayugom 240213

No comments:

Post a Comment