Tuesday, February 26, 2013

സപ്ലൈകോയില്‍ വീണ്ടും കൂട്ടസ്ഥലമാറ്റം; പിരിവിന് ഉദ്യോഗസ്ഥ ലോബി


അഴിമതിക്ക് കളമൊരുക്കി സിവില്‍ സപ്‌ളൈസ് കോര്‍പറേഷനില്‍ വീണ്ടും കൂട്ടസ്ഥലമാറ്റം. വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന പിരിച്ചുനല്‍കാനായി സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന സ്ഥലമാറ്റനാടകം ജീവനക്കാരില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്ന് ഡെപ്യുട്ടേഷനില്‍ സപ്ലൈകോയുടെ ഹെഡ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന  ഡി എസ് ഒ റാങ്കിലുള്ള ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് സ്ഥലമാറ്റത്തിനും നിയമനലേലത്തിനും കളമൊരുങ്ങിയിരിക്കുന്നത്.

സ്ഥലമാറ്റ ഭീഷണിയിലൂടെ ലക്ഷങ്ങള്‍ പിരിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പുതിയ സ്ഥലമാറ്റം ഉത്തരവുകളെന്ന് ആദ്യ ഉത്തരവ് ഇറങ്ങിയ തൊട്ടടുത്ത ദിവസം തന്നെ വ്യക്തമായി കഴിഞ്ഞു. സപ്ലൈകോയില്‍ തിരുവനന്തപുരം മേഖലയ്ക്ക് കീഴിലുള്ള 155 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനായിട്ടാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇവരില്‍  വന്‍ തുക നല്‍കുന്നവര്‍ക്കും ഉന്നതതല സ്വാധീനമുള്ളവര്‍ക്കും  ആവശ്യപ്പെടുന്ന തസ്തികയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും.

ആവശ്യപ്പെടുന്ന സ്ഥലത്തിനും തസ്തികയ്ക്കും അനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്.  എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് മേഖലകള്‍ക്ക് കീഴിലുള്ള ഡിപ്പോകളിലും ഔട്ടലെറ്റുകളിലും ആവശ്യത്തിന് ജീവനക്കാരില്ലെന്നും തിരുവനന്തപുരം മേഖല ഓഫീസിന് കീഴില്‍ ആവശ്യത്തിലധികം ആളുകളുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലമാറ്റങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മറ്റ് മേഖലാ ഓഫീസുകളില്‍ നിന്ന് വിഭിന്നമായ അവസ്ഥയിലല്ല തിരുവനന്തപുരം മേഖലയുടെ കീഴിലുള്ള സ്ഥാപനങ്ങളെന്നും ആവശ്യത്തിന് നിയമനങ്ങള്‍ നടത്താതെ   നിലവിലെ ഉദ്യോഗസ്ഥരില്‍ നിന്ന് പണം പിടുങ്ങാനുള്ള തന്ത്രമാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

ഇക്കാര്യത്തില്‍ സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കും പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. സപ്ലൈകോയില്‍ ഹെഡ് ഓഫീസില്‍ പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് കൈയില്‍ നിന്ന് മുതല്‍മുടക്കില്ലാതെ പ്രമോഷന്‍ നേടിയെടുക്കാനും ഇതുവഴി കഴിയുകയാണ്.

തിരുവനന്തപുരം മേഖലാ ഓഫീസില്‍ 18 പേരും ഔട്ട്‌ലെറ്റുകളില്‍ 137 ഉദ്യോഗസ്ഥരും അധികമായിട്ടുണ്ടെന്നും ഇവരെ കണ്ടെത്തി ഉടന്‍ കൊച്ചിയിലെ ഹെഡ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഈ മാസം 19ന് തിരുവനന്തപുരം മേഖലാ മാനേജര്‍ക്ക് നല്‍കിയ അടിയന്തര ഫാക്‌സ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം-32 , കോട്ടയം-40, പാലക്കാട്-64, കോഴിക്കോട്-44 എന്നിങ്ങനെ ജീവനക്കാരുടെ അപര്യാപ്തയുള്ളതായും വ്യക്തമാക്കിയിട്ടുണ്ട്.

 ഇതിന് പ്രകാരം 22ന് തന്നെ തിരുവനന്തപുരം മേഖലയിലെ 24 പേരെ സ്ഥലമാറ്റി കൊണ്ടും ഏഴ് അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തകിയിലുള്ളവരെ ജുനിയര്‍ അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം നല്‍കി കോട്ടയത്തേക്ക് സ്ഥലമാറ്റം നല്‍കി കൊണ്ടും ഉത്തരവായി. എന്നാല്‍ അധികമായി കണ്ടെത്തിയ സീനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലിചെയ്യുന്ന രണ്ട് പേരെ തിരുവനന്തപുരത്ത് തന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് 23ന് പുറത്തിറങ്ങുകയും ചെയ്തു. ഇത് സ്ഥലമാറ്റനീക്കം പ്രഹസനമാണെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയാണെന്നും തെളിയിക്കുകയാണ്.  കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് പണിമുടക്ക് ദിനത്തിലും എത്തി സ്ഥലമാറ്റത്തില്‍ നിന്ന് രക്ഷനേടിയവരും ഉണ്ട്. സ്ഥലമാറ്റ ഭീഷണി നിലനില്‍ക്കുന്നവര്‍ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിനേതാക്കളുടെ പിന്നാലെ ഓടിതുടങ്ങിയിരിക്കുകയാണ്.

നിലവില്‍ സപ്ലൈകോയ്ക്ക് കൊച്ചിയിലെ ഹെഡ് ഓഫീസും അഞ്ച്‌മേഖലാ ഓഫീസും 1500 ഓളം   ഔട്ട് ലെറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവടെയെല്ലാമായി സ്ഥിരം ജീവനക്കാരും ഡെപ്യുട്ടേഷന്‍ ജീവനക്കാരും ഉള്‍പ്പടെ 4200 ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ഒരു ഔട്ട് ലെറ്റില്‍ രണ്ട് ഉദ്യേസ്ഥര്‍ വീതവും ഡിപ്പോകളില്‍ പത്ത് ഉദ്യോഗസ്ഥര്‍ വീതവും വേണമെന്നാണ് കണക്ക്. എന്നാല്‍  ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാതെ ഉള്ളവരെ പിഴിയാനാണ് സപ്‌ളൈകോ മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നത്. പലരും ഉന്നത ശുപാര്‍ശയിലൂടെ നല്ലകേന്ദ്രങ്ങളിലേക്ക് നിയമനം തേടിപോകുന്നതും ജീവനക്കാരുടെ അസംതുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.

ഇത് പരിഹരിക്കാന്‍ നിയമനം നല്‍കുന്ന ജില്ലയില്‍ തന്നെ ഡെപ്യുട്ടേഷന്‍ നല്‍കുക എന്നിങ്ങനെയുളള നിയമന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയെന്നുമാണ് ജീവനക്കാരുടെ സംഘടകള്‍ ചൂണ്ടികാട്ടുന്നത്. സപ്ലൈകോയുടെ പുതിയ നീക്കത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

ജലീല്‍ അരൂക്കുറ്റി janayugom 260213

No comments:

Post a Comment