Tuesday, February 26, 2013

ചുവപ്പണിഞ്ഞ് കൊച്ചി


സര്‍വസജ്ജം സമരസന്ദേശ ജാഥ ഇന്നെത്തും

കൊച്ചി: പോരാട്ടത്തിന്റെ പുതുചരിത്രമെഴുതി, ദ്രോഹനയങ്ങള്‍ക്കെതിരെ ജനതയെ സമരസജ്ജമാക്കിയുള്ള സിപിഐ എം അഖിലേന്ത്യാ ജാഥ ചൊവ്വാഴ്ച എറണാകുളത്ത്. വിലക്കയറ്റവും കുത്തകസേവയും അഴിമതിയും കൊണ്ട് ജനങ്ങളെ വേട്ടയാടുന്നവര്‍ക്ക് കനത്ത താക്കീതാകുന്ന ജാഥയെ വരവേല്‍ക്കാന്‍ നാടും നഗരവും സര്‍വസജ്ജമായി. നാളുകള്‍ നീണ്ട ഒരുക്കങ്ങളോടെയാണ് വ്യവസായജില്ല സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥയെ ഏറ്റുവാങ്ങുന്നത്. കോട്ടയത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ എറണാകുളം ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയിലെത്തുന്ന ജാഥയെ ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലയിലേക്ക് വരവേല്‍ക്കും.

പൂത്തോട്ടയില്‍ ജാഥാ ക്യാപ്റ്റന്‍ എസ് ആര്‍ പിയെയും ജാഥാംഗങ്ങളായ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസ റാവു, കേന്ദ്ര കമ്മിറ്റി അംഗം സുധാ സുന്ദരരാമന്‍ എന്നിവരെയും എം വി ഗോവിന്ദന്‍ ഹാരമണിയിക്കും. പൂത്തോട്ടയില്‍ എത്തുന്ന ജാഥയെ ആയിരങ്ങള്‍ അനുധാവനം ചെയ്യും. 250 ഇരുചക്രവാഹനങ്ങളില്‍ പതാകവാഹികളായ 500 റെഡ്വളന്റിയര്‍മാര്‍ അകമ്പടിയാകും. പൂത്തോട്ടമുതല്‍ നഗരകേന്ദ്രംവരെ ചുവപ്പണിഞ്ഞ വീഥികളാണ് ജാഥയെ വരവേല്‍ക്കുന്നത്. കൊടിതോരണങ്ങള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, ശില്‍പ്പങ്ങള്‍ തുടങ്ങി വിഭിന്നമായ അലങ്കാരങ്ങളാണ് പാര്‍ടിയുടെ വിവിധ കമ്മിറ്റികള്‍ ജാഥയെ ഏറ്റുവാങ്ങാനായി ഒരുക്കിയിട്ടുള്ളത്. മുതിര്‍ന്ന പാര്‍ടി നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങളും സ്മരണയുടെ ആവേശമായി ഇക്കൂട്ടത്തിലുണ്ട്. ഒപ്പം സര്‍ക്കാരിന്റെ കുടിലതയെ തുറന്നുകാട്ടുന്ന കാര്‍ട്ടൂണുകള്‍, പത്രവാര്‍ത്തകളുടെ പുനഃസൃഷ്ടികള്‍ എന്നിവയും അര്‍ത്ഥവത്തായ പ്രചരണായുധങ്ങളായി മാറുന്നു. ഉദാരവല്‍ക്കരണം, വിലക്കയറ്റം, അഴിമതി, ചില്ലറമേഖലയിലെ വിദേശനിക്ഷേപം, അരക്ഷിതമായ ജീവിതാവസ്ഥ തുടങ്ങി നാടിന്റെ ശാപമായി മാറിയ ഭരണചെയ്തികളെ ഇവ തുറന്നുകാട്ടുന്നു. ബ്രാഞ്ച്തലംമുതല്‍ ചിട്ടയായ തയ്യാറെടുപ്പോടെയാണ് സിപിഐ എമ്മിന്റെ ആദ്യ അഖിലേന്ത്യാ ജാഥയെ എറണാകുളം വരവേല്‍ക്കുന്നത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനുപോലും വേദിയായ നഗരി, പുത്തന്‍ പോരാട്ടത്തിന്റെ നാന്ദിയായാണ് അഖിലേന്ത്യാ ജാഥയെ കണക്കാക്കുന്നത്.

ചുവപ്പണിഞ്ഞ് കൊച്ചി

കൊച്ചി: പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുത്തനധ്യായം കുറിക്കുന്ന സിപിഐ എമ്മിന്റെ ദേശീയ സമരസന്ദേശയാത്രയെ വരവേല്‍ക്കാന്‍ നഗരം ചുവപ്പണിഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സമരസന്ദേശയാത്ര 26ന് വൈകിട്ട് അഞ്ചിനാണ് നഗരഹൃദയമായ മറൈന്‍ഡ്രൈവില്‍ എത്തുന്നത്. പൂത്തോട്ടയില്‍നിന്ന് വൈകിട്ട് നാലരയോടെ നഗരത്തിലേക്ക് പ്രയാണം തുടങ്ങുന്ന ജാഥയെ വരവേറ്റ് ചുവപ്പു കമാനങ്ങളും കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ ഉജ്വലമായി വരവേല്‍ക്കുന്ന ജാഥയെ ആയിരങ്ങള്‍ അനുധാവനംചെയ്യും. ബാന്‍ഡ് മേളത്തോടൊപ്പം 250 ഇരുചക്രവാഹനങ്ങളില്‍ പതാകയേന്തിയ 500 ചുവപ്പുസേനാംഗങ്ങള്‍ നഗരത്തിലേക്ക് അകമ്പടിയാകും. വൈക്കം റോഡിലൂടെ തൃപ്പൂണിത്തുറവഴി വൈറ്റിലയിലെത്തി അവിടെനിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ ജാഥ നഗരത്തില്‍ പ്രവേശിക്കും. ജോസ് ജങ്ഷന്‍, ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യു, ഷണ്‍മുഖം റോഡ് പിന്നിട്ട് മേനകയില്‍ എത്തുന്ന ജാഥയെ സ്വീകരണനഗരിയായ മറൈന്‍ഡ്രൈവിലേക്ക് വരവേല്‍ക്കും.

പൂത്തോട്ടമുതല്‍ ജാഥാപ്രയാണം മുന്നേറുന്ന നഗരപാതയിലാകെ കൊടിതോരണങ്ങളും ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന കലാരൂപങ്ങളും അലങ്കാരങ്ങളും നിറഞ്ഞു. നഗരപാതകള്‍ അക്ഷരാര്‍ഥത്തില്‍ ചുവപ്പണിഞ്ഞു. പാതയോരങ്ങളും പ്രധാന ജങ്ഷനുകളുമെല്ലാം ആകര്‍ഷകമായി അലങ്കരിച്ച് പതാകകളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുടെയും നവോത്ഥാനായകരുടെയും ചിത്രങ്ങളും വിവിധ ശില്‍പ്പങ്ങളും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. വിലക്കയറ്റം, അഴിമതി തുടങ്ങിയവയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും വാര്‍ത്താഭാഗങ്ങളുമെല്ലാം പ്രചാരണത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മറൈന്‍ഡ്രൈവില്‍ ചേരുന്ന മഹാറാലിക്കുള്ള തയ്യാറെടുപ്പുകള്‍ വിവിധ കമ്മിറ്റികള്‍ക്കു കീഴില്‍ പൂര്‍ത്തിയായതായി ജില്ലാകമ്മിറ്റി അറിയിച്ചു. ജില്ലയിലെ രണ്ടായിരത്തിലധികം ബ്രാഞ്ചുകളില്‍ ഇതുസംബന്ധിച്ച് യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടത്തി. ജാഥയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനുള്ള ചുവപ്പുസേനയുടെ പരിശീലനവും പൂര്‍ത്തിയായി. ജാഥ സ്വീകരണകേന്ദ്രത്തിലേക്ക് പ്രയാണമാരംഭിക്കുന്നതോടൊപ്പം മറൈന്‍ഡ്രൈവിലെ വേദിയില്‍ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. നാടന്‍പാട്ട് ഉള്‍പ്പെടെ വിവിധ ജനകീയ കലാപരിപാടികള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ജാഥാ സ്വീകരണത്തിന്റെ പ്രചാരണാര്‍ഥം രാജേന്ദ്രമൈതാനിയില്‍ നടത്തിയ പ്രതികരണസംഗമത്തില്‍ അറുപതോളം പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും മറൈന്‍ഡ്രൈവിലുണ്ടാകും. നൂറുകണക്കിനാളുകളെ ആകര്‍ഷിച്ച് നാണപ്പ ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ജാഥാ സ്വീകരണത്തോടനുബന്ധിച്ചാണ് ഇവിടേക്ക് മാറ്റുന്നത്.

വന്‍ വിജയമാക്കുക: എം വി ഗോവിന്ദന്‍

കൊച്ചി: സിപിഐ എം സമരസന്ദേശ ജാഥയ്ക്ക് എറണാകുളം നഗരത്തില്‍ നല്‍കുന്ന സ്വീകരണം ചരിത്രസംഭവമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. നാളുകള്‍ നീണ്ട തയ്യാറെടുപ്പില്‍നിന്ന് ആവേശം ഏറ്റുവാങ്ങി ഒരുലക്ഷം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകിട്ട് മറൈന്‍ ഡ്രൈവിലെ സ്വീകരണകേന്ദ്രത്തിലെത്തും. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായി. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വിവിധ ജാഥകള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും അഖിലേന്ത്യാ ജാഥ ആദ്യമാണ്. ഇത് മുന്‍കണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. സിപിഐ എമ്മിന്റെ പോരാട്ടത്തിനൊപ്പം ഇടതുപക്ഷ ശക്തികളുടെ യോജിച്ച പോരാട്ടത്തിനും കരുത്തുപകരുന്നതാകും ജാഥയുടെ സന്ദേശം. ജാഥാംഗങ്ങള്‍ക്കു പുറമെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാനത്തുനിന്നുള്ള പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങളും സെക്രട്ടറിയറ്റ് അംഗങ്ങളും സ്വീകരണത്തില്‍ പങ്കെടുക്കും.

ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍, രക്തസാക്ഷികുടുംബങ്ങളുടെ സംഗമം, വെണ്ണല ചങ്ങാതിക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവയും ഉണ്ടാകും. ജാഥയും സ്വീകരണവും വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി അംഗങ്ങളും അനുഭാവികളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച രാവിലെ ആലുവ റസ്റ്റ് ഹൗസില്‍നിന്ന് ജാഥ തൃശൂരിലേക്കു പുറപ്പെടും. കളമശേരി, പള്ളുരുത്തി, പറവൂര്‍, ആലുവ, നെടുമ്പാശേരി, അങ്കമാലി ഏരിയകളിലെ ചുവപ്പുവളന്റിയര്‍മാര്‍ ഇരുചക്രവാഹനങ്ങളില്‍ ജാഥയെ ജില്ലാ അതിര്‍ത്തിവരെ അനുധാവനംചെയ്യും.

deshabhimani

No comments:

Post a Comment